ആനക്കൂട്ടം വരുന്നേ വഴി മാറിക്കോ! ആനക്കൂട്ടത്തിന് വഴിയൊരുക്കി കടുവ!

ഒരു കാട്ടാനക്കൂട്ടത്തിന് വഴിമാറി കൊടുത്ത് മറഞ്ഞു നില്‍ക്കുന്ന കടുവയുടെ ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍ ഉള്ളത്.

author-image
Greeshma Rakesh
New Update
ആനക്കൂട്ടം വരുന്നേ വഴി മാറിക്കോ! ആനക്കൂട്ടത്തിന് വഴിയൊരുക്കി കടുവ!

കാട്ടിലെ പ്രധാന വേട്ടക്കാരാണ് കടുവകള്‍. പക്ഷേ ആനകളുമായി അധികം അടുത്തിടപഴകാന്‍ കടുവകള്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. അതിനുദാഹരമായ ഒരു വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഐഎഫ്എസ് ഓഫീസറായ സുശാന്ത് നന്ദ പങ്കുവച്ച ഈ വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഒരു കാട്ടാനക്കൂട്ടത്തിന് വഴിമാറി കൊടുത്ത് മറഞ്ഞു നില്‍ക്കുന്ന കടുവയുടെ ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍ ഉള്ളത്.

 

കാട്ടുപാതയിലൂടെ നടന്നു നീങ്ങുന്ന കടുവ പെട്ടെന്ന് എതിര്‍വശത്തു നിന്നും വരുന്ന കാട്ടാനക്കൂട്ടത്തിന്റെ ശബ്ദം കേള്‍ക്കുന്നു. തുടര്‍ന്ന് വേഗത്തില്‍ തന്നെ കടുവ അവ നടന്നുവരുന്ന വഴിയില്‍ നിന്നും മാറി അവയ്ക്ക് വഴിയൊരുക്കി മണ്ണില്‍ പതുങ്ങി കിടക്കുന്നു. കാട്ടാനക്കൂട്ടം കടുവയെ കണ്ടെങ്കിലും അവ അല്പം പോലും ഭയക്കുകയോ അതിനെ ആക്രമിക്കാന്‍ ചെല്ലുകയോ ചെയ്യുന്നില്ല. പകരം തല ഉയര്‍ത്തിപ്പിടിച്ച് വരിവരിയായി നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍.

മുഴുവന്‍ കാട്ടാനകളും പോയി എന്ന് ഉറപ്പാക്കിയതിനു ശേഷം കടുവ അവിടെ നിന്ന് എഴുന്നേറ്റ് മുന്നോട്ടു പോകാന്‍ തുടങ്ങുന്നതിനിടയില്‍ വീണ്ടും ഒരു കാട്ടാനയുടെ ശബ്ദം കേള്‍ക്കുകയും അത് വേഗത്തില്‍ താന്‍ ആദ്യം ഇരുന്ന സ്ഥലത്തേക്ക് ഓടിവന്ന് ഇരിക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ ആദ്യം പോയ കാട്ടാനക്കൂട്ടത്തില്‍ പെട്ട ഒരു ആന തന്നെയാകാം കടുവയെ മറികടന്ന് മുന്നോട്ടുപോകുന്നതും വീഡിയോയില്‍ കാണാം.

 

ഇങ്ങനെയാണ് മൃഗങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുന്നതും സൗഹൃദം പങ്കിടുന്നതും എന്ന ക്യാപ്ഷന്‍ നല്‍കി കൊണ്ടാണ് സുശാന്ത് നന്ദ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ കൗതുകകരമായ ഈ വീഡിയോ ഇതിനോടകം അനേകം പേരാണ് കണ്ടത്.

കാട്ടുമൃഗങ്ങളായ കടുവകള്‍ സാധാരണയായി മാന്‍, കുരങ്ങുകള്‍, പന്നികള്‍ തുടങ്ങിയ വലുതോ ഇടത്തരമോ ആയ സസ്തനികളെയാണ് വേട്ടയാടുന്നത്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആനകളെ കടുവകള്‍ വേട്ടയാടുന്ന സംഭവങ്ങള്‍ വളരെ വിരളമാണ് എന്നാണ് സുശാന്ത് നന്ദ പറയുന്നത്.

Elephant Wild Life Tiger Wild Animals