കണ്ണൂർ : ജില്ലയിലെ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് ആധിപത്യം, 11-ൽ 9 ഉം എൽ.ഡി.എഫിന്, യു.ഡി.എഫിന് ഒരു സീറ്റുകൂടി നഷ്ടമായി.
മുഖ്യമന്ത്രി പിണറായിവിജയൻ ധർമ്മടത്തും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ മട്ടന്നൂരിലും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂരിലും വിജയിച്ചു. അഴീക്കോട് കെ.എം.ഷാജിയുടെ പരാജയം യു.ഡി.എഫിനേറ്റ കനത്തപരാജയമാണ്.
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ലീഡ് 50123 വോട്ടാണ്. 2016-ൽ പിണറായി 36905 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. യുഡി.എഫ് സ്ഥാനാർഥി സി. രഘുനാഥിന് 45,399 വോട്ടും എൻ.ഡി.എ. സ്ഥാനാർത്ഥി സി.കെ പത്മനാഭന് 14623 വോട്ടും നേടാനായി.
മട്ടന്നൂരിൽ കെ.കെ ശൈലജയ്ക്ക് 60,963 വോട്ടാണ് നിലവിൽ ലീഡ്. യു.ഡി.എഫ് സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തി 35,166 വോട്ടും എൻ.ഡി.എ സ്ഥാനാർഥി ബിജു ഏളക്കുഴി 18,223 വോട്ടും നേടി.
തലശ്ശേരിയിൽ എ.എൻ.ഷംസീറിന്റെ ലീഡ് 30929 വോട്ടാണ്. 2016-ൽ 34117 വോട്ടായിരുന്നു ലീഡ്. യു.ഡി.എഫ് സ്ഥാനാർഥി എം.പി അരവിന്ദാക്ഷന് 38,628വോട്ടാണ് ലഭിച്ചതെങ്കിൽ എ.എൻ.ഷംസീറിന് ഭിഷണിയാകുമെന്ന് കരുതിയ സി.ഒ.ടി.നസീറിന് കിട്ടിയത് വെറും 1065 വോട്ടുമാത്രമാണ്.
പയ്യന്നൂരിൽ 49,780 വോട്ടിനാണ് മുൻ പയ്യന്നൂർ നഗരസഭാ ചെയർമാനായ എൽ.ഡിഎഫ് സ്ഥാനാർഥി ടി.ഐ മധുസൂധനൻ വിജയിച്ചത്. എതിർസ്ഥാനാർഥി യു.ഡി.എഫിലെ എം. പ്രദീപ്കുമാറിന് 43,915 വോട്ടും എൻ.ഡി.എ സ്ഥാനാർഥി കെ.കെ. ശ്രീധരന് 11, 308 വോട്ടുമാണ് നേടാനായത്.
കല്ല്യാശ്ശേരിയിൽ സി.പിഎമ്മിന്റെ പുതുമുഖം യുവസ്ഥാനാർഥി എം.വിജിൻ 44393 വോട്ടിന് യു.ഡി.എഫ് സ്ഥാനാർഥി ബ്രിജേഷ്‌കുമാറിനെ തോല്പിച്ചു. എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പിയിലെ അരുൺകൈതപ്രം നേടിയത് 11365 വോട്ടാണ്.
കൂത്തുപറമ്പിൽ മുൻമന്ത്രി കെ.പി മോഹനൻ 8,752 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർഥി പൊട്ടക്കണ്ടി അബ്ദുള്ളയെ തോല്പിച്ചത്. 59,720 വോട്ടാണ് അബ്ദുള്ള നേടിയത്. എൻ.ഡി.എ സ്ഥാനാർഥി സി. സദാനന്ദൻ മാസ്റ്റർ 20,795 വോട്ട് നേടി.
തളിപ്പറമ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി.ഗോവിന്ദൻമാസ്റ്റർ 6340വോട്ടിനാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദ് 43,648 വോട്ട് നേടി. എൻ.ഡി.എ സ്ഥാനാർഥി എം.പി.ഗംഗാധരൻ നേടിയത് വെറും 7,916 വോട്ടുമാത്രമാണ്.
അഴീക്കോട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് 5,405 വോട്ടിന് യുഡി.എഫ് സ്ഥാനാർഥി കെ.എം. ഷാജിയെ തോല്പിച്ചു. എൻ.ഡി.എ സ്ഥാനാർഥി കെ. രഞ്ജിത്തിന് കിട്ടിയത് 15404 വോട്ടുകളാണ്.
കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ 1660 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിക്ക് 58418 വോട്ടു കിട്ടി. എൻ.ഡി.എസ്ഥാനാർഥി അർച്ചന വണ്ടിച്ചാലിന് 11, 522വോട്ടു ലഭിച്ചു.
ഇരിക്കൂറിൽ യു.ഡിഎഫ് സ്ഥാനാർഥി സജീവ് ജോസഫിന്റെ ലീഡ് എതിർസ്ഥാനാർഥി സജി കുറ്റിയാണിമഠത്തേക്കാൾ 10010 വോട്ടാണ്. സജിക്ക് 66,754വോട്ടാണ് നേടാനായത്. ബി.ജെ.പി സ്ഥാനാർഥി ആനിയമ്മരാജേന്ദ്രന് 7,825 വോട്ട് മാത്രമാണ് കിട്ടിയത്.
പേരാവൂരിൽ നിലവിലുള്ള എം.എൽ.എ യു.ഡി.എഫിലെ അഡ്വ. സണ്ണിജോസഫ് 2,757 വോട്ടിന് എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി സക്കീർഹുസൈനേക്കാൾ വ്യക്തമായ ലീഡ് നിലനിർത്തി.