വളരെ സുന്ദരമായ നഗരമാണ് ഡുബ്രോവ്‌നിക്. അവിടെ എപ്പോഴും വിനോദസഞ്ചാരികളുണ്ടാവും. വര്‍ഷം തോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന നഗരത്തിലെ പുതിയ പരിഷ്‌കരണം ശരിക്കും ആളുകളെ ഞെട്ടിച്ചിരിക്കുയാണ്. ഡുബ്രോവ്‌നിക് നഗരം ട്രോളി ബാഗുകള്‍ നിരോധിച്ചിരിക്കുകയാണ്.
നഗരത്തിലെ മേയര്‍ മാറ്റോ ഫ്രാങ്കോവിക് തികച്ചും വ്യത്യസ്തം എന്ന് തോന്നുന്ന ഒരു നിയമം കൊണ്ടുവന്നതിന് പിന്നില്‍ കൃത്യമായ കാരണം തന്നെയുണ്ട്. ഇവിടുത്തെ നഗരവീഥികളെല്ലാം കല്ലു പാകിയതാണ്. ഇവിടുത്തെ നിവാസികള്‍ പറയുന്നത് വിനോദസഞ്ചാരികള്‍ കൊണ്ടുവരുന്ന ട്രോളി ബാഗുകളുടെ വീലുകള്‍ ഉരുളുന്ന ഒച്ച കാരണം രാവും പകലും ഇവിടെ ശബ്ദമലിനീകരണം ആണെന്നാണ്. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് ശരിയായ രീതിയില്‍ ഒന്ന് ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല എന്നും നഗരവാസികള്‍ വ്യക്തമാക്കി.
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ നിയമം നഗരത്തില്‍ നടപ്പിലാക്കിയിരിക്കുന്നത്. ആരെങ്കിലും ട്രോളി ബാഗുമായി പോയാല്‍ പിഴയായി ഒടുക്കേണ്ടി വരുന്ന തുകയും ചെറുതല്ല, ഏകദേശം 23630 രൂപയാണ് പിഴയിനത്തില്‍ അടക്കേണ്ടി വരിക. അതുകൊണ്ട്, അങ്ങോട്ട് പെട്ടിയൊരുക്കുന്നവരുണ്ടെങ്കില്‍ ട്രോളി ബാഗുകള്‍ ഒഴിവാക്കിയേക്കൂ.