സൂര്യന്റെ നിറം മഞ്ഞയല്ല!; പഠനം പറയുന്നതിങ്ങനെ....

നാം കരുതുന്നതുപോലെ സൂര്യന്റെ നിറം മഞ്ഞയല്ല മറിച്ച് ഒരു തരം വെള്ളയാണ്. ഇത് നിറം കാണുന്ന വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു എന്നതും വസ്തുതയാണ്. 1850 കളില്‍ വന്ന പഠനത്തില്‍ വസ്തുക്കളെ താപനില എങ്ങനെ ബാധിക്കുന്നുവെന്ന കാര്യത്തെപ്പറ്റി ഭൗതികശാസ്ത്രജ്ഞര്‍ പഠനം നടത്തിയിരുന്നു.

author-image
Greeshma Rakesh
New Update
സൂര്യന്റെ നിറം മഞ്ഞയല്ല!; പഠനം പറയുന്നതിങ്ങനെ....

പലരും ഇപ്പോഴും ആകാംക്ഷയോടെ ചോദിക്കുന്നൊരു ചോദ്യമാണ് എന്താണ് സൂര്യന്റെ നിറം എന്നത്. ചെറുപ്പത്തില്‍ നാമെല്ലാവരും ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ മഞ്ഞനിറമാണ് സൂര്യന് നല്‍കിയിരുന്നത്. എന്നാല്‍ മഞ്ഞയാണോ സൂര്യന്റെ നിറം? കുറച്ചുനാള്‍ മുമ്പാണ് ഇതുസംബന്ധിച്ച ഒരു നിരീക്ഷണം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

സൂര്യന്റെ നിറം മഞ്ഞയല്ല വെളുപ്പാണെന്നാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ട യുവതി പറഞ്ഞത്. യുവതിയുടെ ക്യാമറയിലെടുത്ത ചിത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിരീക്ഷണം. യുവതിയുടെ ക്യാമറയുടെ നിരീക്ഷണം പകുതി ശരിയാണ്.സൂര്യന്റെ നിറം ഒരു തരം വെള്ള തന്നെയാണ്. ഇത് നിറം കാണുന്ന വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു എന്നതും വസ്തുതയാണ്.

1850 കളില്‍ വന്ന പഠനത്തില്‍ വസ്തുക്കളെ താപനില എങ്ങനെ ബാധിക്കുന്നുവെന്ന കാര്യത്തെപ്പറ്റി ഭൗതികശാസ്ത്രജ്ഞര്‍ പഠനം നടത്തിയിരുന്നു. ഏറെ വെല്ലുവിളി നിറഞ്ഞ പഠനമായിരുന്നു ഇത്.കാലക്രമേണ 'ബ്ലാക്ക് ബോഡി' എന്ന ആശയം അവര്‍ വികസിപ്പിച്ചെടുത്തു. തന്നിലേക്ക് പതിക്കുന്ന എല്ലാ വികിരണങ്ങളെയും പൂര്‍ണ്ണമായും ആഗിരണം ചെയ്യുന്ന വസ്തുവാണ് ബ്ലാക്ക് ബോഡി.

അത്തരമൊരു വസ്തു വികിരണങ്ങളുടെ അഭാവത്തില്‍ തണുപ്പുള്ളതും താപം പുറത്തേക്ക് പ്രസരിപ്പിക്കാത്ത നിലയിലുമായിരിക്കും. എന്നാല്‍ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ അത് ചൂടാകാന്‍ തുടങ്ങും. അങ്ങനെയുള്ള സാഹചര്യത്തില്‍ ആ വസ്തു താപത്തെ പുനര്‍നിര്‍മ്മിക്കുകയും സ്പെക്ട്രത്തിലുടനീളം പ്രകാശം പുറപ്പെടുവിക്കുകയും ചെയ്യും.

വസ്തുവിന്റെ താപനിലയെ ആശ്രയിച്ച് പ്രകാശത്തിന് ഒരു പ്രത്യേക നിറത്തില്‍ ഏറ്റവും കൂടുതല്‍ തെളിച്ചം അനുഭവപ്പെടും. വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളില്‍ അവ മങ്ങിയതായി കാണുകയും ചെയ്യും.ബ്ലാക്ക് ബോഡി കര്‍വ് എന്തായിരിക്കും എന്ന സിദ്ധാന്തത്തിന് ഈ ആശയം വഴിവെച്ചു. ഒരു വസ്തു അതിന്റെ താപനിലയെ ആശ്രയിച്ച് വ്യത്യസ്ത തരംഗദൈര്‍ഘ്യത്തില്‍ എത്ര തിളക്കത്തോടെ പ്രകാശം പുറപ്പെടുവിക്കുമെന്ന് കാണിക്കുന്ന ഒരു ഗ്രാഫാണിത്.

