എറണാകുളം ജില്ലയിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് തൃപ്പുണിത്തുറ. മുൻ മന്ത്രി കെ. ബാബു സിറ്റിംഗ് എം.എൽ.എ എം.സ്വരാജിനെ വീണ്ടും നേരിടുകയാണ്.പി.എസ്.സി മുൻ ചെയർമാൻ കെ. എസ്. രാധാകൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
2016-ൽ 4,467 വോട്ടിനാണ് കെ. ബാബുവിനെ എം. സ്വരാജ് പരാജയപ്പെടുത്തിയത്. ശബരിമല, വികസനപ്രവർത്തനങ്ങൾ, രാഷ്ട്രീയം, അഴിമതി തുടങ്ങിയവ ചർച്ച ചെയ്യുന്നമണ്ഡലത്തിലെ ജയസാദ്ധ്യതകളെപ്പറ്റി കെ, ബാബു സംസാരിക്കുന്നു.
വോട്ടർമാരോട് മുൻ മന്ത്രിക്ക് പറയാനുളളതെന്താണ്?
ഞാൻ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നത് തന്നെയാണ് ഏറ്റവും പ്രധാനം. മണ്ഡലത്തിലെ ബഹുമുഖ പ്രശ്നങ്ങൾ മുൻകാലങ്ങളിൽ പരിഹരിച്ചിട്ടുണ്ട്. ഇനിയും അത് തുടരും. കഴിഞ്ഞ അഞ്ചുവർഷം ഞാൻ എം.എൽ.എ ആയിരുന്നില്ല. എന്നെ തോൽപ്പിച്ച എം.എൽ.എയുടെ സാന്നിദ്ധ്യം ഈ മണ്ഡലത്തിൽ വളരെക്കുറവായിരുന്നു.
അദ്ദേഹം സർക്കാരിന്റെ ദുഷ്ചെയ്തികളെ ന്യായീകരിക്കാൻ സായാഹ്നങ്ങളിൽ വിഷ്വൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്നൊരു രീതിയൊഴിച്ചാൽ, ജനങ്ങളിൽ നിന്നകന്ന എം.എൽ.എ ആണ്. ധാരാളം വികസനപദ്ധതികൾ നടത്തിയെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കടലാസിൽ മാത്രമാണ്. അതുകൊണ്ട് ഇവിടെയൊരു മാറ്റമാവശ്യമാണ്. അത് എനിക്ക് അനുകൂലമായി മാറും. ഇവിടെ യു.ഡി.എഫിന് വിജയിക്കാനുള്ള സാദ്ധ്യതകൾ ഏറെയാണ്.
മന്ത്രിയായിരുന്നപ്പോൾ നടപ്പാക്കാനാകാതെ പോയ പദ്ധതികൾ?
ഞാൻ മന്ത്രിയായിരുന്നപ്പോൾ കേരളത്തിലെ പല മെഗാപദ്ധതികളും എന്റെ വകുപ്പുകളിലായിരുന്നു. കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, ഫിഷറിസ് മേഖലയിലെ പദ്ധതികൾ തുടങ്ങിയവ. കൊച്ചി മെട്രോ സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ എന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. ഇനിയൊരവസരം കിട്ടിയാൽ തീർച്ചയായും മെട്രോ റെയിൽ തൃപ്പുണിത്തറയിലേയ്ക്കും അവിടെ നിന്ന് പാലസ്റോഡിലേയ്ക്കും നീട്ടാനുള്ള പരിശ്രമം നടത്തും.
കുടിവെള്ളപ്രശ്നം അഞ്ചുകൊല്ലം മുമ്പ് പരിഹരിച്ചതാണ്. അതിപ്പോൾ രൂക്ഷമായിട്ടുണ്ട്. എല്ലാവർക്കും കുടിവെള്ളമെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. അടിസ്ഥാനമേഖലയിൽ ധാരാളം റോഡുകളും പാലങ്ങളും നിർമ്മിച്ചിട്ടുണ്ട്. ഇനി കുറേക്കൂടി ആ രംഗത്ത് മുന്നോട്ടുപോകാനാഗ്രഹിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനാവശ്യമായ ധാരാളം പദ്ധതികൾ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ചിരുന്നു. പലതും നിന്നു പോയി. അത് പുനാരവിഷ്‌ക്കരിച്ച് നടപ്പാക്കണം. ഇവിടുത്തെ അടിസ്ഥാന വികസനത്തിനും ദുർബ്ബലജനവിഭാഗങ്ങളുടെ പുരോഗതിക്കും ആവശ്യമായ പദ്ധതികൾ ഇനിയൊരവസരം കൂടി കിട്ടിയാൽ ജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കാൻ പരിശ്രമിക്കും.
ബാർ കോഴക്കേസിൽ അഗ്നിശുദ്ധി വരുത്തിയാണ് മത്സരരംഗത്തെത്തിയത്. ആ ആരോപണങ്ങളെക്കുറിച്ച് ?
