ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വൈറ്റമിനുകളും ലഭിച്ചാല്‍ മാത്രമേ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കൂ. വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ നമ്മുടെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തേണ്ടതിനെക്കുറിച്ച് വിദഗ്ധര്‍ പറയുന്നു.
അതില്‍ തന്നെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ഉന്മേഷമേകാനും ജ്യൂസുകള്‍ ഏറെ ഗുണം ചെയ്യും.അതെസമയം പ്രമേഹം അകറ്റാനും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്ന ഗ്രീന്‍ ജ്യൂസുകള്‍ ഉണ്ട് അവ ഏതെല്ലാമെന്നു നോക്കാം.
- സ്പിനാച്ച് ജ്യൂസ്
സ്പിനാച്ച് അഥവാ പച്ചച്ചീരയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. അയണ്‍ ധാരാളം ഉള്ളതിനാല്‍ വിളര്‍ച്ച തടയുന്നു. ല്യൂട്ടിന്‍ അടങ്ങിയതിനാല്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ തടയുന്നു. ദഹനം സാവധാനത്തിലാക്കുന്നു. ഇത് ശരീരത്തില്‍ ഷുഗര്‍ വളരെ പെട്ടെന്ന് വിഘടിക്കുന്നതിനെ തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
- കറ്റാര്‍വാഴ ജ്യൂസ്
ഔഷധഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് കറ്റാര്‍വാഴ. വൈറ്റമിന്‍ സി, ഇ എന്നീ ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ചതാണ് ഇത്. ഓക്‌സീകരണസമ്മര്‍ദം കുറച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് സീറം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.
- ചുരയ്ക്ക ജ്യൂസ്
പോഷകങ്ങളാല്‍ സമ്പന്നമാണ് ചുരയ്ക്ക. ഹൃദയാരോഗ്യത്തിനു മികച്ചത്. ജലാംശവും നാരുകളും ധാരാളം അടങ്ങിയ ചുരയ്ക്ക പ്രമേഹരോഗികള്‍ക്കും നല്ലതാണ്. ഇതിന് ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്. അതുകൊണ്ടു തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെ പ്രമേഹം നിയന്ത്രിക്കുന്നു.
- മുരിങ്ങക്ക ജ്യൂസ്
ആരോഗ്യകരമായ ജീവിതശൈലിക്ക് മികച്ച ഒന്നാണിത്. പല പ്രധാനപോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളെ പ്രതിരോധിക്കുന്നു. മുരിങ്ങക്ക ജ്യൂസിലടങ്ങിയ ബയോ ആക്ടീവ് വസ്തുക്കള്‍ പ്രമേഹത്തെ പ്രതിരോധിക്കുന്നു. ആന്റിഓക്‌സിഡന്റുകളായ ഫ്‌ലവനോയ്ഡുകള്‍, ഫിനോലിക് സംയുക്തങ്ങള്‍, വൈറ്റമിന്‍സി ഇവ മുരിങ്ങക്ക ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സീകരണ സമ്മര്‍ദവും ഇന്‍ഫ്‌ലമേഷനും തടയുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.
- പാവയ്ക്ക ജ്യൂസ്
കയ്പ്പുണ്ട് എന്നതൊഴിച്ചാല്‍ ആരോഗ്യത്തിന് വളരെ മികച്ച ഒന്നാണ് പാവയ്ക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഉള്ള കഴിവും പാവയ്ക്ക ജ്യൂസിനുണ്ട്. പോളിപെപ്‌റ്റൈഡ് പി അഥവാ പി- ഇന്‍സുലിന്‍ എന്ന ഇന്‍സുലിന്‍ പോലുളള സംയുക്തം ഇതിലുണ്ട്. ഇത് പ്രമേഹത്തെ സ്വാഭാവികമായി കുറയ്ക്കുന്നു.