ലോകത്തെ ഏറ്റവും പ്രമുഖ നഗരങ്ങളിലൊന്നാണ് ന്യൂയോര്‍ക്ക്.അതിനു പുറമേ ലോകത്തിന്റെ തന്നെ സാമ്പത്തിക തലസ്ഥാനങ്ങളിലൊന്ന്. ഏത് രാജ്യത്ത് നിന്നുമുള്ളവര്‍ക്കും കുടിയേറാനും ജോലി ചെയ്യാനും താല്‍പര്യമുള്ള നഗരം.എന്നാല്‍ ഇപ്പോഴിതാ ഈ മഹാനഗരം ഭാഗികമായി താഴ്ന്നുകൊണ്ടിരിക്കുകയാണെന്നാണ് കഴിഞ്ഞമാസം പുറത്തിറങ്ങിയ പഠനത്തില്‍ പറയുന്നത്.
നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അംബരചുംബികളുടെ അമിതഭാരം മൂലമാണ് ഈ പ്രതിഭാസം.മാത്രമല്ല ന്യൂയോര്‍ക്കില്‍ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കാന്‍ ഇത് ഇടയാക്കുന്നുണ്ടെന്നും പഠനം പറയുന്നു.എല്ലാവര്‍ഷം 1 മുതല്‍ 2 മില്ലിമീറ്ററാണ് ബിഗ് ആപ്പിള്‍ എന്നും പേരുള്ള ന്യൂയോര്‍ക്ക് താഴുന്നത്.
ലോകമെങ്ങുമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഹിമാനികള്‍ വന്‍തോതില്‍ ഉരുകുന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ നഗരത്തിലെ പ്രളയസാധ്യത ഈ നൂറ്റാണ്ടിനവസാനം ഇപ്പോഴുള്ളതില്‍ നിന്നു നാലുമടങ്ങാകുമെന്നുമാണ് പഠനം പറയുന്നത്.
പഠനത്തിന്റെ ഭാഗമായി നഗരത്തില്‍ സംഭവിക്കുന്ന പ്രളയജലത്തിന്റെ അളവും ഗവേഷകര്‍ കണക്കാക്കി. ഈ ഫലങ്ങളെല്ലാം എര്‍ത്ത്സ് ഫ്യൂച്ചര്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1950ല്‍ ന്യൂയോര്‍ക്കില്‍ സംഭവിച്ച പ്രളയജലനിരപ്പില്‍ നിന്ന് ഇപ്പോഴത്തേതിലേക്ക് എത്തുമ്പോള്‍ 22 സെന്റിമീറ്ററിന്റെ വര്‍ധനയുണ്ടെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു.
84 ലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് ന്യൂയോര്‍ക്ക്. കാലാവസ്ഥാ വ്യതിയാനം കൂടുന്നതിനനുസരിച്ച്, ന്യൂയോര്‍ക്കില്‍ മാത്രമല്ല, മറിച്ച് പല തീരദേശനഗരങ്ങളിലും ഇതേ അവസ്തയുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
വന്‍വികസിത നഗരമായ ന്യൂയോര്‍ക്കിലെ കെട്ടിടങ്ങളുടെ അപാരമായ എണ്ണവും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ് ഉള്‍പ്പെടെ ലോകപ്രശസ്തമായ അംബരചുംബികള്‍ നിലകൊള്ളുന്ന നഗരമാണ് ന്യൂയോര്‍ക്ക്. നഗരത്തിലെ എല്ലാ അംബരചുംബികളുടെ ഭാരവും കണക്കാക്കുമ്പോള്‍ ഏകദേശം 14 കോടി ആനകളുടെ സംയുക്ത ഭാരത്തിനു സമമാണ്.
മറ്റു പലരാജ്യങ്ങളിലും നഗരങ്ങള്‍ താഴുന്ന പ്രതിഭാസമുണ്ട്. ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയാണ് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ താഴ്ന്നുകൊണ്ടിരിക്കുന്ന നഗരം. 2050 ആകുമ്പോഴേക്കും വടക്കന്‍ ജക്കാര്‍ത്തയുടെ 95 ശതമാനവും താഴ്ന്നുപോകുമെന്നാണ് കണക്കാക്കപ്പെടുന്നത്. മഴക്കാലമെത്തുമ്പോള്‍ ജക്കാര്‍ത്തയില്‍ വെള്ളപ്പൊക്കം ഉടലെടുക്കുന്നത് ഇടയ്ക്കിടെയുള്ള പ്രതിഭാസമാണ്.