മധ്യപ്രദേശിലെ ഒരു കർഷക കുടുംബം ഏറെ വർഷങ്ങളായി തങ്ങളുടെ കുലദേവതയായി കണ്ട് ആരാധിച്ചിരുന്നത് ഫോസിലൈസ് ചെയ്ത ദിനോസർ മുട്ടകളെ. മധ്യപ്രദേശിലെ ധാർ ജില്ലയിലെ പട്‌ല്യ ഗ്രാമത്തിലെ വെസ്ത മണ്ഡലോയ് (40) എന്ന കർഷകനും കുടുംബവുമാണ് ദിനോസർ മുട്ടകളെ കാകർ ഭൈരവയെന്ന് വിശേഷിപ്പിച്ച് ആരാധിച്ചിരുന്നത്.
തന്റെ കൃഷിയിടത്തെയും കന്നുകാലികളെയും ബുദ്ധിമുട്ടുകളിൽ നിന്നും നിർഭാഗ്യങ്ങളിൽ നിന്നും സംരക്ഷിക്കുമെന്ന പൂർവ്വികരുടെ വിശ്വാസപ്രകാരമായിരുന്നു ആരാധന.മണ്ഡലോയ് മാത്രമല്ല ധാറിലും സമീപ ജില്ലകളിലും നടത്തിയ ഖനനത്തിൽ കണ്ടെത്തിയ ദിനോസർ മുട്ടകളെ മറ്റു പല കുടുംബങ്ങളും തങ്ങളുടെ കുലദേവതയായി കണ്ട് ആരാധിച്ചിരുന്നു.
അടുത്തിടെ ലഖ്നൗവിലെ ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിലെ വിദഗ്ധർ ഈ സ്ഥലം സന്ദർശിച്ചിരുന്നു. ഈ സംഘമാണ് ഗ്രാമത്തിൽ കുടുംബങ്ങൾ ആരാധിച്ചിരുന്നത് സസ്യഭുക്കുകളായ ടൈറ്റനോസറസ് ഇനത്തിൽപ്പെടുന്ന ദിനോസറുകളുടെ മുട്ടകളാണെന്ന് കണ്ടെത്തിയത്.
ഈ വർഷം ജനുവരിയിൽ മധ്യപ്രദേശിലെ നർമദാ താഴ്‌വരയിൽ നിന്ന് പാലിയന്റോളജിസ്റ്റുകൾ സസ്യഭുക്കായ ടൈറ്റനോസറുകളുടെ അടുത്തടുത്തുള്ള ദിനോസർ കൂടുകളും 256 മുട്ടകളും കണ്ടെത്തിയിരുന്നു. കൂടാതെ, ഡൽഹി സർവ്വകലാശാലയിലെയും മോഹൻപൂർ-കൊൽക്കത്തയിലെയും ഭോപ്പാലിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെയും ഗവേഷകർ ധാർ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളിൽ മൾട്ടി-ഷെൽ മുട്ടകൾ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഹർഷ ധിമാൻ, വിശാൽ വർമ, ഗുണ്ടുപള്ളി പ്രസാദ് എന്നിവരുൾപ്പെടെയുള്ളവർ പിഎൽഒസ് വൺ എന്ന ഗവേഷണ ജേണലിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരുന്നു. കൂടുകളുടെയും മുട്ടകളുടെയും പരിശോധനയിൽ 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് അധിവസിച്ചിരുന്ന നീണ്ട കഴുത്തുള്ള സൗരോപോഡുകളുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി പറയുന്നു.
ഗവേഷകർ പറയുന്നതനുസരിച്ച്, ലോകത്ത് ഒരു ഉരഗത്തിന്റെ മൾട്ടി-ഷെൽ മുട്ട കണ്ടെത്തുന്നത് ഇതാദ്യമാണ്. പക്ഷികളും ഇഴജന്തുക്കളും തമ്മിലുള്ള സമാനതകൾ സ്ഥാപിക്കാനും അവയുടെ കൂടുകെട്ടൽ ശീലങ്ങൾ സ്ഥാപിക്കാനും ഈ കണ്ടെത്തലിന് കഴിയുമെന്നും അവർ പറഞ്ഞു.