ചരിത്രത്തിലിടം പിടിക്കാത്ത പേര്

ശ്രീനാരായണ ഗുരുവിന് മുന്‍പ് അധഃകൃതരുടെ ഉന്നമനത്തിനു വേണ്ടി പരിശ്രമിച്ച കര്‍മധീരനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.

author-image
online desk
New Update
ചരിത്രത്തിലിടം പിടിക്കാത്ത പേര്

ശ്രീനാരായണ ഗുരുവിന് മുന്‍പ് അധഃകൃതരുടെ ഉന്നമനത്തിനു വേണ്ടി പരിശ്രമിച്ച കര്‍മധീരനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. ശ്രീനാരായണ ഗുരു ജനിക്കുന്നതിന് രണ്ടുവര്‍ഷം മുന്‍പ് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രത്തില്‍ അവര്‍ണര്‍ക്കായി ശിവനെ പ്രതിഷ്ഠിച്ചത് ആറാട്ടുപുഴ വേലായുധപ്പണിക്കരാണ്. നൂറ്റിയമ്പത് വര്‍ഷം മുന്‍പ് 1866ല്‍ കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം നടത്തിയതും ഇദ്ദേഹമാണ്. മൂക്കുത്തി സമരം, മാറുമറയ്ക്കല്‍ സമരം തുടങ്ങി കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ നീക്കങ്ങളിലൂടെ മാറ്റത്തിന്റെ വിത്തുകള്‍ വിതച്ച മനുഷ്യന്‍ ചരിത്രത്തില്‍ ആദ്യമായി ഈഴവര്‍ക്കായി ഒരു കഥകളി യോഗവും സ്ഥാപിച്ചു. ശ്രീനാരായണ ഗുരുവിന്റെ മുന്‍ഗാമി എന്നുപോലും വിശേഷിപ്പിക്കാം. എന്നാല്‍ ഗുരുവിനെപ്പോലെ ശാന്തനായ സാത്വികനായിരുന്നില്ല അദ്ദേഹം. ജാതി വിവേചനവും ജന്മിത്തവും കൊടികുത്തിവാണ കാലഘട്ടത്തില്‍ സമൂഹത്തില്‍ മാറ്റത്തിന്റെ വിത്തുവിതച്ച പോരാളിയെയാണ് പണിക്കരില്‍ കാണാന്‍ കഴിയുക. ആ സിംഹഗര്‍ജനം സവര്‍ണരെ വിറപ്പിച്ചു. അനാചാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും കോട്ടകളില്‍ വിള്ളലുണ്ടാക്കി. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിലെ ആദ്യ രക്തസാക്ഷിയായി ചരിത്രം രേഖപ്പെടുത്തുക ആറാട്ടുപുഴ വേലായുധപ്പണിക്കരെ ആയിരിക്കും. ശ്രീനാരായണ ഗുരു ജനിക്കുന്നതിന് 31 വര്‍ഷം മുന്‍പ് 1825 ജനുവരി 7-നാണ് വേലായുധപ്പണിക്കര്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് കല്ലിശ്ശേരി തറവാട്ടിലെ പെരുമാള്‍ ചേകോന്‍ ആയൂര്‍വേദവും ജ്യോതിഷവും കളരിപ്പയറ്റുമൊക്കെ പഠിച്ച തികഞ്ഞ പണ്ഡിതനായിരുന്നു.

