വരുന്ന അഞ്ചുവര്‍ഷം ആഗോള താപനില കൂടാന്‍ സാധ്യതയെന്ന് ഐക്യരാഷ്ട്രസംഘടനയുടെ വേള്‍ഡ് മീറ്റിരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഎംഒ) അറിയിച്ചു. ഇങ്ങനെ സംഭവിച്ചാല്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍വച്ച് ഏറ്റവും ഉയര്‍ന്ന ചൂടുള്ള കാലയളവാകും 2023 മുതല്‍ 2027 വരെ.
ഹരിതഗൃഹവാതകങ്ങളും പസിഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസവുമാണ് താപനില കുതിച്ചുയരാനുള്ള പ്രധാന കാരണം.കാലാവസ്ഥ വ്യതിയാനം തടയാനായി 1850 മുതല്‍ 1900 വരെയുള്ള അരനൂറ്റാണ്ടിലെ ശരാശരി താപനിലയെക്കാള്‍ 1.5 ഡിഗ്രി വര്‍ധനയ്ക്കുള്ളില്‍ താപനില പിടിച്ചുനിര്‍ത്തണമെന്നാണു 2015ലെ പാരിസ് ഉടമ്പടി നിഷ്‌കര്‍ഷിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ ശരാശരി താപനില 1850 മുതല്‍ 1900 വരെയുള്ളതിനെക്കാള്‍ 1.15 ഡിഗ്രി കൂടുതലായിരുന്നു. ഈ 1.5 ഡിഗ്രി സെല്‍ഷ്യസ് പരിധി അടുത്ത 5 വര്‍ഷത്തില്‍ ലംഘിക്കപ്പെടുമെന്നും ഒരുപക്ഷെ 1.8 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കുമെന്നും ഡബ്ല്യുഎംഒ പറയുന്നുണ്ട്.നിലവിലെ അസാധാരണ ചൂട് താങ്ങാനാകാതെ ജനം വലയുകയാണ്.
ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം, കഴിഞ്ഞ വര്‍ഷം മുതലുണ്ടായ താപതരംഗംമൂലം മരിച്ചത് 15,000 ആളുകളാണ്. മാത്രമല്ല പകല്‍ സമയങ്ങളേക്കാള്‍ ചൂട് രാത്രിയില്‍ വര്‍ധിക്കുന്നതായി 2018ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതു സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ഉഷ്ണതരംഗം.
പൊതുവെ രാത്രിയില്‍ താപനില കുറയാതെ വരുമ്പോള്‍ മനുഷ്യശരീരത്തേയും അതു കാര്യമായി തന്നെ ബാധിക്കാറുണ്ട്. സാധാരണയായി ഉറക്കത്തില്‍ നമ്മുടെ ശരീര താപനില കുറയുകയാണ് ചെയ്യുന്നത്. എന്നാല്‍ രാത്രിയില്‍ താപനില കുറയാതെ വരുമ്പോള്‍ ഇതു ശരീരത്തിനു കൂടുതല്‍ ജോലിഭാരം നല്‍കുന്നു.50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള താപനിലയും മനുഷ്യശരീരത്തിന് താങ്ങാവുന്നതാണ്.
അതെസമയം താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവും വര്‍ധിക്കുമ്പോള്‍ അതു കൂടുതല്‍ അപകടകരമാകുന്നു. ഈര്‍പ്പം കൂടുതലാണെങ്കില്‍ വിയര്‍പ്പ് ബാഷ്പീകരിക്കാന്‍ കഴിയാതെ വരും. ഇതു ശരീര താപനില ഉയരാന്‍ കാരണമാകുകയും മറ്റ് അസ്വസ്ഥതകള്‍ ഉണ്ടാകുകയും ചെയ്യും.
എന്താണ് എല്‍ നിനോ?
പ്രതിസന്ധിക്ക് ആക്കം കൂട്ടാന്‍ എല്‍ നിനോയും ഉടനെയൊന്നും ചൂടില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ചൂടിന് ആക്കം കൂട്ടാന്‍ എല്‍ നിനോ കൂടിയെത്തുന്നതോടെ ഉഷ്ണ തരംഗങ്ങളും വരള്‍ച്ചയും മാരകമാകുമെന്ന മുന്നറിയിപ്പു നല്‍കുകയാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍.
കിഴക്കന്‍ ശാന്തസമുദ്രോപരിതലത്തിലെ ജലത്തിന്റെ താപനില വര്‍ധിക്കുന്ന ഒരു കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ. ഇതുമൂലം ഭൂമധ്യരേഖയിലൂടെ പടിഞ്ഞാറേക്കു വീശുന്ന കാറ്റിന്റെ വേഗം കുറയുകയും ചൂടുള്ള സമുദ്രജലം കിഴക്കോട്ട് തള്ളപ്പെടുകയും ചെയ്യും. താപനില വര്‍ധിക്കാനും കാലവര്‍ഷം ദുര്‍ബലമാകാനും എല്‍നിനോ കാരണമാകാം.
2 മുതല്‍ 7 വര്‍ഷം വരെ ഇടവേളകളിലാണ് എല്‍ നിനോ പ്രതിഭാസം രൂപപ്പെടുക. ഇതിന് മുന്‍പ് എല്‍ നിനോ എത്തിയ 2016 ചരിത്രത്തിലെ ഏറ്റവും ചൂടുള്ള വര്‍ഷമായി രേഖപ്പെടുത്തിയിരുന്നു. എല്‍ നിനോ എത്തുന്നതോടെ ഈ വര്‍ഷം താപനില ആഗോള തലത്തില്‍ വര്‍ധിക്കുമെന്ന് വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു.
0.2 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് അനുമാനം. ആഗോളതാപനില സമാനതകളില്ലാത്ത വിധമാണ് ഉയരുന്നത്. എന്നാല്‍ ഈ താപനിലാ വര്‍ധന വരുംവര്‍ഷങ്ങളിലും നിയന്ത്രണങ്ങളില്ലാതെ തുടരുമെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം.