ജീവന്റെ നിലനില്‍പ്പിന് രക്ഷാകവചമായി നിലകൊള്ളുന്നവയാണ് ഓസോണ്‍പാളി. നശീകരണ പ്രവര്‍ത്തനങ്ങളിലൂടെ അവയെ തകര്‍ക്കുന്ന രീതിക്ക് വരും തലമുറയ്ക്ക് വലിയ വില കൊടുക്കേണ്ടിവരും. ഓരോ വര്‍ഷവും സെപ്റ്റംബര്‍ 16ന് ലോക ഓസോണ്‍ദിനം എത്തുമ്പോള്‍ മാത്രമാണ് മനുഷ്യര്‍ അവയെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുക്കളാകുന്നത്. എന്നാല്‍ ജീവന്റെ നിലനില്‍പ്പിന് ഓരോ നിമിഷവും അവ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ കടമായാണ്.
നിര്‍ഭാഗ്യവശാല്‍ ഇന്ന് പ്ലാസ്റ്റിക്കുകള്‍ കത്തിക്കുന്നതുള്‍പ്പെടെയുള്ള വിവിധ കാര്യങ്ങള്‍ക്കൊണ്ട് അവയ്ക്ക് ഭീഷണി തീര്‍ക്കുകയാണ് മനുഷ്യര്‍.
ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വ്വേയിലെ ഗവേഷകരായ ജോയ് ഫാര്‍മാന്‍, ബ്രിയാന്‍ ഗാര്‍ഡിനര്‍, ജൊനാഥന്‍ ഷാങ്ക്‌ലിന്‍ എന്നീ ശാസ്ത്രജ്ഞരാണ് ഭൂമിയുടെ രക്ഷാകവചം തുളഞ്ഞു കൊണ്ടിരിക്കുകയാണെന്ന സത്യം ആദ്യം തിരിച്ചറിഞ്ഞത്.
സ്ട്രാറ്റോസ്ഫിയര്‍ എന്ന അന്തരീക്ഷ പാളിയില്‍ അസ്വാഭാവികമായത് എന്തൊക്കെയോ സംഭവിക്കുന്നു എന്ന സംശയം 1970- കള്‍ മുതല്‍ തന്നെ ശാസ്ത്രജ്ഞര്‍ക്കുണ്ടായിരുന്നു. 1980-കളുടെ മദ്ധ്യത്തില്‍ വിഖ്യാത ശാസ്ത്ര മാസികയായ നേച്ചറില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗവേഷണ റിപ്പോര്‍ട്ട് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അന്റാര്‍ട്ടിക്കിന് മുകളില്‍ ഓസോണ്‍ പാളിക്ക് ശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നതായിരുന്നു ആ റിപ്പോര്‍ട്ട്.
മൂന്ന് ഓക്‌സിജന്‍ ആറ്റങ്ങള്‍ ചേര്‍ന്ന് ഉണ്ടാകുന്ന ഒരു തന്‍മാത്ര, അതാണ് ഓസോണ്‍. ഓക്‌സിജന്റെ സഹോദരനാണ് ഓസോണ്‍ എന്ന് പറയാം. സൂര്യരശ്മികളേറ്റ് ചില ഓക്‌സിജന്‍ തന്‍മാത്രകള്‍ രണ്ടായി വിഭജിക്കപ്പെടുന്നു. ഇവയോരോന്നും തൊട്ടടുത്തുള്ള മറ്റൊരു ഓക്‌സിജനുമായി കൂടിച്ചേര്‍ന്നാണ് ഓസോണ്‍ എന്ന വാതക തന്‍മാത്ര ഉണ്ടാകുന്നത്.
പ്രത്യേക ഗന്ധമുള്ള വാതകമാണ് ഓസോണ്‍. ഡച്ച് കെമിസ്റ്റായ മാര്‍ട്ടിനസ് വാന്‍ മാറം 1785ല്‍ നടത്തിയ ഇലക്ട്രിക്കല്‍ പരീക്ഷണത്തിലാണ് ആദ്യമായി ഓസോണിനെ തിരിച്ചറിഞ്ഞത്. ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക് ശേഷം 1839ല്‍ ക്രിസ്റ്റ്യന്‍ ഫ്രെഡറിക് ഷോണ്‍ബീന്‍ എന്ന ശാസ്ത്രജ്ഞന്‍ ഈ വാതകത്തെ വേര്‍തിരിച്ചെടുത്ത് ഓസോണ്‍ എന്ന് പേരുനല്‍കി.
