ടൊറന്റൊ: കാനഡയില്‍ കാട്ടുതീ പടര്‍ന്നതോടെ അമേരിക്കയിലും അന്തരീക്ഷ മലിനീകരണം രൂക്ഷം. യു.എസിലെ വിവിധ നഗരങ്ങളില്‍ കനത്ത പുക പടരുകയാണ്. വായു മലിനീകരണതോത് ഏറ്റവും മോശമായ നിലയിലാണ്. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുമ്പോള്‍ എന്‍95 മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
പുക പടരുന്നതിന്റെ പശ്ചാത്തലത്തില്‍ പലയിടങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നഗരത്തില്‍ തുറന്ന വേദികളില്‍ നടത്തുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്കിലേയും വടക്കുകിഴക്ക് പ്രദേശങ്ങളിലേയും അന്തരീക്ഷം കറുത്തുതുടങ്ങി എന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ഈ പ്രദേശങ്ങളില്‍ വസിക്കുന്നവരില്‍ പലര്‍ക്കും ശ്വാസ സംബന്ധിയായ പ്രശ്‌നങ്ങളും നേരിടുന്നുണ്ടെന്നാണ് വിവരം. വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ പല വിമാനങ്ങളും വൈകുന്നുതായും ചില വിമാനങ്ങള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. മന്‍ഹാട്ടനിലെ പല സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും മോശം തീപിടിത്തമാണ് ഇത്തവണത്തേത് എന്നാണ് റിപ്പോര്‍ട്ട്.