യഥാർത്ഥത്തിൽ, വിജിലൻസുകാർ എന്നെ വേട്ടയാടുകയായിരുന്നു. എൽ.ഡി.എഫ് സർക്കാരും. മുഖ്യമന്ത്രിയുടെ വകുപ്പാണല്ലോ? മുഖ്യമന്ത്രിയറിയാതെ അങ്ങനെ നടക്കില്ല. എന്റെ ഈ വീട്ടിലും മക്കളുടെ വീടുകളിലും റെയ്ഡ് നടത്തി. 96 വയസായ എന്റെ അമ്മായിയമ്മയെ വരെ ചോദ്യംചെയ്ത് പീഡിപ്പിച്ചു. അങ്ങനെ ക്രൂരമായി എന്നോട് പെരുമാറിയിട്ടുണ്ട്.
അതിലൊക്കെ ഞങ്ങളും ജനങ്ങളും വളരെയേറെ ദുഃഖിതരായിരുന്നു. ഇന്നിപ്പോൾ 100കോടി രൂപയുടെ കേസ് വിജിലൻസ് പരിശോധിച്ച് തെളിവുകളൊന്നുമില്ലായെന്ന് കോടതിയിൽ റിപ്പോർട്ട് കൊടുത്തിരിക്കുകയാണ്. യാതൊരു തെളിവുമില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് റിപ്പോർട്ട് പറയുന്നു. അപ്പോൾ തീർച്ചയായുമെനിക്ക് ആത്മാഭിമാനത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയും.
ആരോപണങ്ങൾ കഴിഞ്ഞ തവണ വിജയസാദ്ധ്യതയെ ബാധിച്ചിരുന്നോ?
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ ആക്ഷേപങ്ങൾ വോട്ടിംഗിനെ ബാധിച്ചില്ല. എനിക്ക് കിട്ടിയിരുന്ന വോട്ടുകൾക്ക് വ്യത്യാസം വന്നില്ല. സി.പി.എമ്മിന് വോട്ട് കൂടിയിട്ടില്ല. ബി.ജെ.പി ബി.ഡി.ജെ.എസ്. സഹായത്തോടെ 29,800 വോട്ട് പിടിച്ചു. അവർക്ക് സാധാരണഗതിയിൽ ഇത്ര വോട്ട് കിട്ടാറില്ല. തുറവൂർ വിശ്വംഭരനെന്ന അദ്ധ്യാപകന്റെ സ്ഥാനാർത്ഥിത്വമവർക്ക് അനുഗ്രഹമായി. അതാണ് എന്റെ തോൽവിക്കുണ്ടായ കാരണം. അതില്ലായിരുന്നെങ്കിൽ കഴിഞ്ഞ പ്രാവശ്യം വിജയിക്കുമായിരുന്നു.
പ്രധാനമന്ത്രി ഇന്നത്തെപ്പോലെ ഒരുപാട് എതിർപ്പുകൾ നേരിടുന്ന ഘട്ടമായിരുന്നില്ല. പ്രധാനമന്ത്രി മദ്ധ്യകേരളത്തിലാകെ വന്ന ഏകസ്ഥലവും തൃപ്പുണിത്തുറയായിരുന്നു. പിന്നെ എന്റെ സ്ഥാനാർത്ഥിത്വം പാർട്ടിയിലെ ചില ഉത്തരവാദപ്പെട്ട നേതാക്കൾ വച്ച് താമസിപ്പിച്ച് ഞാനൊരു കുഴപ്പക്കാരനാണെന്ന പ്രതീതി ഉണ്ടാക്കി. അതൊക്കെയാണ് തോൽക്കാൻ കാരണം.
ബി.ജെ.പിയുടെ വർദ്ധിക്കുന്ന സ്വാധീനം ഭീഷണിയാണോ ?
ഒരിക്കലുമില്ല. കഴിഞ്ഞ പ്രാവശ്യം ബി.ജെ.പിക്ക് വോട്ടുചെയ്തത് അബദ്ധമായിപ്പോയി. അതിന്റെ ഫലം കിട്ടിയത് എൽ.ഡി.എഫിനാണെന്നൊരു വിശ്വാസം ജനങ്ങൾക്കിടയിലുണ്ടായിട്ടുണ്ട്. ഈ എം.എൽ.എയാണെങ്കിൽ വിശ്വാസികളെയടക്കം വളരെയേറെ വേദനിപ്പിക്കുകയും ആചാരനുഷ്ഠാനങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അതുകൊണ്ടിവിടെ വിശ്വാസികളായ ജനങ്ങൾ വളരെ സങ്കടത്തിലാണ്. തീർച്ചയായും ബി.ജെ.പിക്ക് വോട്ടുചെയ്താൽ അതിന്റെ ഗുണം സി.പി.എമ്മിനായിരിക്കുമെന്ന് ഇവിടുത്തെ ആളുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവർ ആ തെറ്റ് , ആ അബദ്ധം ആവർത്തിക്കില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
എതിർ സ്ഥാനാർത്ഥിയെപ്പറ്റി?