നമ്മുടെ ചുറ്റിലുമുള്ള വായുവില്‍ ഓസോണിന്റെ സാന്നിധ്യം ആരോഗ്യത്തിന് വളരെ നല്ലതാണെന്നായിരുന്നു ആദ്യകാലത്ത് ശാസ്ത്രജ്ഞര്‍ വിചാരിച്ചിരുന്നത്. പിന്നീട് ഇത് ശരിയല്ലെന്ന് തെളിഞ്ഞു. ഓസോണ്‍ കലര്‍ന്ന വായു ശ്വസിക്കുന്നത് പലതരം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തി. എന്നാല്‍ അന്തരീക്ഷത്തിലെ മുകള്‍ പാളിയിലുള്ള ഓസോണ്‍ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് ഒരു സംരക്ഷണക്കുടയായി പ്രവര്‍ത്തിക്കുന്നുവെന്ന് ശാസ്ത്രം പിന്നീട് കണ്ടെത്തി.
ഭൗമാന്തരീക്ഷത്തെ പ്രധാനമായും നാലു പാളികളായി തരം തിരിച്ചിരിക്കുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും ശരാശരി 12 കിലോമീറ്റര്‍ വരെയുള്ള ഭാഗത്തെ ട്രോപ്പോസ്ഫിയര്‍ എന്നും, 12 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെയുള്ള ഭാഗം സ്ട്രാറ്റോസ്ഫിയര്‍ എന്നും, 50 കിലോമീറ്റര്‍ മുതല്‍ 80 കിലോമീറ്റര്‍ വരെ വ്യാപിച്ചുകിടക്കുന്ന പാളിയെ മീസോസ്ഫിയര്‍ എന്നും അതിനും മുകളിലോട്ട് വ്യാപിച്ചുകിടക്കുന്ന ഭാഗം പൊതുവില്‍ തെര്‍മ്മോസ്ഫിയര്‍ എന്നും അറിയപ്പെടുന്നു.
ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് അനുകൂല സ്ഥിതി ഉണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നത് സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണ്‍ വാതകമാണ്. ഉദ്ദേശം 25 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെയുള്ള ഈ ഭാഗം 'ഓസോണോസ്ഫിയര്‍' എന്ന പേരില്‍ അറിയപ്പെടുന്നു. ഉദ്ദേശം 3.2 നാനോമീറ്റര്‍ മാത്രം കനമുളള, രൂക്ഷഗന്ധമുള്ള, മങ്ങിയ നീല നിറത്തിലുളള, മനുഷ്യന് നേരിട്ട് ശ്വസിക്കാന്‍ അനുയോജ്യമല്ലാത്ത ഓസോണ്‍ വാതകം 0. 001 ശതമാനം മാത്രമാണ് അന്തരീക്ഷത്തിലുളളത്. മണക്കാനുള്ളത് എന്നര്‍ത്ഥം വരുന്ന ഓസീന്‍ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഓസോണ്‍ എന്ന പദത്തിന്റെ ഉത്ഭവം.
ഈ നേര്‍ത്ത വാതക പാളിയാണ് അന്തരീക്ഷ പടലത്തില്‍ ഒരു പുതപ്പ് പോലെ ചുറ്റി നിന്ന് സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാവയലറ്റ് ഉള്‍പ്പെടെയുളള വിഷരശ്മികളെ അരിച്ചുമാറ്റി മനുഷ്യനേയും, മറ്റു ജീവജാലങ്ങളേയും സംരക്ഷിച്ചു നിര്‍ത്തുന്നത്.അന്തരീക്ഷത്തിലെ പാളികളിലൊന്നായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോണ്‍ വാതകത്തിന്റെ സാന്നിധ്യം ഏറ്റവും കൂടുതലുള്ളത്.
