തിരുവനന്തപുരം: പതിവ് ശൈലി മാറ്റി കേരളം ഇക്കുറി പരീക്ഷിക്കുന്നത് തുടർഭരണം. ചരിത്രത്തിൽ ആദ്യമായി ജനാധ്യപത്യത്തിലൂടെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ സമ്മാനിച്ച കേരളം, ഇന്ത്യയിൽ തുടർച്ചയായി കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നെന്ന ഖ്യാതിയും സ്വന്തം അക്കൗണ്ടിനോട് ചേർത്തുവെയ്ക്കുന്നു.
തുടർച്ചയായി ഭരിച്ച പശ്ചിമബംഗാളിലും ത്രിപുരയിലും ഭരണത്തിൽ നിന്നും തുടർച്ചയായി പുറത്തിരിക്കപ്പെടുകയും ശക്തിക്ഷയിക്കുകയും ചെയ്ത ഘട്ടത്തിലാണ് കേരളത്തിന്റെ മനംമാറ്റമെന്നതും ശ്രദ്ദേയമാണ്.
മുന്നണികളെ മാറിമാറി വരിക്കുന്ന ചാഞ്ചാട്ടരീതിയിൽ നിന്നും വ്യത്യസ്തമായി തുടർച്ചയായി രണ്ടുവട്ടം ഭരിക്കാൻ ആദ്യമായാണ് സംസ്ഥാനത്ത് ഒരവസരം ഒരുമുന്നണിക്കുണ്ടാവുന്നത്. ഇത് ഒരു പക്ഷെ രാഷ്ട്രീയമായ വലിയമാറ്റത്തിന് കാരണമാവും. മുന്നണികളിലൊന്ന് അനൈക്യം കൊണ്ടും ഭരണമില്ലാതതിനാലും ശക്തിക്ഷയിക്കുന്നയിടത്താണ് മറ്റൊരുരാഷ്ട്രീയമുന്നണി തുടർച്ചയായി ഭരണത്തിലേറുന്നതും.
കഴിഞ്ഞ അഞ്ചുകൊല്ലം നാലുതിരഞ്ഞെടുപ്പു കേരളത്തിൽ നടന്നു. മൂന്നിലും മുന്നണികൾ മാറിമാറി ജയിച്ചു. എന്നാൽ മൂന്നും നാലും തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയം ആവർത്തിച്ചു.
2016-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 77.10 ശതമാനമായിരുന്നു പോളിങ്. ഇടതുമുന്നണിക്ക് 91 സീറ്റ്, 43.1 ശതമാനം വോട്ട്. യു.ഡി.എഫിന് 48 സീറ്റ്, 38.85 ശതമാനം വോട്ട്. എൻ.ഡി.എ.യ്ക്ക് ഒരുസീറ്റും 14.7 ശതമാനം വോട്ടും. ഇടതുമുന്നണിക്ക് മൂന്നിൽരണ്ട് ഭൂരിപക്ഷത്തിന് മൂന്നുസീറ്റുമാത്രം കുറവ്.
2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 77.68 ശതമാനം വോട്ട് ചെയ്യപ്പെട്ടു. 1.91 കോടി പേർ വോട്ടുചെയ്തു. ആകെയുള്ള 20 സീറ്റിൽ 19 യു.ഡി.എഫിന്, 43 ശതമാനം വോട്ട്. എൽ.ഡി.എഫിന് ഒന്നുമാത്രം, 37 ശതമാനം വോട്ട്. എൻ.ഡി.എ.യ്ക്ക് സീറ്റില്ല, 16 ശതമാനം വോട്ട്. അതായത് നിയമസഭാ കണക്കിലൂടെ പരിശോധിച്ചാൽ, യു.ഡി.എഫിന് 123 സീറ്റ്. എൽ.ഡി.എഫിന് 16 മാത്രം. എൻ.ഡി.എ.യ്ക്ക് ഒന്നും. യു.ഡി.എഫിന് നാലിൽ മൂന്നിലേറെ ഭൂരിപക്ഷം. മൂന്നുകൊല്ലംകൊണ്ട് കേരളം മനസ്സ് അപ്പാടെ മാറ്റിക്കളഞ്ഞു.
2020-ൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ. 75.93 ശതമാനം പോളിങ്. എൽ.ഡി.എഫിന് 41.55 ശതമാനംവോട്ട്. യു.ഡി.എഫിന് 37.2 ശതമാനവും എൻ.ഡി.എ.യ്ക്ക് 14.5 ശതമാനവുമെന്ന് ഏകദേശകണക്ക്. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നോക്കിയാൽ ഇടതുമുന്നണിക്ക് 101 സീറ്റ്. യു.ഡി.എഫിന് 38 സീറ്റ്, എൻ.ഡി.എ. ഒന്നുനിലനിർത്തി.
ഈ ക്രമം ആവർത്തിച്ചാൽ ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ജയിക്കേണ്ടതായിരുന്നു. പക്ഷേ, തദ്ദേശതിരഞ്ഞെടുപ്പിലെ ഫലം ഏറക്കുറെ ആവർത്തിക്കുകയാണ് ചെയ്തത്. സ്വാഭാവികമായും യു.ഡി.എഫ് 40 സീറ്റിലൊതുങ്ങി. എൻ.ഡി.എ.യ്ക്ക് കഴിഞ്ഞ തവണത്തെ ഒരുസീറ്റും നഷ്ടമായി.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽനിന്ന് 3.99 ശതമാനം വോട്ടുേനടിയ കേരള കോൺഗ്രസ് എമ്മിലെ പ്രബലവിഭാഗം ഇത്തവണ ഇടതുപക്ഷത്താണ് മത്സരിച്ചത്. 1.46 ശതമാനം വോട്ടുനേടിയ ജനതാദൾ (യു)പിന്നീട് ലോക് താന്ത്രിക് ജനതാദളായി ഇടതുപക്ഷത്തേക്കും മാറി.