വ്യക്തിപരമായി ഒന്നും പറയാനില്ല. അദ്ദേഹം ജനങ്ങൾക്ക് ഒരുപാട് വാഗ്ദാനങ്ങൾ നൽകി. പ്രധാനപ്പെട്ട ഒരു വാഗ്ദാനം, നിങ്ങൾക്ക് എന്തെങ്കിലും ഒരു കാര്യം തിരുവനന്തപുരത്ത് സാധിക്കാനുണ്ടെങ്കിൽ സെൻട്രൽ സ്റ്റേഷനിൽ വന്ന് ഒരു മിസ്ഡ് കോൾ ഇട്ടാൽ മതി ഞാൻ വന്ന് ഓട്ടോറിക്ഷയിൽ കൊണ്ടുപോയി ആ കാര്യം നടത്തിത്തരും എന്നായിരുന്നു. എന്നാൽ അദ്ദേഹത്തെ കാണാനും കിട്ടിയില്ല, ഫോണിലും കിട്ടിയില്ല. ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഒരു സഹായിയില്ലാതെ നിയോജകമണ്ഡലത്തിൽ ഒരിടത്തും പോകാനാകില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അമ്പത് പേരുടെ കൂട്ടത്തിലേക്കിറങ്ങിയാൽ 25 പേർക്കുപോലും ഇപ്പോൾ അദ്ദേഹത്തെ തിരിച്ചറിയാനാകില്ല. അത്രയറെ ജനങ്ങളിൽ നിന്നകന്നിട്ടുണ്ട്.
ഉമ്മൻചാണ്ടിയുടെ പിടിവാശിയിലാണോ സീറ്റുറപ്പിച്ചത്?
അങ്ങനെ പിടിവാശിയും ഒപ്പിക്കലൊന്നുമില്ല. എ.ഐ.സി.സി.സർവ്വേയിൽ ഇവിടെ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള ആളായി എന്നെയാണ് കണ്ടെത്തിയത്. ഇവിടെപരിഗണിച്ച പലരും വിജയിക്കില്ലെന്ന് വ്യക്തമായിരുന്നു. സി.പി.എമ്മിന് അതിശക്തമായ കേഡർ സംവിധാനമുള്ള മണ്ഡലമാണിത്. സമീപകാലത്ത് ബി.ജെ.പിയും ശക്തിപ്പെട്ടുവരുന്നു. അവരുടെ പ്രധാന നിയേിജകമണ്ഡലങ്ങളിലൊന്നാണ് തൃപ്പുണിത്തുറ. ഇവിടെയൊരു സ്ഥാനാർത്ഥിയെ കെട്ടിയിറക്കിയാൽ വിജയിക്കില്ലെന്ന ബോദ്ധ്യം ഉമ്മൻചാണ്ടിക്കുണ്ടായിരുന്നു. ഈ സീറ്റ് കൈവിട്ടു പോകരുതെന്ന ബോദ്ധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. മെറിറ്റ് കണ്ടതിന്റെ അടിസ്ഥാനത്തിലത് കൈകാര്യം ചെയ്തു. അതെനിക്ക് ഗുണകരമായി. ഞാനും അദ്ദേഹവും തമ്മിൽ നല്ല അടുപ്പവുമുണ്ട്.
ഭരണത്തുടർച്ചയുണ്ടാകുമോ?
ഇല്ല. തീർച്ചയായും യു.ഡി.എഫ് അധികാരത്തിൽ വരും. കേരളത്തിൽ ഒരു ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ദേശീയബദലായിരിക്കും ഈ സർക്കാരെന്ന് പറഞ്ഞാണ് അധികാരത്തിൽ വന്നത്. അഞ്ചുകൊല്ലം കൊണ്ട് കാണിച്ച ദേശീയബദൽ ഇതാണെങ്കിൽ ഇന്ത്യ മുടിഞ്ഞുപോകും. കാരണം അഴിമതി, സ്വജനപക്ഷപാതം, പിൻവാതിൽ നിയമനം, വകസനരംഗത്തുള്ള തകർച്ച എന്നിവ കേരളത്തെ സാമ്പത്തിക തളർച്ചയിലേക്കെത്തിച്ചു. സംസ്ഥാനത്തെ ഇത്തരത്തിലാക്കിത്തീർത്തത് ഈ സർക്കാരിന്റെ അഴിമതിയൊന്ന് മാത്രമാണ്. കടമെടുത്ത് പരസ്യം കൊടുക്കുന്ന സർക്കാരാണിത്. ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്. തിരിച്ചറിവും തിരിച്ചടിയുമുണ്ടാകും. യു.ഡി.എഫ് വരും.