ലഡാക്കില്‍ കണ്ടെത്തിയ മനോഹരവും അപൂര്‍വവുമായ മൃഗം ഏതാണ് ?

യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ വനങ്ങളില്‍ കാണപ്പെടുന്ന ചെറിയ വാലോടുകൂടിയ പൂച്ചകളുടെ നാല് ഇനങ്ങളില്‍ ഒന്നാണ് ലിങ്ക്‌സ്.

author-image
greeshma
New Update
ലഡാക്കില്‍ കണ്ടെത്തിയ മനോഹരവും അപൂര്‍വവുമായ മൃഗം ഏതാണ് ?

ഇന്ത്യയിലെ ലഡാക്കില്‍ കണ്ടെത്തിയ ഒരേ സമയം മനോഹരവും അപൂര്‍വവുമായ ഒരു മൃഗത്തിന്റെ വീഡിയോ പങ്കുവച്ചുക്കൊണ്ട് ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാന്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ,ഈ മൃഗത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. ഇത് എന്താണെന്ന് ഊഹിക്കാമോ? ഒരു ലക്ഷത്തിലധികം ആളുകളാണ് ആ വീഡിയോ കണ്ടത്. മാത്രമല്ല സാമൂഹിക മാധ്യമങ്ങളില്‍ വിഡിയോ ഇപ്പോള്‍ വൈറലുമാണ്. കാഴ്ചയില്‍ ഒരു പട്ടിയുടെ വലിപ്പമുള്ള ആ മൃഗം  പൂച്ചയെ പോലെ തോന്നിക്കും.

45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ ഒരു മൃഗം വളരെ പതുക്കെ നടക്കുന്നുണ്ട്. ഒറ്റ നോട്ടത്തില്‍ കാട്ടുപൂച്ചയെന്ന് തോന്നുന്ന മൃഗത്തെ കണ്ട നായ്ക്കള്‍ നിര്‍ത്താതെ കുരയ്ക്കുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍, നായ്ക്കളുടെ കുര ശ്രദ്ധിക്കാത്തെ ആ മൃഗം വളരെ പതുക്കെ നടക്കുകയും പിന്നീട് ഒരിടത്ത് ഇരിക്കുകയും ചെയ്യുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്. വീഡിയോയ്ക്ക് കമന്റ് ചെയ്തവരില്‍ പലരും അത് ലിങ്ക്‌സ് ആണെന്ന് വ്യക്തമാക്കി. ഒപ്പം അതിനെ സുന്ദരിയെന്ന് വിശേഷിപ്പിച്ചവരുമുണ്ട്.

 

ഉച്ചയ്ക്ക് 12 മണിയോടെ പങ്കുവച്ച ആ വീഡിയോയുടെ ഉത്തരവുമായി ഒടുവില്‍ പര്‍വീണ്‍ കസ്വാന്‍ ഐഎഫ്എസ് ഉച്ചയ്ക്ക് മൂന്ന് ഇരുപതോടെ വീണ്ടും ട്വിറ്ററില്‍ എത്തിയിരുന്നു. 'അതൊരു ഹിമാലയന്‍ ലിങ്ക്‌സ് ആണ്. ഇന്ത്യയില്‍ കാണപ്പെടുന്ന കാട്ടുപൂച്ചകളില്‍ ഒന്ന്. മനോഹരവും അപൂര്‍വവുമായ ഒരു ജീവി. ലേ-ലഡാക്കില്‍ കണ്ടെത്തി. മഞ്ഞു പുള്ളിപ്പുലിയും പല്ലാസ് പൂച്ചയുമാണ് ഈ മേഖലയില്‍ കാണപ്പെടുന്ന മറ്റുള്ളവ.' വീക്കിപീഡിയയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് കൊണ്ട് അദ്ദേഹം എഴുതി. കൂടെ മറ്റൊന്നും കൂടി അദ്ദേഹം കുറിച്ചു വീഡിയോയിലെ മറ്റ് ജീവികള്‍ എന്തൊക്കെയാണെന്നും അവ എന്താണ് ചെയ്യുന്നതെന്നും ഇപ്പോള്‍ നിങ്ങള്‍ക്ക് പറയാമോയെന്ന്. ഏതാണ്ട് ഇരുപത്തിയേഴായിരം പേര്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ പോസ്റ്റും ഇതിനോടകം കണ്ടുകഴിഞ്ഞു.

യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ വനങ്ങളില്‍ കാണപ്പെടുന്ന ചെറിയ വാലോടുകൂടിയ പൂച്ചകളുടെ നാല് ഇനങ്ങളില്‍ ഒന്നാണ് ലിങ്ക്‌സ്. അവയ്ക്ക് ചെവികള്‍ അല്പം ഉയര്‍ന്നിരിക്കും. സിംഹത്തിന്റെ സടയ്ക്ക് സമാനമായ രോമാവൃതമായ മുഖമാണ് അവയ്ക്കുള്ളത്. ഒപ്പം രോമമുള്ള പാദങ്ങളും വീതിയേറിയതും എന്നാല്‍ ചെറിയ തലയുമാണ് അവയുടേത്. സാധാരണ ലിന്‍ക്‌സുകള്‍ പക്ഷികളെയും ചെറിയ സസ്തനികളെയുമാണ് ഭക്ഷിക്കുന്നത്.

ladakh lings india