ഡോ. ഉണ്ണിക്കുട്ടന്‍ ഡി.
ഓര്‍ത്തോപീഡിക്
സര്‍ജന്‍
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം
ചെറിയ സുഷിരങ്ങളിലൂടെ നേര്‍ത്ത ക്യാമറ പ്രവേശിപ്പിച്ച് സന്ധികളുടെ ഉള്‍ഭാഗം (joint cavity) സ്‌ക്രീനില്‍ കണ്ട് ചെയ്യുന്ന ശസ്ത്രക്രിയയാണ് ആര്‍ത്രോസ്‌കോപ്പി. 'ആര്‍ത്രോ' എന്നത് സന്ധികളെയും, 'സ്‌കോപ്പി' എന്നത് ശരീരത്തിനുള്ളില്‍ കയറ്റാവുന്ന നേര്‍ത്ത ക്യാമറ ഉപയോഗിച്ചുള്ള സര്‍ജറികളെയും സൂചിപ്പിക്കുന്നു. ആര്‍ത്രോസ്‌കോപ്പി മൂലമുണ്ടാകുന്ന മുറിവുകള്‍ വളരെ ചെറുതായതിനാല്‍, ഇവയെ താക്കോല്‍ ദ്വാര ശസ്ത്രക്രിയ അഥവാ കീഹോള്‍ സര്‍ജറി എന്നും പൊതുവെ അറിയപ്പെടുന്നു.
ഗുണങ്ങള്‍
ഒരു ബട്ടണ്‍ ഹോളിന്റെ വലുപ്പത്തിലുള്ള ചെറിയ സുഷിരങ്ങളിലൂടെയാണ് ശസ്ത്രക്രിയയ്ക്ക് ആവശ്യമുള്ള കാമറയും ഉപകരണങ്ങളും കയറ്റിവിടുന്നത്. മുറിവുകളുടെ വലിപ്പം ചെറുതായതിനാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദനയും ബുദ്ധിമുട്ടുകളും താരതമ്യേന കുറവാണ്. ഓപ്പണ്‍ സര്‍ജറിയെ അപേക്ഷിച്ച് ഈ ശാസ്ത്രക്രിയാ രീതിയെ മികച്ചതാക്കുന്ന കാര്യം, എത്തിപ്പെടാന്‍ പ്രയാസകരമായ പല ദിശകളിലേക്കും കാഴ്ച എത്തിക്കുവാനും ഉപകരണങ്ങള്‍ കടത്തുവാനും അനായാസം സാധിക്കും എന്നതാണ്. സ്‌കാനിംഗിലും മറ്റും വ്യക്തമാകാത്ത പല പ്രശ്‌നങ്ങളും ആര്‍ത്രോസ്‌കോപ്പി വഴി കണ്ടുപിടിക്കുകയും അപ്പോള്‍ തന്നെ പരിഹരിക്കുകയും ചെയ്യാം.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">
ഏതൊക്കെ സര്‍ജറികള്‍
സന്ധികള്‍ക്കുള്ളിലെ സൂക്ഷ്മമായ ശസ്ത്രക്രിയകള്‍ക്ക് അനുയോജ്യമായ രീതിയാണ് ആര്‍ത്രോസ്‌കോപ്പി. പൊട്ടിയ ലിഗമെന്റുകള്‍ പുനര്‍നിര്‍മ്മിക്കുവാനും പരിക്ക് പറ്റിയ മറ്റു ഘടനകള്‍ യോജിപ്പിക്കുവാനുമുള്ള മികച്ച മാര്‍ഗ്ഗമാണ് ആര്‍ത്രോസ്‌കോപ്പി. ഇതു കൂടാതെ സന്ധികള്‍ക്കുള്ളില്‍ നിന്ന് ബയോപ്സി എടുക്കുവാനും ചെറിയ ട്യൂമറുകള്‍ നീക്കം ചെയ്യുവാനും ആര്‍ത്രോസ്‌കോപ്പി പ്രയോജനകരമാണ്. സന്ധിയുടെ അനക്കം തടസ്സപ്പെടുത്തുന്ന ലൂസ് ബോഡി, സൈനോവിയത്തിന്റെ അമിതവളര്‍ച്ച എന്നിവ നീക്കം ചെയ്യാനും ഈ രീതി ഉപയോഗിക്കാം.
തരുണാസ്ഥിയില്‍ (cartilage) രൂപപ്പെടുന്ന ചെറിയ തേയ്മാനങ്ങള്‍ക്കും പരുക്കുകള്‍ക്കും അര്‍ത്രോസ്‌കോപ്പി ഉപയോഗിച്ചുള്ള പരിഹാരമാര്‍ഗ്ഗങ്ങളുണ്ട്. കൂടാതെ സന്ധികളോട് ചേര്‍ന്ന സിസ്റ്റുകള്‍ നീക്കം ചെയ്യാനും പഴുപ്പ് കഴുകി കളയുവാനും ഈ ശസ്ത്രക്രിയാരീതി ഉപയോഗിച്ചുവരുന്നു.
ഏതൊക്കെ സന്ധികളില്‍?
കാല്‍മുട്ടിലും തോളിലും ആണ് ആര്‍ത്രോസ്‌കോപ്പി വിപുലമായി ഉപയോഗിക്കാറുള്ളത്. ഈ രണ്ടു സന്ധികളിലും കാവിറ്റികള്‍ താരതമ്യേന കൂടുതല്‍ വ്യാപ്തിയുള്ളതിനാല്‍ കാമറയും മറ്റ് ഉപകരണങ്ങളും കയറ്റുവാന്‍ എളുപ്പമാണ്. സ്‌പോര്‍ട്‌സിലും മറ്റു അപകടങ്ങളിലും പരിക്കുകള്‍ കൂടുതലായി സംഭവിക്കുന്നതും ഈ രണ്ട് സന്ധികളിലാണ്. തോളിലെ കീറിയ റോട്ടേറ്റര്‍ കഫ് കൂട്ടി യോജിപ്പിക്കുവാനും ഇടയ്ക്കിടെ കുഴ തെറ്റുന്നത്തിനുള്ള ശസ്ത്രക്രിയയ്ക്കും കാല്‍മുട്ടില്‍ എസിഎല്‍, പിസിഎല്‍ മുതലായ ലിഗമെന്റുകള്‍ പുനര്‍നിര്‍മ്മിക്കുവാനും മെനിസ്‌കസ് തയ്ക്കുവാനും ആണ് ആര്‍ത്രോസ്‌കോപ്പി കൂടുതലായി ഉപയോഗിക്കുന്നത്. ഇടുപ്പ്, കണങ്കൈ, കണങ്കാല്‍ മുതലായ ചെറുതും വലുതുമായ മറ്റ് പല സന്ധികളിലും ആര്‍ത്രസ്‌കോപ്പി ഉപയോഗിച്ചുള്ള ശസ്ത്രക്രിയകള്‍ സാധ്യമാണ്.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">