അതായത് ഭൂമിയില്‍നിന്ന് പത്തുമുതല്‍ 40 വരെ കിലോമീറ്റര്‍ ഉയരത്തില്‍. ഭൂമിയുടെ മൊത്തം അന്തരീക്ഷമെടുത്താല്‍ സ്ട്രാറ്റോസ്ഫിയറിലെ ഓസോണിന്റെ അളവ് ഏറെക്കുറേ സ്ഥിരമാണെങ്കിലും ഓരോ വര്‍ഷവും ഓരോ പ്രദേശത്ത് ഇതിന്റെ അളവ് വ്യത്യാസപ്പെടാം. അന്തരീക്ഷത്തിന്റെ പാളികളെ തുളച്ച് ഭൂമിയിലേക്ക് പതിക്കാന്‍ കുതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളെ ഈ ഓസോണ്‍ പാളികള്‍ തടഞ്ഞുനിര്‍ത്തുന്നു.
ത്വക്കിലെ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളില്‍ നിന്നാണ് ഇതുവഴി ഓസോണ്‍ നമ്മളെ രക്ഷിക്കുന്നത്. ഏകദേശം 300 കോടി മെട്രിക് ടണ്‍ ഓസോണ്‍ ഭൂമിയുടെ അന്തരീക്ഷത്തിലുണ്ട്. ആകെയുള്ള അന്തരീക്ഷ വാതകങ്ങളുടെ ഏതാണ്ട് 0.00006 ശതമാനം മാത്രം. മൂന്ന് മില്ലീമീറ്റര്‍ കനം മാത്രമുള്ള ഈ വാതകപാളി പക്ഷേ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് ചെയ്യുന്ന സഹായം വളരെ വലുതാണ്.
മനുഷ്യനില്‍ മാരകങ്ങളായ രോഗങ്ങളാണ് അള്‍ട്രാവയലറ്റ് രശ്മികളുടെ വര്‍ധനമൂലം ഉണ്ടാവുക. നേത്രരോഗങ്ങള്‍, വിവിധ തരം ത്വക് രോഗങ്ങള്‍, കാന്‍സര്‍, ജനിതക രോഗങ്ങള്‍, അലര്‍ജികള്‍ എന്നിവയും കാലാവസ്ഥ വ്യതിയാനം മൂലം സാംക്രമിക രോഗങ്ങളും വര്‍ധിക്കും. പുത്തന്‍ മഹാമാരികള്‍ക്ക് പിന്നിലും ഒരുപക്ഷേ കാലാവസ്ഥ വ്യതിയാനമാവാം.
പ്രകാശസംശ്ലേഷണം, പുഷ്പിക്കല്‍, പരാഗണം എന്നിവയെ ബാധിക്കുന്നതിനാല്‍ ചെടികളുടെ സര്‍വനാശത്തിന് കാരണമാകും. മുഖ്യ ഭക്ഷ്യവിളകളായ ഗോതമ്പ്, നെല്ല്, ചോളം എന്നിവയെ വലിയ തോതില്‍ ബാധിക്കുന്നതിനാല്‍ ഭക്ഷ്യപ്രതിസന്ധിയിലേക്ക് ലോകം കൂപ്പുകുത്തും. ഒരു ശതമാനം അള്‍ട്രാവയലറ്റിന്റെ വര്‍ധനവ് ഭക്ഷ്യോല്പാദനത്തില്‍ 10 ശതമാനത്തിന്റെ കുറവുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.
അനന്തരഫലം ഭക്ഷ്യക്ഷാമവും, ദാരിദ്ര്യവും, സംഘര്‍ഷങ്ങളുമായിരിക്കും. ആഗോളതാപനം മൂലം മഞ്ഞുമലകള്‍ ഉരുകാനും സമുദ്രജലവിതാനം കുത്തനെ ഉയര്‍ന്ന് താഴ്ന്ന പ്രദേശങ്ങളെ വിഴുങ്ങാനും കാലമേറെ വേണ്ടി വരില്ല. സമുദ്രതാപനം വര്‍ധിക്കുന്നതു മൂലം സമുദ്രോപരി തലത്തിലെ ചെറുസസ്യങ്ങളും ജീവികളും നശിക്കുകയും ആവാസവ്യവസ്ഥ തന്നെ തകരുകയും ചെയ്യുമെന്നതിനാല്‍ മത്സ്യ ഉല്പാദനം ഗണ്യമായി കുറയും. ഇങ്ങനെ നാനാവിധത്തില്‍ അള്‍ട്രാവയലറ്റ് വിഷരശ്മികള്‍ ഭൂമിയെ നാശോന്മുഖമാക്കും.
