വടകര : വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടിയെന്ന് ആർഎംപി നേതാവ് കെ കെ രമ. യു.ഡി.എഫിനൊപ്പം ശക്തമായ പ്രതിപക്ഷമായി നിയമസഭയിൽ തുടരും. മുന്നണിയിൽ ഇല്ലാത്തതിനാൽ ഓരോ വിഷയത്തിലും സാഹചര്യം അനുസരിച്ച് പാർട്ടിയുമായി ചർച്ച ചെയ്ത് തീരുമാനിക്കും.
സി.പി.എം പ്രവർത്തകരുടെയും വോട്ട് ലഭിച്ചതിനാലാണ് ജയം. ടി പി ചന്ദ്രശേഖരനെ മണ്ണിൽ ഇല്ലാതാക്കിയ സി.പി.എം നേതൃത്വത്തോടുള്ള പ്രതികാരമാണ് തന്റെ വിജയം.
സി.പി.എമ്മിന് വോട്ടർമാർ നൽകിയ മറുപടിയാണിത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ആളുകൾ തനിക്ക് വോട്ട് ചെയ്തു. വ്യത്യസ്തമായ രാഷ്ട്രീയം പറഞ്ഞതിന്റെ പേരിൽ വ്യത്യസ്തമായ ആശയങ്ങളെ മണ്ണിൽ വാഴിക്കില്ലെന്ന തീരുമാനം ഒരു പാർട്ടിക്കും പാടില്ല. അത്തരത്തിൽ ജനാധിപത്യം പുലരണമെന്ന് താത്പര്യമുള്ള ആളുകളാണ് തനിക്ക് വോട്ട് ചെയ്തതെന്ന് കെ കെ രമ ചൂണ്ടിക്കാട്ടി.
എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനെ ഏഴായിരത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു കെ. കെ രമയുടെ ചരിത്ര വിജയം. എൽ.ഡി.എഫിൽ നിന്ന് എൽ.ജെ.ഡി കളത്തിലിറങ്ങിയ പോരാട്ടത്തിൽ കെ.കെ രമയുടെ വിജയം എൽ.ഡി.എഫിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.