ആലപ്പുഴ: 'പാക്കൂച്ചേ എല്‍ഡിഎഫ്, അല്‍പയാന്‍ സത്തക്ക് വികാസ് മാട്ടേ. എല്‍ഡിഎഫ് ഒമിദ്വാര്‍ ശ്രീ. പി.പി.ചിത്തരഞ്ജന്‍, ആപ്‌നോ മത്ത് ദയ് ജിത്താവോ'- ഗുജറാത്തി ഭാഷയില്‍ ചുവരെഴുത്ത് കണ്ടാല്‍ ഗുജറാത്തിലാണോയെന്ന് ആദ്യമൊന്ന് സംശയിക്കും.
നിയമസഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മലയാളത്തില്‍ മാത്രമല്ല, ഗുജറാത്തി ഭാഷയിലും വോട്ടുതേടിയുള്ള പ്രചാരണത്തിന്റെ ഭാഗമാണിത്. സീ വ്യൂ വാര്‍ഡിലെ ഗുജറാത്തി സ്ട്രീറ്റില്‍ സ്ഥിരതാമസമാക്കിയ ഗുജറാത്തികളുടെ വോട്ടുറപ്പിക്കാനാണിത്.
ഗുജറാത്തികള്‍ക്ക് ഒറ്റനോട്ടത്തില്‍ കാര്യം പിടികിട്ടും. തൊട്ടടുത്ത ചുവരില്‍ മലയാളത്തിലും വരികള്‍ എഴുതിയിട്ടുണ്ട്. 'ഉറപ്പാണ് എല്‍ഡിഎഫ്, ആലപ്പുഴയുടെ വികസനത്തിനുവേണ്ടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി.ചിത്തരഞ്ജന് നിങ്ങളുടെ വിലയേറിയ വോട്ട് നല്‍കി വിജയിപ്പിക്കണം' എന്നാണത്.
ഇവിടെ മലയാളത്തില്‍ പോസ്റ്ററും ചുവരെഴുത്തും നടത്തിയാല്‍ പണിപാളും. പതിറ്റാണ്ടുകളായി കൂട്ടത്തോടെ താമസിക്കുന്ന ജൈനരും വൈഷ്ണവരുമായി നൂറുകണക്കിന് ഗുജറാത്തി കുടുംബങ്ങളുണ്ട്.
കച്ചവടം അരങ്ങുവാണിരുന്ന കാലത്ത് ഇവിടെ ആയിരത്തി അഞ്ഞൂറിലേറെ ഗുജറാത്തി കുടുംബങ്ങള്‍ സ്ഥിരതാമസക്കാരായി ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തോമസ് ഐസക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അഡ്വ.റീഗോരാജുവും ഗുജറാത്തി ഭാഷയില്‍ ചുവരെഴുതിയിരുന്നു.