160 കോടി ജനതയുടെ പുണ്യഭാഷ

അറബിഭാഷയെ യുഎന്നിന്റെ മൂന്നാമത്തെ ഭാഷയായി അംഗീകരിച്ചത് 1948ല്‍ ബെയ്‌റൂട്ടില്‍ നടന്ന യുനസ്‌കോയുടെ മൂന്നാമത് ജനറല്‍ അസംബ്‌ളിയിലാണ്. അതുവരെ ഇംഗ്‌ളീഷിനും ഫ്രഞ്ചിനുമായിരുന്നു ഈ സ്ഥാനം. 1973 ഡിസംബര്‍ 18 മുതലാണ് അന്താരാഷ്ട്ര അറബി ഭാഷാദിന

author-image
Anju N P
New Update
160 കോടി ജനതയുടെ പുണ്യഭാഷ

അറബിഭാഷയെ യുഎന്നിന്റെ മൂന്നാമത്തെ ഭാഷയായി അംഗീകരിച്ചത് 1948ല്‍ ബെയ്‌റൂട്ടില്‍ നടന്ന യുനസ്‌കോയുടെ മൂന്നാമത് ജനറല്‍ അസംബ്‌ളിയിലാണ്. അതുവരെ ഇംഗ്‌ളീഷിനും ഫ്രഞ്ചിനുമായിരുന്നു ഈ സ്ഥാനം. 1973 ഡിസംബര്‍ 18 മുതലാണ് അന്താരാഷ്ട്ര അറബി ഭാഷാദിനചരണം തുടങ്ങിയത്. അതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 18 ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ലോക അറബിഭാഷാ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയിലെ പൊതുവിവരവകുപ്പ് യു.എന്‍. അംഗീകരിച്ച ആറ് ഔദേ്യാഗിക ഭാഷകള്‍ക്കും ഓരോ ഭാഷാദിനം നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് അവ താഴെ ചേര്‍ക്കുന്നു. ചൈനീസ്-ഏപ്രില്‍ 20, ഇംഗ്‌ളീഷ്-ഏപ്രില്‍ 23, ഫ്രഞ്ച്-മാര്‍ച്ച് 20, റഷ്യന്‍-ജൂണ്‍ 6, സ്പാനിഷ്-ഒക്‌ടോബര്‍ 12 എന്നിങ്ങനെയാണ്. ഐക്യരാഷ്ട്രസഭയില്‍ അംഗത്വമുള്ള രാജ്യങ്ങളില്‍ 22 എണ്ണത്തിന്റെ ഔദേ്യാഗിക ഭാഷയാണ് അറബി. യുഎന്‍ അംഗത്വമില്ലാത്ത നാലു രാജ്യങ്ങളിലും ഈ ഭാഷയാണ് ഔദേ്യാഗിക ഭാഷ. ഇന്നു ലോക ജനസംഖ്യയില്‍ 42 കോടിയിലധികം (422 ദശലക്ഷം) ജനങ്ങളുടെ മാതൃഭാഷയാണ് അറബി. ഈജിപ്റ്റ്, ലബനോന്‍, സുഡാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ക്രിസ്തുമത വിശ്വാസികള്‍ ഈ ഭാഷ നിത്യജീവിതത്തില്‍ ഉപയോഗിക്കുകയും പ്രാര്‍ത്ഥനയ്ക്കും കുര്‍ബാനയ്ക്കും വരെ ഉപയോഗിക്കുകയും ചെയ്യുന്നു. അറബി എഴുതാനും വായിക്കാനും അറിയുന്ന 50 കോടിയിലധികം ജനങ്ങള്‍ ഇന്നു ലോകത്തുണ്ട്. യുഎന്‍ അംഗീകരിച്ചിട്ടുള്ള ആറ് ഔദേ്യാഗിക ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഭാഷയും അറബിയാണ്. ലോക ജനസംഖ്യയുടെ 23 ശതമാനം വരുന്ന 160 കോടി മുസ്‌ലിങ്ങളുടെ പുണ്യഭാഷയാണ് അറബി എന്നതും പരിഗണിച്ചാണ് ഐക്യരാഷ്ട്രസംഘടന ഈ പദവി നല്‍കിയത്.