വേലായുധ ചേകോന്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം വേലായുധപ്പണിക്കരായതിനു പിന്നിലും വലിയൊരു കഥയുണ്ട്. ഒരിക്കല്‍ തരണനല്ലൂര്‍ നമ്പൂതിരിപ്പാട് കായംകുളം കായലിലൂടെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു. പത്മനാഭസ്വാമിക്ഷേത്രത്തിലേയ്ക്ക് സാളഗ്രാമവുമായാണ് അദ്ദേഹത്തിന്റെ യാത്ര. യാത്രാമദ്ധ്യേ കായംകുളം കായലില്‍ വച്ച് കീരിക്കാട്ടുകാരായ ചില കൊള്ളക്കാര്‍ സാളഗ്രാമം അപഹരിച്ചു. തിരുവിതാംകൂര്‍ മഹാരാജാവ് സാളഗ്രാമം തിരികെകിട്ടാന്‍ വേലായുധപ്പണിക്കരുടെ സഹായംതേടി. കയ്യൂക്കുകൊണ്ട് സാളഗ്രാമം തിരികെവാങ്ങി രാജാവിനു സമ്മാനിച്ച അദ്ദേഹത്തിന് രാജാവ് വീരശൃംഖല സമ്മാനിച്ചു. അന്നുമുതല്‍ അദ്ദേഹത്തിന് സ്ഥാനപ്പേരായി പണിക്കര്‍ എന്ന വിശേഷണം കൂടി ലഭിച്ചു. വേലായുധപ്പണിക്കര്‍ ധാരാളം കൃഷിയും വാണിജ്യ ബന്ധവുമുള്ള പ്രശസ്ത ഈഴവ കുടുംബത്തിലെ അംഗമായിരുന്നു. ജനിച്ചു പതിമൂന്നാം നാള്‍ അമ്മയെ നഷ്ടപ്പെട്ടതോടെ അദ്ദേഹത്തെ വളര്‍ത്തിയത് അമ്മയുടെ ബന്ധുക്കളായിരുന്നു. വളരെ സമ്പന്നമായ പശ്ചാത്തലമുണ്ടായിരുന്നതിനാല്‍ പ്രഗത്ഭരായ അദ്ധ്യാപകരെ വീട്ടില്‍കൊണ്ടുവന്ന് വേലായുധനെ പഠിപ്പിച്ചു. അക്കാലത്ത് നല്ലനിലയില്‍ തന്നെ സംസ്‌കൃതവും മലയാളവും തമിഴും പഠിച്ചു. പുറമെ ആയൂര്‍വേദവും ജ്യോതിഷവും അദ്ദേഹത്തിന് പഠിക്കാന്‍ കഴിഞ്ഞു. കൂടാതെ കുതിരസവാരിയും വാള്‍പ്പയറ്റും വ്യാകരണ ശാസ്ത്രവും അഭ്യസിച്ചു. ഉന്നതശീര്‍ഷനും അഭ്യാസമുറകള്‍ പഠിച്ച ദൃഢശരീരവും കോമള രൂപവുമായിരുന്നതിനാല്‍ എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റുന്ന പുരുഷ കേസരിയായിരുന്നു അദ്ദേഹം.

പതിനാറ് വയസ് ആകുമ്പോഴേക്ക് കുടുംബപരമായി വന്നുചേര്‍ന്ന ഭാരിച്ച സ്വത്തിന്റെ അവകാശിയായിത്തീര്‍ന്നു പണിക്കര്‍. മുന്നൂറുമുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും മൂവായിരത്തിലധികം നെല്‍പ്പാടവും അടങ്ങുന്ന പാരമ്പര്യ സ്വത്തില്‍ പകുതിയിലധികവും കടലെടുത്തുപോയി. കച്ചവട ആവശ്യങ്ങള്‍ക്കായി ഒരു പായ്ക്കപ്പല്‍, ബോട്ട്, ഓടിവള്ളം, ആറേഴുകുതിരകള്‍, രണ്ട് ആന, പല്ലക്ക്, തണ്ട് എന്നിവയായിരുന്നു അന്നത്തെ കാലത്ത് പണിക്കര്‍ക്ക് സ്വന്തമായുണ്ടായിരുന്നത്. ഇത്രമാത്രം സമ്പന്നനായിരുന്നിട്ടും പണിക്കര്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി പോരാടാനും ജാതിവ്യവസ്ഥയെ എതിര്‍ക്കാനും മുന്നിട്ടിറങ്ങി. ഇരുപതാമത്തെ വയസില്‍ കാര്‍ത്തികപ്പള്ളി താലൂക്കിലെ പുതുപ്പള്ളി വാരാണപ്പള്ളി സ്വദേശി വെളുമ്പിയെ പണിക്കര്‍ വിവാഹം കഴിച്ചു. സ്വന്തം സഹോദരിയെ അന്യസമുദായക്കാരന് വിവാഹം ചെയ്തു കൊടുത്ത് മിശ്രവിവാഹത്തിന് വിത്തിട്ടതും പണിക്കരാണ്. വാരാണപ്പള്ളി തറവാട് അക്കാലത്ത് പണ്ഡിതരായ അദ്ധ്യാപകരാല്‍ പ്രസിദ്ധമായിരുന്നു. ശ്രീ നാരായണ ഗുരു വിദ്യാര്‍ത്ഥിയായി പഠിക്കാനെത്തിയത് വാരണപ്പളളി തറവാട്ടിലാണ്.

