കഴക്കൂട്ടത്ത് വിയര്‍ക്കും; ശോഭയും കടകംപള്ളിയും ലാലും ഒപ്പത്തിനൊപ്പം

തലസ്ഥാനത്തെ സ്റ്റാര്‍ മണ്ഡലങ്ങളില്‍ ഒന്നാണ് കഴക്കൂട്ടം. തിരുവനന്തപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന കഴക്കൂട്ടം, ശ്രീകാര്യം എന്നീ പഞ്ചായത്തുകളും ഇതേ താലൂക്കില്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ ഒന്നു മുതല്‍ 12 വരെയുള്ള വാര്‍ഡുകള്‍ 14, 76, 76, 81 എന്നീ വാര്‍ഡുകളും ചേര്‍ന്നതാണ് കഴക്കൂട്ടം നിയോജക മണ്ഡലം.

author-image
ശിശിര എ.വൈ
New Update
കഴക്കൂട്ടത്ത് വിയര്‍ക്കും; ശോഭയും കടകംപള്ളിയും ലാലും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: തലസ്ഥാനത്തെ സ്റ്റാര്‍ മണ്ഡലങ്ങളില്‍ ഒന്നാണ് കഴക്കൂട്ടം. തിരുവനന്തപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന കഴക്കൂട്ടം, ശ്രീകാര്യം എന്നീ പഞ്ചായത്തുകളും ഇതേ താലൂക്കില്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ ഒന്നു മുതല്‍ 12 വരെയുള്ള വാര്‍ഡുകള്‍ 14, 76, 76, 81 എന്നീ വാര്‍ഡുകളും ചേര്‍ന്നതാണ് കഴക്കൂട്ടം നിയോജക മണ്ഡലം.

സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ കടകംപളളി സുരേന്ദ്രന്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഇത്തവണ പ്രബലരായ സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്.

ശോഭാ സുരേന്ദ്രനാണ് കഴക്കൂട്ടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ഡോ.എസ്.എസ്.ലാല്‍ എന്ന ഓള്‍ ഇന്ത്യ പ്രൊഫഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെ യുഡിഎഫും രംഗത്തിറക്കിയിരിക്കുന്നു.

 കുറച്ച് ദിവസത്തെ സസ്‌പെന്‍സിന് ശേഷമാണ് കഴക്കൂട്ടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. മത്സരിച്ച ഇടങ്ങളിലെല്ലാം ബിജെപിക്ക് വോട്ട് വിഹിതം ഉയര്‍ത്തിയ ശോഭ തന്നെ കഴക്കൂട്ടത്ത് എത്തുമ്പോള്‍ എന്‍ഡിഎയും ശുഭപ്രതീക്ഷയിലാണ്.

വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു കടകംപള്ളിയും വിശ്വാസവും ശബരിമല വിഷയവും ആയുധമാക്കി ശോഭാസുരേന്ദ്രനും വികസനപോരായ്മകള്‍ ചൂണ്ടിക്കാട്ടി എസ്.എസ്.ലാലും കളം നിറയുകയാണ്.

വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ നടത്തിയതെന്നാണ് യുഡിഎഫിന്റെയും ബിജെപിയുടെയും പ്രധാന ആരോപണം.

ശബരിമല വിഷയം ഉന്നയിച്ചുകൊണ്ടാണ് ശോഭാ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.

യുഡിഎഫും ശബരിമല പ്രചാരണ വിഷയമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. 2000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അവകാശപ്പെട്ടാണ് മന്ത്രി വോട്ട് ചോദിക്കുന്നത്.

എന്നാല്‍ ശബരിമല വിഷയത്തെ കുറിച്ച് ഇനി അഭിപ്രായം പറയാനില്ലെന്നും കടകംപള്ളി പറയുന്നു.  തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ ഖേദപ്രകടനം നടത്തിയിരുന്നു.

എന്നാല്‍ മന്ത്രിയെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ രംഗത്തെത്തിയത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.

ചരിത്രം പരിശോധിച്ചാല്‍ യുഡിഎഫിന് പിന്തുണയുള്ള  മണ്ഡലമാണ് കഴക്കൂട്ടം. എന്നാല്‍ 2016-ലെ തിരഞ്ഞെടുപ്പില്‍ വാഹിദിനെ പിന്തള്ളി ബിജെപി നേതാവ് വി.മുരളീധരന്‍ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് മണ്ഡലം ശ്രദ്ധിക്കപ്പെടുന്നത്.

ഒരുപോലെ മൂന്ന് മുന്നണികള്‍ക്ക് വിയര്‍ക്കേണ്ടി വരുന്ന മണ്ഡലം കൂടിയാണ് കഴക്കൂട്ടം. 21 കോര്‍പറേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലം.

തദ്ദേശ വാര്‍ഡുകളില്‍ മിക്കതും ഭരിക്കുന്നത് എല്‍ഡിഎഫാണ്. രണ്ടാം സ്ഥാനത്ത് ബിജെപിയും. കഴിഞ്ഞ മൂന്ന് വ്യത്യസ്ത തിരഞ്ഞെടുപ്പുകളിലും മണ്ഡലത്തില്‍ ബിജെപി രണ്ടാം സ്ഥാനം നിലനിര്‍ത്തിയെന്നത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു.

ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെങ്കില്‍ ഇരുമുന്നണികളെയും തറപറ്റിച്ച് വിജയിക്കാമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ചരിത്രം നോക്കിയാല്‍ യുഡിഎഫിന് വലിയ സ്വാധീനമുള്ള മണ്ഡലമാണിത്.

1980 മുതല്‍ 2016 വരെയുള്ള ചരിത്രം പരിശോധിച്ചാല്‍ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കാലം വിജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ്.

 
kazhakkoottam