അറബി സംസ്‌കാരങ്ങളുടെ ഭാഷ
ഇന്നു വളരെ സജീവവും എന്നാല്‍ പൗരാണിക പാരമ്പര്യവുമുള്ള ഭാഷയാണ് അറബി. സൗദിഅറേബ്യ, യുഎഇ, കുവൈറ്റ്, ബഹറിന്‍, ഖത്തര്‍, സിറിയ, ലിബിയ, യമന്‍, ടുണീഷ്യ, ഈജിപ്റ്റ്, മൗറിത്താനിയ, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളിലെ ഔദേ്യാഗിക ഭാഷയും പാലസ്തീന്‍, മൊറോക്കോ, ലബനന്‍, ഇസ്രായേല്‍, സുദാന്‍, അള്‍ജീരിയ തുടങ്ങിയ ഒരു ഡസനിലധികം രാജ്യങ്ങളിലെ രണ്ടാമത്തെ ഔദേ്യാഗിക ഭാഷയുമാണ് അറബി. അറബി ഔദേ്യാഗിക ഭാഷയായി ഉപയോഗിക്കാത്ത ഇറാന്‍, തുര്‍ക്കി, മാലി, സൈപ്രസ്, സെഗൗല്‍, നൈജീരിയ, മദ്ധ്യാഫ്രിക്കന്‍ റിപ്പബ്‌ളിക് എന്നീ രാഷ്ട്രങ്ങളിലും ഇതു മാതൃ ഭാഷയായി ഉപയോഗിക്കുന്നു. ഇസ്രായേല്‍ ഔദേ്യാഗിക ഭാഷയായ ഹീബ്രുവിനെക്കാള്‍ ഉപയോഗിക്കുന്നത് അറബിയാണ്. പേര്‍ഷ്യന്‍, ഉറുദു, സിന്ധി, കശ്മീരി തുടങ്ങിയ ഏഷ്യന്‍ ഭാഷകളുടെ ലിപിയും അറബിയാണ്.

അറേബ്യന്‍ ഭൂപ്രദേശത്ത് സംസാരിക്കുന്നതും സെമറ്റിക് ഭാഷാ കുടുംബത്തില്‍പ്പെടുന്നതുമായ ഒരു ഭാഷയാണ് അറബി. അരാമിക്, ഹീബ്രു ഭാഷകളും ഇതേ കുടുംബത്തില്‍പ്പെട്ടതാണ്. സെമിറ്റിക് ഭാഷകളില്‍ ഇന്നും സജീവമായി നിലനില്‍ക്കുന്ന ഭാഷ അറബി മാത്രമാണ്. ആഫ്രോ-ഏഷ്യന്‍ കുടുംബത്തില്‍പ്പെടുന്ന ഭാഷകളാണ് പൊതുവെ സെമിറ്റിക് എന്നറിയപ്പെടുന്നത്. പാലസ്തീന്‍, ഈജിപ്റ്റ്, അസ്‌സീറിയ എന്നിവയുമായാണ് ഇവ ബന്ധപ്പെട്ടിരിക്കുന്നത്. ബാബിലോണിയര്‍, അസീറിയന്‍, എബ്രായര്‍, ഫിനിഷ്യര്‍, അരാമ്യര്‍, അറബിസീനിയക്കാര്‍, സാബിയര്‍ തുടങ്ങിയ സമൂഹങ്ങളുടെ കുടുംബത്തില്‍പ്പെടുന്നു അറബികള്‍. നോഹയുടെ പുത്രനായ സാമിനെ പൊതു പൂര്‍വികനായി കണക്കാക്കുന്നതു കൊണ്ടാണ് ഇവരെ സെമിറ്റുകള്‍ (സെമിറ്റിക്‌സ്) എന്ന് വിളിക്കുന്നത്. ബിസി മൂന്നാം നൂറ്റാണ്ടില്‍ ഇക്കൂട്ടര്‍ അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് മെസപ്പെട്ടോമിയയിലെ യൂഫ്രട്ടീസ്, ടൈഗ്രിസ് നദീ തടങ്ങളിലേക്ക് കൂടി വ്യാപിച്ചു. ആദ്യകാലത്ത് അറേബ്യന്‍ ഉപദ്വീപില്‍ അധിവസിച്ചിരുന്ന സെമിറ്റിക് ജനതയെയാണ് അറബികള്‍ എന്ന് വിളിച്ചിരുന്നത്. ഇന്ന് അറബികള്‍ സിറിയ, ലബനോന്‍, ഇറാഖ്, ലിബിയ, ജോര്‍ദാന്‍, ഈജിപ്റ്റ് എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു. അറബിഭാഷയ്ക്ക് 1600 ലേറെ വര്‍ഷം പഴക്കമുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഇംഗ്‌ളീഷ്, ഹിന്ദി, മലയാളം എന്നിങ്ങനെ ലോകത്തെ മിക്ക ഭാഷകളും അറബിയാല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. അറബിഭാഷയുടെ വളര്‍ച്ചയെ പ്രാചീനഘട്ടം, ക്‌ളാസ്‌സിക്കല്‍ഘട്ടം, ആധുനികഘട്ടം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ക്രിസ്തുവിന് ശേഷം അഞ്ചാം ശതകത്തോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്ന ക്‌ളാസിക്കല്‍ ഘട്ടത്തില്‍ രചിക്കപ്പെട്ട ഏറ്റവും നീണ്ട കവിതയാണ് ഖസീദ. പരിശുദ്ധ ഖുര്‍ ആന്‍ ആണ് ഏറ്റവും ശ്രേഷ്ഠമായ മാതൃക. 1988-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ അറബ് ഭാഷാ സാഹിത്യകാരനാണ് നജീവ് മഫ്ഫൂസ് ഈജിപ്റ്റുകാരനായ ഇദ്ദേഹം നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ്. അറബി ഭാഷയ്ക്ക് രണ്ട് ഉപവിഭാഗങ്ങളുണ്ട്. തെക്കന്‍ അറബിയും വടക്കന്‍ അറബിയും.

അറബി ലിപി
അറബിക് കാലിഗ്രഫി ലോക ജനതയുടെ ഏഴിലൊന്നും അറബി ലിപി ഉപയോഗിക്കുന്നു. അറബി ലിപിയുടെ ഉദ്ഭവം കൃത്യമായി ചരിത്രകാരന്മാര്‍ക്ക് പറയാന്‍ സാധിച്ചിട്ടില്ല. സംസാരഭാഷയും കൈയെഴുത്തും മാത്രമായി നിലനിന്നിരുന്നതാണ്. അറബി ഭാഷ, ഖുര്‍ ആന്‍ അവതരിക്കുന്നതിന് കുറച്ചു മുന്‍പാണ് അറബി ലിപി മക്കയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് പറയപ്പെടുന്നു. ഇസ്‌ളാമിന്റെ വരവോടെ അറബി ലിപി ലോകവ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. വലത്തുനിന്ന് ഇടത്തോട്ട് എഴുതുകയും വായിക്കുകയും ചെയ്യുന്ന ഈ ഭാഷയിലെ അക്കങ്ങള്‍ ഇടത്തുനിന്ന് വലത്തോട്ടാണ് എഴുതുന്നത്. അക്ഷരങ്ങള്‍ കൂട്ടിയെഴുതുന്നു. ഉച്ചാരണത്തിന് അതീവ പ്രാധാന്യമുള്ള ഭാഷയാണിത്. 28 അക്ഷരങ്ങളാണ് അറബിയിലുള്ളത്. അ ഇ ഉ അ് എന്നീ നാലു വര്‍ണങ്ങളാണ് അറബി ഭാഷയിലുള്ളത്.

അറബിക് കാലിഗ്രഫി
ചിത്രരൂപത്തില്‍ ഔട്ട്‌ലൈന്‍ തയ്യാറാക്കി സുക്തങ്ങളും അറബി വാക്യങ്ങളും മനോഹരമായി എഴുതുന്ന രീതിയാണ് കാലിഗ്രഫി. തുര്‍ക്കി ഖിലാഫത്തുകാലം അറബി കാലിഗ്രഫിയുടെ സുവര്‍ണകാലഘട്ടമാണ്. പള്ളികള്‍ക്കും കൊട്ടാരങ്ങള്‍ക്കും കാലിഗ്രഫി എഴുത്ത് പ്രൗഢിയേകുന്നു. ശിലാഫലകങ്ങളിലും സ്മാരകങ്ങളിലും ഇതുപയോഗിക്കുന്നു. അറബിക് കാലിഗ്രഫിയില്‍ കുഫി, സുലൂസ്, ദീവാനി, റൈഹാനി തുടങ്ങിയ ലിപികള്‍ ഇന്ന് പ്രചാരത്തിലുണ്ട്.

international arabic language day