'ഞാന്‍ കത്തുന്നു' യൂറോപ്പിലെ ഒരു അഗ്നിപര്‍വതത്തിന്റെ പേരിന്റെ അര്‍ഥമാണിത്. യൂറോപ്പിലെ ഏറ്റവും പൊക്കമുള്ളതും സജീവമായതുമായ അഗ്നിപര്‍വതമാണ് എറ്റ്‌ന. ഇറ്റലിയിലെ സിസിലി ദ്വീപിലാണ് പ്രശസ്തമായ മൗണ്ട് എറ്റ്‌ന അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്നത്. ഈ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ഇറ്റലിയിലെ കറ്റാനിയ വിമാനത്താവളത്തിലെ റണ്‍വേ ചാരത്തില്‍ മൂടി. വിമാനത്താവളത്തില്‍ മാത്രമല്ല, കറ്റാനിയ നഗരത്തിലെ മറ്റുപലയിടങ്ങളിലും ചാരം വീണെന്ന് ഇറ്റലിയുടെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്‌സ് ആന്‍ഡ് വോള്‍ക്കനോളജി അറിയിച്ചു.
വീടുകളുടെയും കാറുകളുടെയും പുറത്ത് ചാരം മൂടിയ നിലയിലുള്ള ചിത്രങ്ങളും ഇതിനിടെ പ്രചരിച്ചു. അഗ്നിപര്‍വതമേഖലയ്ക്ക് സമീപമുള്ള പട്ടണങ്ങളായ ആഡ്രാനോ, ബയാന്‍കവില്ല എന്നിവിടങ്ങളിലെ ജനങ്ങള്‍ തീവ്രതയുള്ള ശബ്ദം കേട്ടതായും അറിയിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 10,900 അടിയാണ് എറ്റ്‌നയുടെ ഏറ്റവും ഉയര്‍ന്ന പൊക്കം. വിസ്‌ഫോടനങ്ങളും തുടര്‍ന്നുള്ള ലാവാപ്രവാഹവും അനുസരിച്ച് ഈ പൊക്കം മാറി മറിയാറുണ്ട്. ഏകദേശം 1600 ചതുരശ്ര കിലോമീറ്ററോളം വിസ്തീര്‍ണത്തിലാണ് പര്‍വതം തറനിരപ്പില്‍ സ്ഥിതി ചെയ്യുന്നത്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ എറ്റ്‌ന പര്‍വതത്തെ കുറിച്ച് ഗവേഷകര്‍ പഠിക്കുന്നുണ്ട്. കറ്റാനിയ, കാസ എറ്റ്‌നിയ, കന്‌റോനീറ എന്നീ മേഖലകളിലായി 3 നിരീക്ഷണകേന്ദ്രങ്ങള്‍ അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ 26 ലക്ഷം വര്‍ഷങ്ങളായി കൃത്യമായ ഇടവേളകളില്‍ എറ്റ്‌ന വിസ്‌ഫോടനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഗ്രീക്ക് ചരിത്രകാരന്‍മാരായ പിന്‍ഡാര്‍ തുടങ്ങിയവര്‍ 475 ബിസിയില്‍ എറ്റ്‌നയില്‍ സംഭവിച്ച വലിയ തോതിലുള്ള ഒരു വിസ്‌ഫോടനത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. 396 ബിസി കാലയളവില്‍ ആഫ്രിക്കയിലെ കാര്‍ത്തേജില്‍ നിന്നുള്ള വമ്പന്‍ സൈന്യത്തെ കറ്റാനിയയില്‍ എത്തുന്നതില്‍ നിന്നു തടഞ്ഞത് എറ്റ്‌നയില്‍ നിന്നുള്ള വിസ്‌ഫോടനങ്ങളാണ്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഭീകരമായ വിസ്‌ഫോടനം എറ്റ്‌നയില്‍ നടന്നത് 1669ലാണ്. നിരവധി ഗ്രാമങ്ങള്‍ അന്ന് ലാവയുടെ കോപത്തിനിരയായി നശിച്ചു.