തിരുവനന്തപുരം: നാഷണല്‍ പാര്‍ക്കുകള്‍ക്ക് പുറത്ത് വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ നിയമമുള്ള ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍.
ഇത് യുക്തിയില്ലാത്തതും ബുദ്ധിശൂന്യമായതും ഭരണഘടനാ വിരുദ്ധവുമാണെന്ന് കരുതുന്നുവെന്ന് ഗാഡ്ഗില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഇതില്‍ അഭിമാനിക്കത്തക്കതായി ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ തീര്‍ക്കുന്ന പ്രതിസന്ധി നേരിടാന്‍ എണ്ണം നിയന്ത്രിക്കാന്‍ വന്ധ്യംകരണമടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
വയനാട്ടിലെ കാടുകളില്‍ നിന്ന് കടുവകളെ മാറ്റുമെന്നും ആനകളുടെ വംശവര്‍ധന തടയാന്‍ വന്ധ്യംകരണം നടത്തുമെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മന്ത്രിയുടെ അഭിപ്രായത്തോട് യോജിച്ച അദ്ദേഹം ഗാഡ്ഗില്‍, ദേശീയോദ്യാനങ്ങള്‍ക്ക് പുറത്ത് ലൈസന്‍സ് പ്രകാരമുള്ള വേട്ടയ്ക്ക് അനുമതി നല്‍കണമെന്ന് വ്യക്തമാക്കി.
പ്രദേശവാസികള്‍ അനുഭവിക്കുന്ന സഹനത്തിന് പരിഹാരം എന്ന നിലയ്ക്ക് വന്യമൃഗങ്ങളുടെ ശരീരം അവര്‍ക്ക് നല്‍കണം. അമേരിക്കയിലും ആഫ്രിക്കയിലും ബ്രിട്ടനിലും ആളുകള്‍ വന്യമൃഗങ്ങളെ വേട്ടയാടുന്നുണ്ട്.
യുക്തിസഹമായ വേട്ട സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങള്‍ പോലും അനുവദിക്കുന്നുണ്ട്. വന്യമൃഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശീയരുമായി പരിസ്ഥിതി- വനം മന്ത്രാലയം ചര്‍ച്ച നടത്തണം. ഇതിന് ശരിയായ രീതിയില്‍ ലൈസന്‍സ് അനുവദിക്കണമെന്നും ഗാഡ്ഗില്‍ ആവശ്യപ്പെട്ടു.
ഒരു വ്യക്തി ഭീഷണിയാണെന്ന് കണ്ടുകഴിഞ്ഞാല്‍, അയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാറുണ്ട്. പിന്നെന്തുകൊണ്ട്, ജീവന് ഭീഷണിയാകുന്ന വന്യമൃങ്ങളെ കൊന്നുകൂടാ?
1972ലെ വന്യജീവി സംരക്ഷണ നിയമം അസാധുവാക്കി, പുതിയ നിയമം കൊണ്ടുവരണം. പ്രാദേശിക ജൈവവ്യവസ്ഥ സംരക്ഷിക്കാന്‍ തദ്ദേശീയര്‍ക്ക് അധികാരം നല്‍കുന്ന 2002 ലെ ജൈവ വൈവിധ്യനിയമം ഇന്ത്യ നടപ്പാക്കണം.
വന്യജീവികളുടെ പെരുപ്പം കുറയ്ക്കുന്നതിന് എതിരായി നില്‍ക്കുന്നവര്‍ ജനവിരുദ്ധരായ യാഥാസ്ഥിതികരാണെന്നും ഗാഡ്ഗില്‍ കുറ്റപ്പെടുത്തി.