പതിവായി വെളുത്തുള്ളിച്ചായ കുടിക്കാം; തടയാം ഈ രോഗങ്ങളെ...

വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്റി ഓക്സിഡന്റുകള്‍ വെളുത്തുള്ളിയിലുണ്ട്.

author-image
Greeshma Rakesh
New Update
പതിവായി വെളുത്തുള്ളിച്ചായ കുടിക്കാം; തടയാം ഈ രോഗങ്ങളെ...

 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്റി ഓക്സിഡന്റുകള്‍ വെളുത്തുള്ളിയിലുണ്ട്. വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പോലെ തന്നെ വെളുത്തുള്ളിച്ചായ കുടിക്കുന്നതും ഏറെ നല്ലതാണ്.

ഇതിനായി മൂന്നോ നാലോ അല്ലി വെളുത്തുള്ളി അരിഞ്ഞ ശേഷം മൂന്ന് കപ്പ് വെള്ളത്തിലേയ്ക്ക് ചേര്‍ക്കാം. ശേഷം തിളയ്ക്കുമ്പോള്‍ അല്‍പം തേയില ചേര്‍ത്ത് വാങ്ങിവയ്ക്കാം. മധുരത്തിന് പഞ്ചസാര ചേര്‍ക്കുന്നതിന് പകരം അല്പം തേന്‍ ചേര്‍ക്കുന്നതാണ് നല്ലത്. ആവശ്യമെങ്കില്‍ അല്‍പം നാരങ്ങാനീരോ ഇഞ്ചിയോ ഒക്കെ ചേര്‍ക്കുന്നത് രുചി കൂട്ടാന്‍ സഹായിക്കും.

വെളുത്തുള്ളിച്ചായയുടെ ഗുണങ്ങള്‍...

ഒന്ന്...

നിങ്ങള്‍ക്ക് രോഗപ്രതിരോധശേഷി കുറവാണോ? എപ്പോഴും തുമ്മലും ജലദോഷവുമാണോ? എങ്കില്‍, വെളുത്തുള്ളിച്ചായ കുടിക്കുന്നത് നല്ലതാണ്.
ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങളുള്ളതാണ് വെളുത്തുള്ളി. അതിനാല്‍ ബാക്ടീരിയകളോടും വൈറസിനോടും മറ്റ് രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിച്ചായ സഹായിക്കും. കൂടാതെ വിറ്റാമിന്‍ സി അടങ്ങിയ വെളുത്തുള്ളിച്ചായ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

രണ്ട്...

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും വെളുത്തുള്ളി ചായ കുടിക്കാം.

മൂന്ന്...

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും വെളുത്തുള്ളിച്ചായ സഹായിക്കും. ഇതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇത് ദിവസവും കുടിക്കാം.

നാല്...

ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ വെളുത്തുള്ളിച്ചായ ദിവസവും കുടിക്കുന്നത് നല്ലതാണ്.

അഞ്ച്...

പതിവായി വെളുത്തുള്ളിച്ചായ കുടിക്കുന്നത് ദഹനക്കേടിനെ തടയാനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനം എളുപ്പമാക്കാനും സഹായിക്കും.

ആറ്...

വണ്ണം കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വെളുത്തുള്ളിച്ചായ കുടിക്കാം.

ഏഴ്...

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളിച്ചായ കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

foods Health News benefits Garlic Tea