പാമ്പിന്റെ വിഷമേറ്റ് വന്യമൃഗങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ജീവൻ നഷ്ടമാകുന്നത് പതിവാണ്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഒരു വീഡിയോ വൈറലാവുകയാണ്. ആ വീഡിയോ കണ്ടാൽ നമ്മുടെ കാഴ്ചപ്പാടെ മാറും. പത്തിയുയർത്തി നിൽക്കുന്ന ഒരു മൂർഖനും പശുവുമാണ് വീഡിയോയിലുള്ളത്. പാമ്പിനെ കണ്ട് ഭയപ്പെടാത്ത പശുവും പശുവിനെ ഉപദ്രവിക്കാൻ മുതിരാത്ത പാമ്പും കാഴ്ചക്കാരിൽ ഏറെ കൗതുകമുണർത്തുന്നുണ്ട്. ഇരുജീവികളും തമ്മിലുള്ള കൂടിക്കാഴ്ച ഒട്ടുനേരത്തേക്ക് പരിഭ്രമം ജനിപ്പിക്കുമെങ്കിലും ആശ്വാസത്തിന്റെ കുളിർമയാണ് ദൃശ്യം പകരുന്നത്.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററി ലൂടെ ഷെയർ ചെയ്ത 17 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ്. പങ്കുവെച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ മൂന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 'വിശദീകരിക്കാനാവില്ല, നിർമലമായ സ്‌നേഹത്തിലൂടെ നേടിയ വിശ്വാസമാണിത്' എന്ന കുറിപ്പാണ് വീഡിയോയ്‌ക്കൊപ്പം സുശാന്ത നന്ദ നൽകിയിരിക്കുന്നത്.
വീഡിയോയ്ക്ക് നിരവധി റിപ്ലേകളാണ് ലഭിക്കുന്നത്. സങ്കീർണതയാർന്നതാണ് പ്രകൃതിയെന്നും അനുഭവങ്ങളിലൂടെ മാത്രമേ പ്രകൃതിയെ മനസിലാക്കാനാകൂവെന്നും ഒരാൾ പറയുന്നു. ഭൂമിയിലെ മറ്റു ജീവികളിൽ നിന്ന് മനുഷ്യർ പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ടെന്ന് മറ്റൊരാൾ കുറിച്ചു. എന്നാൽ ഈ വീഡിയോ കൃത്രിമമായി നിർമിച്ചതാണെന്നും വീഡിയോയുടെ ആധികാരികതയെ കുറിച്ച് സംശയമുണ്ടെന്നും പറയുന്നവരുമുണ്ട്.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">