സൂര്യന്‍ എന്നത് ചൂടുള്ള വാതകം നിറഞ്ഞ ഒരു ഗോളമാണ്. ഒരു ബ്ലാക്ക് ബോഡി പോലെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തിലെ ഹൈഡ്രജന്റെയും മറ്റ് മൂലകങ്ങളുടെയും സാന്നിദ്ധ്യമാണ് ഒരു യഥാര്‍ത്ഥ ബ്ലാക്ക് ബോഡിയില്‍ നിന്ന് സൂര്യനെ വ്യത്യസ്തനാക്കുന്നത്.ഭുമിയില്‍ നിന്നുള്ള ഉപഗ്രഹങ്ങളുപയോഗിച്ച് സൂര്യസ്പെക്ട്രത്തെ അളക്കുമ്പോള്‍ അത് സ്പെക്ട്രത്തിന്റെ ദൃശ്യമായ ഭാഗത്ത് പ്രകാശം പുറപ്പെടുവിക്കുന്നതായി കാണാനാകും.

അതായത് നമ്മുടെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയുന്ന പ്രകാശം. സൂര്യന്‍ ഏറ്റവും കൂടുതല്‍ പ്രകാശം പ്രസരിപ്പിക്കുന്ന ഭാഗം കാണാന്‍ മനുഷ്യന് കഴിവുണ്ട്.സ്പെക്ട്രത്തിലെ നീല, പച്ച ഭാഗത്തേക്ക് എത്തുമ്പോള്‍ സൂര്യന്‍ വളരെ തിളക്കമുള്ളതാകുന്നു. ചുവപ്പിലേക്ക് എത്തുമ്പോള്‍ മങ്ങുകയും ചെയ്യുന്നു. അപ്പോള്‍ നിങ്ങള്‍ വിചാരിക്കും സൂര്യന്റെ നിറം ടീല്‍ ആണെന്ന്.

അങ്ങനെ ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.നമ്മുടെ കണ്ണുകള്‍ കാണുന്ന രീതിയ്ക്കാണ് ഇവിടെ പ്രാധാന്യം. നിറം തിരിച്ചറിയുന്ന കണ്ണുകളിലെ കോശങ്ങളാണ് ഈ വേളയില്‍ കാര്യമായി പ്രവര്‍ത്തിക്കുന്നത്. നിറം തിരിച്ചറിയാന്‍ സഹായിക്കുന്ന കണ്ണിലെ കോശങ്ങളാണ് കോണ്‍ കോശങ്ങള്‍. മൂന്ന് രീതിയിലുള്ള കോണ്‍ കോശങ്ങളാണ് ഉള്ളത്.

എല്‍, എം, എസ് എന്നിങ്ങനെയുള്ള കോണ്‍ കോശങ്ങളാണ് നമ്മുടെ കണ്ണിലുള്ളത്.പ്രകാശം പതിയ്ക്കുമ്പോള്‍ ഏത് സെല്ലുകളാണ് ഉത്തേജിക്കുന്നത്, അതിന് അനുസൃതമായ സിഗ്‌നലുകളാണ് കോണ്‍ കോശങ്ങള്‍ തലച്ചോറിന് നല്‍കുക. തലച്ചോറാണ് നിറമേതാണെന്ന് തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്നത്.

എസ്, എം കോശങ്ങള്‍ ഉത്തേജിപ്പിക്കപ്പെടുകയും എല്‍ കോശം നിര്‍ജീവമായിരിക്കുകയും ചെയ്യുകയാണെങ്കില്‍ പച്ചകലര്‍ന്ന നിറമായിരിക്കും നിങ്ങള്‍ കാണുക. എല്‍ കോശങ്ങള്‍ ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ ചുവപ്പ് കലര്‍ന്ന നിറം കാണാനാകും. ഈ രീതിയിലാണ് സൂര്യന്റെ നിറവും നമുക്ക് കാണാനാകുക.

ബഹിരാകാശത്തെ സൂര്യപ്രകാശം സംബന്ധിച്ച കാര്യത്തിലും ഈ വസ്തുത ശരിയാണ്. ബഹിരാകാശ യാത്രികര്‍ സൂര്യനെ വെളുത്ത നിറത്തിലാണ് കാണുന്നത്. ശേഷം സൂര്യപ്രകാശം നമ്മുടെ അന്തരീക്ഷത്തിലേക്ക് എത്തുമ്പോള്‍ പ്രകാശത്തിലേക്ക് നിരവധി കണങ്ങള്‍ ആഗിരണം ചെയ്യപ്പെടുകയും ചിതറിത്തെറിക്കുകയും ചെയ്യാറുണ്ട്.

സൂര്യന്റെ നിറം മഞ്ഞയാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ ആ വാദത്തോട് യോജിക്കാന്‍ കഴിയില്ല. ഉദാഹരണത്തിന് വെള്ളനിറം എല്ലാനിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറമാണ്. അങ്ങനെയെങ്കില്‍ സൂര്യപ്രകാശത്തില്‍ ഒരു വെള്ളക്കടലാസ് മഞ്ഞനിറമായി കാണണം. എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ല.

study Sun Color Enviroment News