ഹെലികോപ്റ്റര്‍ സ്ഥലം മാറിയിറങ്ങി; രാഹുല്‍ വിളിച്ചു 'ഏയ് ഓട്ടോ

പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു രാഹുലിന്റെ ഓട്ടോ സവാരി. പ്രചാരണംകഴിഞ്ഞ് എസ്.കെ.എം.ജെ. സ്‌കൂളിലെ ഹെലിപ്പാഡിലേക്ക് മടങ്ങുന്നതിനിടെയാണ് കല്പറ്റയിലെ എടപ്പെട്ടിയില്‍നിന്ന് രാഹുല്‍ഗാന്ധി ഷെരീഫിന്റെ ഓട്ടോയില്‍ കയറുന്നത്.

author-image
Aswany Bhumi
New Update
ഹെലികോപ്റ്റര്‍ സ്ഥലം മാറിയിറങ്ങി; രാഹുല്‍ വിളിച്ചു 'ഏയ് ഓട്ടോ

 

കല്പറ്റ: ഓട്ടോയില്‍ യാത്രചെയ്തും കുട്ടികള്‍ക്ക് ഹെലികോപ്റ്റര്‍ പരിചയപ്പെടുത്തിയും രാഹുല്‍ ഗാന്ധി. കല്പറ്റയിലും കോഴിക്കോട്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു രാഹുലിന്റെ ഓട്ടോ സവാരി. പ്രചാരണംകഴിഞ്ഞ് എസ്.കെ.എം.ജെ. സ്‌കൂളിലെ ഹെലിപ്പാഡിലേക്ക് മടങ്ങുന്നതിനിടെയാണ് കല്പറ്റയിലെ എടപ്പെട്ടിയില്‍നിന്ന് രാഹുല്‍ഗാന്ധി ഷെരീഫിന്റെ ഓട്ടോയില്‍ കയറുന്നത്.

കല്പറ്റ മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി. സിദ്ദിഖ്, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. എന്നിവരും ഒപ്പമുണ്ടായിരുന്നു. ഓട്ടോറിക്ഷയില്‍ കയറിയ ഉടനെ ചോദ്യം ഇന്ധനവില വര്‍ധനയെക്കുറിച്ചായിരുന്നു. വലിയ പ്രയാസത്തിലാണ് മുന്നോട്ടുപോവുന്നതെന്ന് ഷെരീഫ് മറുപടി പറഞ്ഞു.

കോഴിക്കോട്ട് റോഡ്‌ഷോയ്ക്കെത്തിയ രാഹുല്‍ഗാന്ധിയുടെ ഹെലികോപ്റ്റര്‍ സ്ഥലം മാറിയിറങ്ങിയതോടെ റോഡ്‌ഷോ നടക്കുന്ന കോഴിക്കോട് ബീച്ചിലേക്ക് രാഹുല്‍ എത്തിയത് ഓട്ടോറിക്ഷയില്‍. ബീച്ച് മറൈന്‍ ഗ്രൗണ്ടിലെ ഹെലിപ്പാഡിലിറങ്ങേണ്ടതിനു പകരം രണ്ടുകിലോമീറ്റര്‍ അകലെയുള്ള ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്ററിറങ്ങിയത്.

സ്ഥലംമാറിപ്പോയതറിഞ്ഞ് പോലീസ് അവിടെയെത്തിയെങ്കിലും സര്‍ക്കാര്‍ വാഹനമായതിനാല്‍ പോലീസ് വാഹനത്തില്‍ കയറാന്‍ രാഹുല്‍ തയ്യാറായില്ല.
സ്വകാര്യവാഹനം സംഘടിപ്പിച്ച് നല്‍കിയാല്‍മതിയെന്ന് ആവശ്യപ്പെട്ടതോടെ ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ പി.കെ. രാജു ഓട്ടോ വിളിച്ചുനല്‍കുകയായിരുന്നു.

രാഹുല്‍ഗാന്ധിയ്ക്കൊപ്പമുണ്ടായിരുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും സെക്യൂരിറ്റിഗാര്‍ഡും അതില്‍കയറി ബീച്ച് മറൈന്‍ ഗ്രൗണ്ടിലെത്തി. അവിടെനിന്ന് കാറിലാണ് പുതിയകടവ് ബീച്ചിലേക്ക് എത്തിയത്.
ഈസ്റ്റര്‍ദിനത്തില്‍ വയനാട്ടിലെ എടപ്പെട്ടി ജീവന്‍ ജ്യോതി ചില്‍ഡ്രന്‍സ് ഹോമിലേക്ക് എത്തുമ്പോള്‍ സാനിയ ജ്യോതിഷിന്റെ ആഗ്രഹം രാഹുല്‍ ഗാന്ധിയെ നേരില്‍ക്കാണുകയെന്നതായിരുന്നു.

എന്നാല്‍, ജീവന്‍ ജ്യോതിയും രാഹുല്‍ ഗാന്ധിയും സാനിയയ്ക്കായി കാത്തുവെച്ചത് ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങള്‍. പൈലറ്റാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സാനിയയെയുംകൂട്ടി ഹെലിപ്പാഡിലെത്തി ഹെലികോപ്റ്റര്‍ പരിചയപ്പെടുത്തിയശേഷമാണ് രാഹുല്‍ ഗാന്ധി ഞായറാഴ്ച കല്പറ്റ വിട്ടത്.

ഒന്നിച്ച് ഭക്ഷണംകഴിക്കുന്നതിനിടെയാണ് സാനിയയോട് എന്താകാനാണ് ആഗ്രഹം എന്ന് രാഹുല്‍ ചോദിച്ചത്. പൈലറ്റാകണമെന്നായിരുന്നു മറുപടി.
തുടര്‍ന്ന് സാനിയയുമായി ഹെലിപ്പാഡിലെത്തിയ രാഹുല്‍ ആദ്യം പൈലറ്റിന് സാനിയയെ പരിചയപ്പെടുത്തി. ഹെലികോപ്റ്ററിന്റെ ഓരോ കാര്യവും പൈലറ്റ് വിശദീകരിച്ചു.

ഹെലികോപ്റ്ററിലും കയറ്റി. ഭാവിയില്‍ പൈലറ്റാകണമെന്നും എന്തുസഹായം വേണമെങ്കിലും ബന്ധപ്പെടണമെന്നും രാഹുല്‍ സാനിയയോട് പറഞ്ഞു. അദ്ദേഹത്തിനൊപ്പം ഹെലികോപ്റ്ററിനടുത്തുനിന്ന് ഫോട്ടോയുമെടുത്താണ് സാനിയ മടങ്ങിയത്.

എടപ്പെട്ടിയിലെ ജ്യോതിഷ്–സ്മിത ദമ്പതിമാരുടെ ഏകമകളായ സാനിയ എസ്.കെ.എം.ജെ. എച്ച്.എസ്.എസിലെ പ്‌ളസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ്.
ഞായറാഴ്ച തിരുനെല്ലിക്ഷേത്രത്തില്‍ രാഹുല്‍ ദര്‍ശനവും നടത്തി.

പിന്നീട് തിരുവനന്തപുരം പൂജപ്പുരയില്‍ പൊതുയോഗത്തിലും കേശവദാസപുരം മുതല്‍ കണ്ണംമൂലവരെ സ്ഥാനാര്‍ഥിയോടൊപ്പം രാഹുല്‍ പര്യടനവും നടത്തി.

rahul gandhi election campaign