സ്‌കോട്ട്‌ലന്‍ഡിലെ നോര്‍ത്ത് ടോള്‍സ്റ്റയില്‍ തീരത്ത് കുടുങ്ങിയതിനെത്തുടര്‍ന്ന് 55 തിമിംഗലങ്ങള്‍ ചത്തു. പൈലറ്റ് വെയില്‍ ഇനത്തില്‍പ്പെട്ട തിമിംഗലങ്ങളാണ് കൂട്ടമായി തീരത്തടിഞ്ഞത്. തങ്ങളുടെ കൂട്ടവുമായി എപ്പോഴും ബന്ധം പുലര്‍ത്തുന്നവയാണ് പൈലറ്റ് തിമിംഗലങ്ങള്‍. കൂട്ടത്തില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ രക്ഷയ്ക്കായി മറ്റുള്ളവരും എത്തും. സാധാരണ ഈ ഇനത്തില്‍പ്പെട്ട തിമിംഗലങ്ങള്‍ കരയിലേക്ക് എത്താറില്ല. വഴിതെറ്റിയതോ പ്രതികൂല സാഹചര്യമോ കാരണമാകാം തിമിംഗല കൂട്ടത്തിന് ഇങ്ങനെയൊരു ദുരന്തം സംഭവിച്ചതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ഞായറാഴ്ച രാവിലെ തിമിംഗലങ്ങള്‍ കൂട്ടമായി കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ആളുകള്‍ ബ്രിട്ടീഷ് ഡൈവേഴ്‌സ് മറൈന്‍ ലൈഫ് റെസ്‌ക്യൂ എന്ന ചാരിറ്റി സംഘടനയെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ സംഘടനയിലെ അംഗങ്ങള്‍ സ്ഥലത്തെത്തുമ്പോഴേക്കും തിമിംഗലങ്ങളില്‍ 15 എണ്ണത്തിന് മാത്രമാണ് ജീവനുണ്ടായിരുന്നത്. കൂട്ടത്തില്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നു തോന്നിയ തിമിംഗലങ്ങളെ രക്ഷാപ്രവര്‍ത്തകര്‍ തിരികെ കടലിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവയില്‍ ഒന്നിന് മാത്രമാണ് രക്ഷപ്പെടാന്‍ സാധിച്ചത്. കടലിലേക്ക് ഇറക്കിവിട്ട മൂന്നെണ്ണം തിരികെ തീരത്ത് തന്നെ എത്തുകയും ജീവന്‍ നഷ്ടപ്പെടുകയുമായിരുന്നു.
തിമിംഗലങ്ങളെല്ലാം ചത്തതായി സംഘടന തന്നെയാണ് വെളിപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം അങ്ങേയറ്റം ശ്രമകരമായിരുന്നുവെന്നും ഉള്‍പ്രദേശമായതിനാല്‍ വൈദ്യസംഘത്തിന് സഹായം എത്തിക്കാന്‍ കാലതാമസം നേരിട്ടുവെന്നും ജീവനക്കാര്‍ പറഞ്ഞു. എങ്കിലും ജീവനുള്ളവയ്ക്ക് പ്രാഥമിക ശുശ്രൂഷകളും നല്‍കിയിരുന്നു. നിലവില്‍ തിമിംഗലങ്ങളുടെ ജഡങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ ജനങ്ങള്‍ തീര മേഖലയിലേക്ക് എത്തരുതെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്.
അതേസമയം ഇത്രയധികം തിമിംഗലങ്ങള്‍ കൂട്ടമായി തീരത്ത് വന്ന് കുടുങ്ങിയതിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ കൂട്ടത്തില്‍പ്പെട്ട ഒരു പെണ്‍ തിമിംഗലത്തിന്റെ യോനിഭാഗത്തിന് സ്ഥാനചലനം ഉണ്ടായതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതിനാല്‍ ഇത് കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നിരിക്കാമെന്നാണ് അനുമാനം. മറ്റു തിമിംഗലങ്ങള്‍ സഹായിക്കാനായി ഒപ്പം നിന്നതുകൊണ്ടാവാം ഇത്രയധികം പേര്‍ തീരത്ത് കുടുങ്ങിയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. മരണകാരണം അറിയാന്‍ തിമിംഗലങ്ങളെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും.