അരൂർ: അരൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായ ഷാനിമോൾ ഉസ്മാനെതിരെ 6,154 വോട്ടിന്റെ വിജയം നേടിയിരിക്കുകയാണ് പ്രശസ്ത പിന്നണി ഗായികയും ഇടതുമുന്നണിയുടെ സജീവ നേതാവുമായ ദലീമ ജോജോ.
അരൂരിൽ സ്വന്തം 'കുഞ്ഞമ്മയ്ക്ക്'ശേഷം വിപ്ലവമണ്ണിൽ ചെങ്കൊടിയുയർത്തുന്ന വനിതാനേതാവു കൂടിയാണ് ദലീമജോജോ. കേരളത്തിന്റെ വിപ്ലവനായിക ഗൗരിയമ്മയാണ് എൽ.ഡി.എഫിൽ നിന്നും പിന്നീട് യു.ഡി.എഫിൽ നിന്നും അരൂരിനെ പ്രതിനിധീകരിച്ചത്.
രണ്ട് സ്ത്രീകൾ തമ്മിൽ ശക്തമായ തിരഞ്ഞെടുപ്പു മത്സരം കാഴ്ചവെച്ച മണ്ഡലം കൂടിയാണ് അരൂർ. കേരളരാഷ്ട്രീയത്തിൽ ദശാബ്ദങ്ങളുടെ കൈത്തഴക്കവുമുള്ള ഷാനിമോൾ ഉസ്മാനോടാണ് എൽ.ഡി.എഫിന്റെ ആലപ്പുഴ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ടായ ദലീമ കൊമ്പുകോർത്തത്.
അരൂരിലെ വോട്ടെണ്ണൽ അത്യന്തം ഉദ്വേഗഭരിതമായിരുന്നു. വളരെ നേരിയ ഭൂരിപക്ഷത്തിൽ പലപ്പോഴും ഷാനിമോൾ ഉസ്മാൻ തന്നെ സീറ്റുറപ്പിച്ചു. എന്നാൽ അന്തിമഫലം വന്നപ്പോൾ ഭേദപ്പെട്ട ഭൂരിപക്ഷത്തോടെ ദലീമ വിജയം കൈവരിക്കുകയായിരുന്നു.
ഗായിക ജാനകിയുടെ ശബ്ദവുമായി ഏറെ സാമ്യമുള്ള സ്വരമാണ് ദലീമയുടേത്. കല്യാണപ്പിറ്റേന്ന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, നീ വരുവോളം, ഗജരാജമന്ത്രം തുടങ്ങിയ ചിത്രങ്ങൾക്കായി പിന്നണിഗാനം ആലപിച്ചിട്ടുണ്ട് ദലീമ.