തെക്കന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയ ഏറെ നാളായി നേരിടുന്ന ഒരു ഗുരുതര പ്രശ്‌നം. ഹിപ്പോകളാണ് ഈ രാജ്യത്തിന് തലവേദന സൃഷ്ടിക്കുന്നത്. കൊളംബിയയിലെ പ്രധാന നദിയായ മഗ്ദലേനയുടെ കരയെ അടക്കി ഭരിച്ചുനടക്കുകയാണിവ.
ശല്യം അതിരൂക്ഷമായതോടെ ഈ വില്ലന്മാരെ നാടുകടത്താനുള്ള ശ്രമത്തിലാണ്. ഇന്ത്യയിലേക്കും മൊറോക്കോയിലേക്കുമാണ് ഹിപ്പോകളെ അയയ്ക്കുക.
കുപ്രസിദ്ധനായ ലഹരിമാഫിയാതലവന്‍ പാബ്ലോ എസ്‌കോബാറാണ് ഹിപ്പോ പ്രശ്‌നത്തിന്റെ തുടക്കക്കാരന്‍. കൊക്കെയ്ന്‍ രാജാവ് എന്നറിയപ്പെടുന്ന എസ്‌കോബാര്‍ ലോകചരിത്രത്തിലെ ഏറ്റവും സമ്പന്നനായ ക്രിമിനലുമായിരുന്നു.
ഹാസിയന്‍ഡ നാപോളിസ് എന്നുപേരുള്ള ഒരു വലിയ വീടും അതിനു ചുറ്റും വിശാലമായ എസ്റ്റേറ്റും എസ്‌കോബാര്‍ സ്വന്തമാക്കിയിരുന്നു. ഈ എസ്‌റ്റേറ്റില്‍ ഒരു മൃഗാശാലയുണ്ടായിരുന്നു. മൃഗശാലയില്‍ എഴുപതുകളില്‍ എസ്‌കോബാര്‍ 4 ഹിപ്പോകളെ എത്തിച്ചു. കൊക്കെയ്ന്‍ ഹിപ്പോകള്‍ എന്നാണ് ഇവയെ അറിയപ്പെട്ടത്.
1993-ല്‍ ഏറ്റുമുട്ടലില്‍ കൊളംബിയന്‍ പൊലീസ് എസ്‌കോബാറിനെ കൊലപ്പെടുത്തി. എസ്‌കോബാറിന്റെ മരണശേഷം കൊളംബിയന്‍ സര്‍ക്കാര്‍ മൃഗശാലയിലെ മൃഗങ്ങളെ മറ്റൊരിടത്തേക്കു മാറ്റി. എന്നാല്‍, ഹിപ്പോകളെ എസ്‌റ്റേറ്റില്‍ തന്നെ വിട്ടു. പിന്നീട് ഇവ പെറ്റുപെരുകാന്‍ തുടങ്ങി. നിലവില്‍ 160 ഹിപ്പോകളാണ് ഇവിടെയുള്ളത്.
പെറ്റുപെരുകി വലിയ കൂട്ടമായി മാറിയതോടെ എസ്‌കോബാറിന്റെ എസ്‌റ്റേറ്റു വിട്ട് ഇവ മഗ്ദലേന നദിക്കരയില്‍ എത്തി. നദിയിലെ നീര്‍നായകള്‍ക്കും കടല്‍പ്പശുക്കള്‍ക്കും ഈ ഹിപ്പോകള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ഹിപ്പോകള്‍ പുറന്തള്ളുന്ന ജൈവരാസ വസ്തുക്കളും നദിക്ക് ഭീഷണിയാണ്. ഈ ജൈവരാസ വസ്തുക്കള്‍ നദിയില്‍ പായലുകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇതും നദിയിലെ ജീവികളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
സര്‍ക്കാരിന്റെ അനുമതിയോടെ ഒരു ഹിപ്പോയെ വേട്ടക്കാര്‍ കൊന്നു. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് ഇവയെ വന്ധ്യംകരിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. വലിയ ചെലവു വരും എന്നതിനാല്‍ ഇതും പരിഹാരമായില്ല.
അതോടെയാണ് ഇവയെ മറ്റു രാജ്യങ്ങളിലേക്ക് നാടുകടത്തുന്നതിനെപ്പറ്റി കൊളംബിയ ചിന്തിച്ചത്. 60 ഹിപ്പോകളെ ഇന്ത്യയിലേക്കും 10 എണ്ണത്തിനെ മൊക്‌സിക്കോയിലേക്കും കയറ്റി അയയ്ക്കും.