സസ്യങ്ങൾ പരസ്പരം ആശയവിനിമയം നടത്തുമെന്ന കണ്ടെത്തലുമായി ഗവേഷകർ. ചെടികൾക്ക് നേരെ ആക്രമണമുണ്ടായാൽ അവർ പരസ്പരം ആശയവിനിമയം നടത്തുമെന്നാണ് കണ്ടെത്തൽ. ജപ്പാനിലെ സൈറ്റാമ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തൽ നടത്തിയത്.
നേച്ചർ കമ്മ്യൂണിക്കേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ മാഗസിനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ജീവ ശാസ്ത്രജ്ഞരായ ടാക്കുയ ഉമേറയുടെയും യൂരി അരറ്റാണിയുടെയും നേതൃത്വത്തിലാണ് ഗവേഷക സംഘം ഈ കണ്ടെത്തൽ നടത്തിയത്.
ഇതിനെ സാധൂകരിക്കുന്ന തെളിവുകളും ഇവർ നിരത്തുന്നുണ്ട്. തക്കാളിച്ചെടിയിലും അറബിഡോപ്സിസ് താലിയാന എന്നയിനം ചെടികളിലുമായി പുഴുക്കളെ വിതറിയാണ് ഗവേഷക സംഘം പരീക്ഷണം നടത്തിയത്. ഈ സമയം ചെടികൾ സമീപത്തെ മറ്റ് ചെടികളോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടെത്തുകയായിരുന്നു പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം.
ചുറ്റുമുള്ള ചെടികളുടെ ഇല പുഴുക്കൾ തിന്നതിനാൽ ഈ ചെടികളിൽ കാൽസ്യം സിഗ്നലിങ് സംഭവിച്ചുവെന്ന് ഗവേഷക സംഘം കണ്ടെത്തി. ചെടികൾക്ക് ചുറ്റുമുള്ള വായുവിൽ Z-3-HAL, E-2-HAL എന്നിവ ഉണ്ടായതാണ് കാൽസ്യം സിഗ്നലിംഗിന് കാരണമെന്നാണ് ഗവേഷകർ പറയുന്നത്.
സ്റ്റോമാറ്റ ഉത്പാദിപ്പിക്കുന്ന ഗാർഡ് കോശങ്ങളും, മീസോഫിൽ കോശങ്ങളും, എപ്പിഡെർമൽ കോശങ്ങളുമാണ് ആദ്യം അപകടം തിരിച്ചറിഞ്ഞതെന്നും ഗവേഷകർ വ്യക്തമാക്കി. Z-3-HAL ന് എതിരെ ആദ്യമായി കാൽസ്യം സിഗ്നലുകൾ നിർമ്മിച്ചത് ഗാർഡ് കോശങ്ങളും, മീസോഫിൽ കോശങ്ങളുമായിരുന്നുവെന്നും ഗവേഷകർ നിരീക്ഷിച്ചിരുന്നു.
എപ്പോൾ, എവിടെ, എങ്ങനെയാണ് സസ്യങ്ങൾ ആശയവിനിമയം നടത്തുന്നതെന്ന് ഈ പരീക്ഷണത്തിലൂടെ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ഗവേഷക സംഘത്തിലെ ശാസ്ത്രഞ്ജനായ മസാത്സ്ഗു പറഞ്ഞു. അപകടങ്ങളിൽ സസ്യങ്ങൾ പ്രതികരിക്കുന്ന ഈ രീതി ഇത്രയും കാലം മനുഷ്യന്റെ കണ്ണിൽ നിന്നും മറഞ്ഞിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതെങ്കിലും ഭീഷണിയിൽ നിന്നോ അപകടത്തിൽ നിന്നോ പെട്ടെന്ന് തന്നെ അടുത്തുള്ള സസ്യങ്ങളെ സംരക്ഷിക്കുന്നതിന് ഈ ആശയവിനിമയം പ്രധാന പങ്ക് വഹിക്കുന്നുവെന്നും ഗവേഷകർ അവകാശപ്പെടുന്നു.