ന്യൂ ഗിനിയയിലെ കടല്‍ത്തീരത്ത് അടിഞ്ഞ് നിഗൂഢ ജീവി, മത്സ്യ കന്യകയെന്ന് കാഴ്ച്ചക്കാർ; തിരിച്ചറിയാന്‍ ആകാതെ വിദഗ്ധര്‍

തീരത്തടിഞ്ഞ മൃതശരീരത്തിന് മത്സ്യകന്യകയുടെ രൂപമാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് ഒരുതരം 'ഗ്ലോബ്സ്റ്റര്‍'ആണെന്ന് ലൈവ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കരയ്ക്ക് അടിഞ്ഞ മാംസപിണ്ഡത്തിന്റെ യഥാര്‍ത്ഥ രൂപം തിരിച്ചറിയാന്‍ കഴിയാത്തവിധം ജീര്‍ണ്ണിച്ചിട്ടുണ്ട്.

author-image
Greeshma Rakesh
New Update
ന്യൂ ഗിനിയയിലെ കടല്‍ത്തീരത്ത് അടിഞ്ഞ് നിഗൂഢ ജീവി, മത്സ്യ കന്യകയെന്ന് കാഴ്ച്ചക്കാർ; തിരിച്ചറിയാന്‍ ആകാതെ വിദഗ്ധര്‍

സിനിമകളിലൂടെയും ഫാന്റസി കഥകളിലൂടെയും നമ്മെ വിസ്മയിപ്പിച്ച സാങ്കല്‍പ്പിക കഥാപാത്രമാണ് മത്സ്യകന്യക. എന്നാല്‍ ഇതാ കഴിഞ്ഞ ദിവസം പാപ്പുവ ന്യൂ ഗിനിയയിലെ കടല്‍ത്തീരത്ത് ജീര്‍ണ്ണിച്ച അവസ്ഥയില്‍ ഒരു നിഗൂഢ ജീവിയടിഞ്ഞിരുന്നു. ജീവിയെ കണ്ട പ്രദേശവാസികളാകട്ടെ 'മത്സ്യകന്യക' യാണെന്ന് അവകാശപ്പെടുകയാണ്.

എന്നാൽ, ഇത് മത്സ്യകന്യകയല്ല മറിച്ച് ഒരു സമുദ്ര സസ്തനിയാണെന്നും എന്നാല്‍, എന്ത് തരം ജീവിയാണെന്ന് വ്യക്തമല്ലെന്നുമാണ് വിദഗ്ദര്‍ പറയുന്നത്. കഴിഞ്ഞ ഇരുപതാം തിയതിയാണ് ഈ അജ്ഞാത ജീവിയുടെ മൃതശരീരം തീരത്ത് അടിഞ്ഞത്. ഇതിന്റെ ചിത്രങ്ങള്‍ ന്യു അയർലന്റേസ് ഒൺലി എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കപ്പെട്ടതോടെ നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും അഭിപ്രായങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.

തീരത്തടിഞ്ഞ മൃതശരീരത്തിന് മത്സ്യകന്യകയുടെ രൂപമാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് ഒരുതരം 'ഗ്ലോബ്സ്റ്റര്‍'ആണെന്ന് ലൈവ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കരയ്ക്ക് അടിഞ്ഞ മാംസപിണ്ഡത്തിന്റെ യഥാര്‍ത്ഥ രൂപം തിരിച്ചറിയാന്‍ കഴിയാത്തവിധം ജീര്‍ണ്ണിച്ചിട്ടുണ്ട്.

ജീവിയുടെ തലയുടെ ഭൂരിഭാഗവും അതിന്റെ ശരീരത്തിന്റെ വലിയൊരു ഭാഗവും ഉണ്ടായിരുന്നില്ല. പ്രദേശവാസികള്‍ ഇതിനെ സംസ്‌കരിക്കും മുമ്പ് അളന്ന് തിട്ടപ്പെടുത്താത്തതിനാല്‍ ഇതിന്റെ വലിപ്പത്തെ കുറിച്ചോ ഭാരത്തെ കുറിച്ചോ വ്യക്തയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഡിഎന്‍എ സാമ്പിള്‍ രേഖരിക്കാത്തതിനാല്‍ ഇതിനെ തിരിച്ചറിയാനുള്ള സാധ്യതകളും അവസാനിച്ചു.

ആദ്യകാഴ്ചയില്‍ ഇതൊരു സമുദ്രസസ്തനിയെ പോലുണ്ടെന്ന് ഓസ്ട്രേലിയയിലെ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞയായ ഹെലിന്‍ മാര്‍ഷ് ലൈവ് സയന്‍സിനോട് പറഞ്ഞു, 'കാഴ്ചയില്‍ ഇത് വളരെ ദ്രവിച്ച സെറ്റേഷ്യന്‍ (ഒരു തരം കടല്‍ സ്രാവ്) പോലെ തോന്നുന്നു,' വെന്ന് സ്‌കോട്ട്‌ലന്‍ഡിലെ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ സമുദ്ര സസ്തനി വിദഗ്ധനായ സാഷ ഹൂക്കര്‍ അഭിപ്രായപ്പെട്ടു.

തിമിംഗലങ്ങള്‍, ഡോള്‍ഫിനുകള്‍ എന്നിവയുടെ ചര്‍മ്മം മരിച്ച ശേഷം നിറം മാറുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അതിഭീമാകാരമായ നീരാളികളെ പോലെയുള്ള ഗ്ലോബ്സ്റ്റര്‍ നേരത്തെ തീരഞ്ഞ് അടിഞ്ഞിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ മത്സ്യകന്യകയുടെ രൂപത്തിലുള്ളവയെ ആദ്യമായിട്ടാണ് കണ്ടെത്തുന്നത്.

1896 ല്‍ യുഎസിലെ ഫ്‌ലോറിഡയില്‍ സെന്റ. അഗസ്റ്റീന്‍ തീരത്താണ് ആദ്യമായി ഇത്തരമൊന്ന് അടിഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഇതുവരെയും ഇതെന്താണെന്ന് വ്യക്തമാക്കാന്‍ ശാസ്ത്രസമൂഹത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ചിലപ്പോള്‍ ഇവ കാലങ്ങളോളം കടലില്‍ കിടന്ന് അഴുകിയ തിമിംഗലങ്ങളാകാനും സാധ്യതയുണ്ടെന്നാണ് ചില വിദഗ്ധരുടെ അനുമാനം.

Environment mermaid globster papua new guinea mysterious creature