ജയ്പൂർ : രാജസ്ഥാനിൽ മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനു തിളക്കമാർന്ന പ്രകടനം.
രണ്ടു സിറ്റിങ് സീറ്റുകളും വലിയ ഭൂരിപക്ഷത്തോടെ നിലനിർത്തിയ കോൺഗ്രസ് ബിജെപിയുടെ സിറ്റിങ് സീറ്റിൽ അവരുടെ ഭൂരിപക്ഷം നേരിയതാക്കി കുറയ്ക്കുന്നതിലും വിജയിച്ചു.
സുജൻഗഡ്, സഹാറ മണ്ഡലങ്ങൾ കോൺഗ്രസും രാജസമന്ധ് ബിജെപിയും നിലനിർത്തി. സഹാറയിൽ അന്തരിച്ച എംഎൽഎ കൈലാശ് ത്രിവേദിയുടെ ഭാര്യ ഗായത്രി ത്രിവേദി 42,200 വോട്ടിന്റെ വൻഭൂരിപക്ഷത്തിനാണു ബിജെപിയുടെ രത്തൻ ലാൽ ജാട്ടിനെ തറപറ്റിച്ചത്.
കഴിഞ്ഞ തവണ ബിജെപി റിബൽ മത്സരിച്ചതിനാൽ ഏഴായിരത്തോളം വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനു ജയിച്ച മണ്ഡലത്തിലാണു ലീഡ് ഇത്രയേറെ ഉയർത്താൻ കോൺഗ്രസിനായത്.
കഴിഞ്ഞ തവണ റിബലായ സ്ഥാനാർഥി ഇത്തവണയും രംഗത്തെത്തിയെങ്കിലും ഇദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ബിജെപിക്കായിരുന്നു.
സുജൻഗഡിൽ കോൺഗ്രസിന്റെ മനോജ് മേഘ്‌വാൽ 35,611 വോട്ടുകളുടെ ഭൂരിപക്ഷത്തിനു ബിജെപിയുടെ ഖേമാറാം മേഘ്‌വാലിനെ കീഴടക്കി. രാഷ്്ട്രീയ ലോക്താന്ത്രിക് പാർട്ടിയിലെ സീതാറാം നായക്ക് ഖേമാറാമിനു തൊട്ടുപിന്നിൽ മൂന്നാമതായി.
ബിജെപി എംഎൽഎ കിരൺ മഹേശ്വരിയുടെ നിര്യാണം മൂലം ഒഴിവുവന്ന രാജസമന്ധിൽ അവരുടെ പുത്രി ദീപ്തി മഹേശ്വരി 5310 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്റെ താൻസൂക്ക് ബോറയെ കീഴടക്കി. കഴിഞ്ഞ തവണ ബിജെപിക്കു മണ്ഡലത്തിൽ 25,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
2018 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിന്ന ഭാരതീയ ട്രൈബൽ പാർട്ടിയും ബിജെപിക്കൊപ്പം നിന്ന രാഷ്്ട്രീയ ലോക്താന്ത്രിക് പാർട്ടിയും ഒറ്റയ്ക്കാണ് മത്സരിച്ചത്.