ആയുധം ഉപയോഗിച്ച് മുതലയുടെ തലഭാഗം മുറിച്ചെടുത്തതാണെന്നത് ആദ്യകാഴ്ചയില്‍ തന്നെ വ്യക്തമാണെന്നാണ് ചിത്രത്തിനൊപ്പം ടോം പങ്കുവച്ചിരിക്കുന്ന കുറിപ്പ്. വിനോദത്തിനായി മൃഗങ്ങളെ വേട്ടയാടി അവയുടെ തലയറുത്ത് സൂക്ഷിക്കുന്നതിനാണ് മുതലയെ കൊലപ്പെടുത്തിയതെന്ന് ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല മുതലയുടെ ശരീരത്തില്‍ മറ്റ് യാതൊരുവിധ മുറിവുകളോ ചതവുകളോ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ മറ്റേതെങ്കിലും മുതലയോ മൃഗമോ ആക്രമിച്ചതാകാനുള്ള സാധ്യതയില്ലെന്നും ടോം വിശദീകരിച്ചു.
വൈകാതെ സംഭവം വാര്‍ത്തയായതോടെ ക്വീന്‍സ്ലന്‍ഡിന്റെ പരിസ്ഥിതികാര്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തി. ജഡം അഴുകിയ നിലയിലായതിനാല്‍ അതില്‍ പരിശോധനകള്‍ നടത്താന്‍ സാധ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാത്രമല്ല തലഭാഗം ഇല്ലാതിരുന്നതിനാല്‍ പരിശോധനകള്‍ നടത്തിയാലും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കില്ല എന്നാണ് ഇവരുടെ പക്ഷം. കൃത്യമായ കാരണം കണ്ടെത്താന്‍ സാധിക്കില്ല എന്ന നിഗമനത്തില്‍ എത്തിയതോടെ മുതലയുടെ ശിരസ്സില്ലാത്ത ജഡം മറവു ചെയ്യുകയും ചെയ്തു.
പൊതുവെ മുതലകള്‍ തമ്മില്‍ പോരടിക്കാറുണ്ട്. കൂടാതെ ചിലപ്പോഴൊക്കെ അവ സ്വന്തം വര്‍ഗത്തില്‍പ്പെട്ടവയെ ഭക്ഷിക്കുന്ന സാഹചര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റു മുതല ഇനങ്ങളെ അപേക്ഷിച്ച് ലവണ ജലത്തില്‍ ജീവിക്കുന്ന മുതലകള്‍ അങ്ങേയറ്റം ശക്തരാണ്. മൃഗങ്ങളില്‍ തന്നെ അതിശക്തമായി കടിക്കാന്‍ സാധിക്കുന്നത് ഇവയ്ക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. വിനോദത്തിനായി വേട്ടയാടിയ ശേഷം മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ സൂക്ഷിക്കുന്ന രീതി വ്യാപകമായി വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും ലോകത്തിന്റെ പല ഭാഗത്തും ഇത്തരം വേട്ടയാടല്‍ വ്യാപകമായി നടക്കുന്നുണ്ട്.
മുതലകളുടെ എണ്ണം പെരുകുന്ന സാഹചര്യങ്ങളെ നേരിടാന്‍ വേട്ടയാടലിന് പെര്‍മിറ്റ് നല്‍കുന്ന സംവിധാനങ്ങളും ഇന്നുണ്ട്. അറുത്തു മാറ്റിയ മുതല തലകള്‍ക്ക് വിപണന സാധ്യതയാകട്ടെ ഏറെയും. നിയമാനുസൃതമായി വേട്ടയാടി നേടുന്ന തലയോട്ടികള്‍ക്ക് 5000 ഡോളര്‍ വരെ വില ലഭിക്കും.എന്നാല്‍ അനധികൃതമായാണ് അവയെ കൊലപ്പെടുത്തുന്നതെങ്കില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ വന്‍ തുക പിഴ അടയ്‌ക്കേണ്ടിയും വരും. എന്തായാലും ടോമിന്റെ പോസ്റ്റ് ജനശ്രദ്ധ നേടിയതോടെ ഈ ക്രൂരതക്കെതിരെ ഏറെ രോഷത്തോടെയാണ് ആളുകള്‍ പ്രതികരണങ്ങള്‍ അറിയിക്കുന്നത്. കുറ്റവാളിയെ കണ്ടെത്തി തക്കതായ ശിക്ഷ ഉടന്‍ നല്‍കണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും ആവശ്യം.