ഓസോണ്‍ പാളിയുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്ന വില്ലന്‍ വാതകങ്ങളാണ് ക്ലോറോഫ്ളൂറോ കാര്‍ബണുകള്‍. റഫ്രിജറന്റുകള്‍ അടക്കമുളള പല ഉപകരണങ്ങളിലും ഇവ ഉപയോഗിച്ചിരുന്നു. പിന്നീട് ഇവയില്‍ പലതും നിരോധിക്കുകയോ ഉപയോഗത്തില്‍ കുറവുവരുത്തുകയോ ചെയ്തു. ഈ വാതകങ്ങളില്‍നിന്ന് അന്തരീക്ഷത്തിലെത്തുന്ന ക്ലോറിന്‍ തന്‍മാത്രകള്‍ക്ക് ഓസോണിനെ വിഘടിപ്പിക്കാന്‍ ശേഷിയുണ്ട്.
ഓരോ ക്ലോറിന്‍ ആറ്റവും അന്തരീക്ഷത്തില്‍ തങ്ങിനിന്ന് ആയിരക്കണക്കിന് ഓസോണ്‍ തന്‍മാത്രകളെ വിഘടിപ്പിക്കുമത്രേ. ഓസോണിനെ നശിപ്പിക്കുന്ന ഇവയുടെ സാന്നിധ്യം അന്തരീക്ഷത്തില്‍ കുറയ്ക്കാതെ മുന്നോട്ടു പോയാല്‍ മാനവരാശിയുടെ നിലനില്‍പിനെത്തന്നെ ബാധിക്കുമെന്ന് ബോധ്യമായതോടെയാണ് ഇവയെ പ്രതിരോധിക്കാനും ഇവയ്ക്കെതിരേ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ലോകരാഷ്ട്രങ്ങള്‍ തീരുമാനമെടുക്കുന്നത്.
ക്ലോറോ ഫ്ളൂറോ കാര്‍ബണുകളെ കൂടാതെ ഹാലോണുകള്‍, മീഥൈല്‍ ക്ലോറോഫോം, കാര്‍ബണ്‍ ടെട്രാ ക്ലോറൈഡ്, ഹൈഡ്രോക്ലോറോഫ്ളൂറോ കാര്‍ബണുകള്‍, ഹൈഡ്രോബ്രോമോഫ്ളൂറോകാര്‍ബണുകള്‍ എന്നിവയും ഓസോണ്‍ അന്തകരാണ്.ഓസോണ്‍ പാളിയില്‍ വിള്ളലുകള്‍ കണ്ടെത്തിയതോടെയാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ സംരക്ഷണ നടപടികള്‍ക്ക് തുടക്കമായത്.
1987 സെപ്റ്റംബര്‍ 16ന് യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാമിന്റെ (യു.എന്‍.ഇ.പി) നേതൃത്വത്തില്‍ 24 രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് മോണ്‍ട്രിയല്‍ പ്രോട്ടക്കോള്‍ എന്ന ഉടമ്പടി രൂപീകരിച്ചു. ഇന്ന് 197 രാജ്യങ്ങള്‍ അംഗീകരിച്ച് നടപ്പില്‍ വരുത്തുന്ന ഉടമ്പടിയായി ഇത് വളര്‍ന്നു. രാജ്യാന്തര തലത്തില്‍ അംഗീകാരം നേടുകയും വ്യാപകമായി നടപ്പില്‍ വരുത്തുകയും ചെയ്ത ആദ്യ കരാര്‍ കൂടിയായി മാറി മോണ്‍ട്രിയല്‍ പ്രോട്ടക്കോള്‍.
മിക്കവാറും രാജ്യങ്ങളെല്ലാം തന്നെ ഈ കരാറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തി. സി.എഫ്.സി. ഉല്‍പാദം കുറയ്ക്കാന്‍ എല്ലാവരും നടപടികളെടുത്തു. ഓസോണിനെ നശിപ്പിക്കുന്ന നൂറോളം രാസവസ്തുക്കള്‍ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനും ശ്രമിച്ചു. 1987ല്‍ ആഗോളതലത്തില്‍ 1.8 ദശലക്ഷം ടണ്‍ ആയിരുന്നു ഈ രാസവസ്തുക്കളുടെ ഉത്പാദനം. എന്നാല്‍ ഇന്നത് 40,000 ടണ്‍ ആയി കുറയ്ക്കാന്‍ ഈ നടപടികള്‍ക്ക് കഴിഞ്ഞു.
