പ്രധാനമന്ത്രി മത്സ്യസമ്പദ്യോജന പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ സമുദ്രത്തിലെ സസ്തനികളുടെ കണക്കെടുക്കുന്നതിനിടെ അറബിക്കടലില്‍ രണ്ട് അപൂര്‍വ തിമിംഗലങ്ങളെ കണ്ടെത്തി. ബ്ലെയിന്‍വില്‍സ് ബീക്ക്ഡ്, ഓമ്യുറാസ് എന്നീ തിമിംഗലങ്ങളെയാണ് ഫിഷറി സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഗവേഷണം നടത്തുന്നവര്‍ കണ്ടെത്തിയത്.
കണ്ണൂരിലെ പയ്യന്നൂരില്‍നിന്ന് 54 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് 2 ബ്ലെയിന്‍വില്‍സ് തിമിംഗലത്തെ കണ്ടത്. ഉഡുപ്പിയില്‍നിന്ന് 111 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഓമ്യുറാസിനെ ദൃശ്യമായത്. മീസോപ്ലോഡന്‍ വിഭാഗത്തില്‍പ്പെടുന്ന ബ്ലെയിന്‍വില്‍സ് ബീക്ക്ഡ് തിമിംഗലങ്ങളെ കഴിഞ്ഞ ഡിസംബറിലും ബലീന്‍ തിമിംഗലങ്ങളുടെ ഉപവിഭാഗമായ ഓമ്യുറാസിനെ ഈ വര്‍ഷം മാര്‍ച്ചിലുമാണ് ഇന്ത്യന്‍ സമുദ്രപരിധിയില്‍ കാണുന്നത്.
ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ചേക്കേറുന്നവരാണ് തിമിംഗലങ്ങള്‍. ചിലര്‍ ആയിരത്തിലധികം കിലോമീറ്ററുകള്‍ സഞ്ചരിക്കും മറ്റ് ചിലത് ആവാസമേഖലാ പരിധിയില്‍ തന്നെ വസിക്കും. ഭക്ഷണം, കാലാലസ്ഥ, പ്രജനനം എന്നിവ അടിസ്ഥാനമാക്കിയാണ് ഇവയുടെ സഞ്ചാരം. വേല്‍ക്കാലത്ത് ധ്രുവമേഖലയിലേക്കും ശീതകാലത്ത് ചൂടുള്ള മേഖലയിലേക്കും ഇവ പാലായനം ചെയ്യുന്നു. ഈ കാലയളവിലാണ് ഇവര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്.