നൂറ്റാണ്ടുകള്‍ക്കിടെ ഭൂമിയില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത് 2023 ജൂലൈ മാസമാകാമെന്ന് നാസയിലെ കാലാവസ്ഥാ വിദഗ്ധന്‍ ഗാവിന്‍ ഷ്മിഡിറ്റ്. യുഎസിന്റെ തെക്കു ഭാഗത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഷ്മിഡിറ്റ് ഇക്കാര്യം പറഞ്ഞത്. മാത്രമല്ല അമേരിക്കയ്ക്കു പുറമെ യൂറോപ്യന്‍ രാജ്യങ്ങളിലും ചൈനയിലും വലിയ തോതിലുള്ള കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍നിനോ പ്രതിഭാസത്തിലുണ്ടായ മാറ്റമാണ് കാലാവസ്ഥാ വ്യതിയാനത്തിനു കാരണമായി പറയുന്നതെങ്കിലും എന്നാല്‍ അത് ഒരു ചെറിയ കാരണം മാത്രമാണ്. ഭൂമധ്യരേഖാ പ്രദേശത്തിനു പുറത്തേക്കും സമുദ്രോപരിതലത്തിലെ താപനില ഓരോ വര്‍ഷവും ഉയര്‍ന്നുവരുകയാണ്.
അന്തരീക്ഷത്തിലേക്കു ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കൂടുന്നതാണ് താപനില വലിയ തോതില്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. അതെസമയം 2023 രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ വര്‍ഷമാകാമെന്നും 2024ല്‍ വീണ്ടും താപനില ഉയരുമെന്നും ഷ്മിഡിറ്റ് പറയുന്നുണ്ട്.
യൂറോപ്യന്‍ യൂണിയന്‍, മറൈന്‍ സര്‍വകലാശാല, ഉപഗ്രഹ ചിത്രങ്ങള്‍ എന്നിവയുടെ സഹായത്തോടെ നടത്തിയ പഠനങ്ങളിലൂടെയാണ് താപനിലയിലെ വര്‍ധന രേഖപ്പെടുത്തിയത്. സമുദ്രത്തിലെയും വന്‍കരകളിലെയും ആവാസവ്യവസ്ഥയെ കാലാവസ്ഥാ വ്യതിയാനം വലിയ തോതില്‍ ബാധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.