1998നു ശേഷം ഓസോണ്‍ പാളിയുടെ കനത്തില്‍ കാര്യമായ പുരോഗതി ഉണ്ടെന്നാണു കണ്ടെത്തല്‍. 2060 ആകുന്നതോടെ ഓസോണ്‍ പാളി 1980 കളുടെ മുന്‍പുള്ള അവസ്ഥയിലേക്കു തിരിച്ചെത്തുമെന്നും ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.ഓസോണ്‍ പാളീക്ഷയത്തിനു കാരണമായിട്ടുള്ള വസ്തുക്കളുടെ ഉല്പാദനവും ഉപയോഗവും ഘട്ടം ഘട്ടമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പ്രോട്ടക്കോളില്‍ ഇത്തരം വസ്തുക്കളുടെ ആഗോള ഉപഭോഗത്തിന്റെ 90 ശതമാനത്തെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രങ്ങളും പങ്കാളികളായി എന്നതാണ് എടുത്തു പറയേണ്ട കാര്യം.
ശാസ്ത്ര സമൂഹവും രാഷ്ട്ര ഭരണ നേതൃത്വങ്ങളും ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ഒരേ മനസ്സോടെ മാനവരാശിയെ സംബന്ധിക്കുന്ന ആഗോള മാനമുള്ള ഒരു പ്രശ്‌നത്തില്‍ ഐക്യപ്പെട്ടതിന്റെ ഒരേ ഒരു അനുഭവമായി ഇതിനെ കാണാം.എല്ലാ വര്‍ഷവും സെപ്റ്റംബര്‍-16 നാണ് നമ്മള്‍ ഓസോണ്‍ ദിനമായി ആചരിക്കുന്നത്. ഓസോണ്‍ പാളിയെ സംരക്ഷിക്കാനുള്ള മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ ലോകരാജ്യങ്ങള്‍ 1987 സെപ്റ്റംബര്‍ 16-ന് ഒപ്പുവച്ചതിന്റെ സ്മരണയ്ക്കായാണ് ഈ ദിവസം ഓസോണ്‍ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭ സെപ്റ്റംബര്‍ 16 ഓസോണ്‍പാളിയെ സംരക്ഷിക്കാനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത് 1994-ലാണ്.
1997 ല്‍ ജപ്പാനിലെ ക്യോട്ടോവില്‍ വച്ച് നടന്ന ലോക ശാസ്ത്ര കോണ്‍ഗ്രസ് തീരുമാനപ്രകാരം കാര്‍ബണ്‍ഡയോക്‌സൈഡ് ഉള്‍പ്പെടെയുളള ഹരിതഗൃഹ വാതകങ്ങളുടെ ഉല്പാദനം കുറയ്ക്കാന്‍ യുഎന്‍ ലക്ഷ്യം വെച്ചു. മിക്ക രാജ്യങ്ങളും ഇത് മുഖവിലയ്‌ക്കെടുത്ത് പ്രവര്‍ത്തിച്ചതിന്റെ ഫലമായി ക്ലോറോ ഫ്‌ലൂറോ കാര്‍ബണ്‍ ഉള്‍പ്പെടെയുളള ഹരിതഗൃഹ വാതകങ്ങള്‍ പുറം തളളുന്നതിന്റെ തോത് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.
2009 ഓടുകൂടി പ്രോട്ടക്കോള്‍ പ്രകാരമുള്ള 98 ശതമാനം രാസവസ്തുക്കളുടെയും ഉപഭോഗം പൂര്‍ണമായും കുറച്ചു കൊണ്ടു വന്നു. അടുത്ത കാലത്ത് നടന്ന പഠനങ്ങളില്‍ അന്തരീക്ഷത്തിലെ ഓസോണ്‍ പാളീക്ഷയകാരികളുടെ അളവില്‍ വലിയ കുറവു വന്നതായി കണ്ടെത്തുകയുണ്ടായി. ഇതിന്റെ ഫലമായി 250 ദശലക്ഷത്തിലധികം ചര്‍മ ക്യാന്‍സര്‍ രോഗങ്ങളും 50 ദശലക്ഷത്തോളം തിമിര രോഗങ്ങളും ഭീമമായ കാര്‍ഷിക ഉല്പാദന പ്രതിസന്ധികളും ഒഴിവാക്കാന്‍ സാധിച്ചു എന്നാണ് കണക്കാക്കുന്നത്.