തുറമുഖത്തിലെ വെള്ളത്തിന് ചോരനിറം; കാരണം ബിയര്‍ ഫാക്ടറി

ജപ്പാനിലെ ഒക്കിനാവാ തുറമുഖത്തെ വെള്ളത്തില്‍ ഒരു നിറം മാറ്റം. രക്തത്തിന്റെ നിറമായിരുന്നു വെള്ളത്തിന്.

author-image
Lekshmi
New Update
തുറമുഖത്തിലെ വെള്ളത്തിന് ചോരനിറം; കാരണം ബിയര്‍ ഫാക്ടറി

നടുക്കുന്ന ഒരു കാഴ്ച കണ്ടാണ് കഴിഞ്ഞ ദിവസം ജപ്പാനിലെ ഒക്കിനാവാ തുറമുഖത്തെ സമീപവാസിക്കള്‍ ഉണര്‍ന്നത്. തുറമുഖത്തെ വെള്ളത്തില്‍ ഒരു നിറം മാറ്റം. രക്തത്തിന്റെ നിറമായിരുന്നു വെള്ളത്തിന്. ഇത് കണ്ട് പ്രദേശവാസികള്‍ പരിഭ്രാന്തരായി. ഒരുപാട് ചോദ്യങ്ങളാണ് ഈ സംഭവവുമായി ഉയര്‍ന്ന് വന്നത്. പ്രകൃതിയിലെ വിചിത്ര പ്രതിഭാസമാണോ അതോ ജലജീവികള്‍ ചത്തൊടുങ്ങിയതാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. വെള്ളത്തില്‍ തൊടാന്‍ തന്നെ നാഗോ നഗരത്തിലെ ആളുകള്‍ ഭയപ്പെട്ടു. എന്നാല്‍ ഈ ആശങ്കകള്‍ വൈകാതെ മാറി. സംഭവത്തിനു പിന്നിലെ കാരണം പുറത്ത് വന്നു.

ഒറിയോണ്‍ ബ്രൂവെറിസ് എന്ന ബിയര്‍ ഫാക്ടറിയായിരുന്നു സംഭവത്തിന് പിന്നിലെ കാരണം.ഫാക്ടറിയില്‍ ഉപയോഗിച്ച ചുവപ്പു നിറത്തിലുള്ള ഫുഡ് കളറിങ് ഡൈ ആയിരുന്നു ഈ നിറമാറ്റത്തിന് പിന്നില്‍. മഴവെള്ളം ഒഴുകി പോകുന്ന ചാലുകളില്‍ ഫാക്ടറിയില്‍ നിന്നുള്ള കളര്‍വെള്ളം ചേരുകയും ഇത് തുറമുഖത്തെ വെള്ളത്തില്‍ അടിയുകയുമായിരുന്നു.

ഭക്ഷ്യയോഗ്യമായ നിറമായതിനാല്‍ ഒരുതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകില്ലെന്ന് ബിയര്‍ ഫാക്ടറി ജനങ്ങളെ അറിയിച്ചിട്ടുണ്ട്. ജനങ്ങളെ ഭീതിയിലാഴ്ത്തിയതില്‍ ഖേദമുണ്ടെന്നും ഇതുമൂലം പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒന്നുംതന്നെയില്ലെന്നും കമ്പനി അറിയിച്ചു. വെള്ളത്തില്‍ നിറം കലരാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും ഓറിയോണ്‍ ബ്രൂവെറീസിന്റെ പ്രസിഡന്റായ ഹജീമെ മുറാനോ പൊതുജനങ്ങള്‍ക്ക് ഉറപ്പു നല്‍കി.

സമാനമായ സംഭവം ഉത്തര്‍പ്രദേശിലെ ബഹ്ലോല്‍പൂരിലും ഉണ്ടായിരുന്നു. ഹിന്‍ഡന്‍ നദിയുടെ ഒരു ഭാഗമാണ് പൂര്‍ണമായും ചോരച്ചുവപ്പു നിറത്തില്‍ കാണപ്പെട്ടത്. നദിയുടെ സമീപപ്രദേശങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഡൈയിങ് യൂണിറ്റുകളില്‍ നിന്നുമുള്ള മാലിന്യജലം നദിയിലേക്ക് ഒഴുകിയെത്തിയതായിരുന്നു കാരണം.

water japan red beer factory