കേരളത്തിലെ നവോത്ഥാന സമരത്തിന് തിരി കൊളുത്തിയത് ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയതോടെയാണ്. എന്നാല്‍ ഗുരുവിനു തന്നെ മാര്‍ഗദര്‍ശിയായത് വേലായുധപ്പണിക്കരാണ്. അദ്ദേഹം 1853ല്‍ കാര്‍ത്തികപ്പളിയില്‍ മംഗലത്ത് ഇടയ്ക്കാട്ട് പ്രദേശത്ത് ഈഴവ സമുദായക്കാര്‍ക്ക് ആരാധിക്കാന്‍ ഒരു ശിവക്ഷേത്രം നിര്‍മ്മിച്ച് ആരാധനാ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഗുരുദേവന്‍ അരുവിപ്പുറത്തു ശിവപ്രതിഷ്ഠ നടത്തുന്നതിന് 36 വര്‍ഷം മുന്‍പാണ് ഈ പ്രദേശത്ത് വേലായുധപ്പണിക്കര്‍ പ്രതിഷ്ഠ നടത്തിയത്. മാവേലിക്കര കണ്ടിയൂര്‍ മറ്റത്തില്‍ വിശ്വനാഥന്‍ ഗുരുക്കള്‍ എന്ന തന്ത്രിയാണ് പ്രതിഷ്ഠനടത്തിയത്. ഗുരു ജനിക്കുന്നതിന് നാലുവര്‍ഷം മുമ്പാണ് ഈ സംഭവം നടന്നത്. എല്ലാ ജാതി മതസ്ഥര്‍ക്കും അവിടെ പ്രവേശനം അനുവദിച്ചിരുന്നു. അയിത്ത ജാതിക്കാരന്റെ ഈ ധിക്കാരം സവര്‍ണപ്രമാണിമാരെ പ്രകോപിപ്പിച്ചു. എങ്കിലും വേലായുധപ്പണിക്കരുടെ പ്രതാപവും ആരാധന കലകളിലുളള പ്രാവീണ്യവും ആള്‍ബലവും മൂലം അവര്‍ നിശബ്ദരായി. അടുത്തവര്‍ഷം തണ്ണീര്‍മുക്കം ചെറുവാരണം കരയില്‍ വേറൊരു ശിവക്ഷേത്ര നിര്‍മ്മാണത്തിനും പണിക്കര്‍ ശ്രമിച്ചു. ക്ഷേത്ര നിര്‍മ്മാണവും വിഗ്രഹപ്രതിഷഠയും അവര്‍ണരുടെ ധര്‍മ്മാചരണത്തിന് എതിരാണെന്നു പറഞ്ഞ് സവര്‍ണര്‍ ദിവാന് കത്തയച്ചു. പ്രതിഷ്ഠാകര്‍മ്മം മുടക്കുന്നതിനായി ജനങ്ങളെ സംഘടിപ്പിച്ചു. ദിവാന്‍ ബന്ധപ്പെട്ടവരെയെല്ലാം വിളിച്ചു വരുത്തി തെളിവെടുപ്പ് നടത്തി. അവര്‍ണ്ണക്കായി ക്ഷേത്ര നിര്‍മ്മാണവും ശിവപ്രതിഷ്ഠയും മുമ്പ് നടത്തിയിട്ടുണ്ടെന്ന് ദിവാനു മുമ്പില്‍ തെളിവ് കൊടുക്കുകയും അതിന് മുന്‍ അനുഭവമായി മംഗലത്തു നടന്ന ശിവപ്രതിഷ്ഠ ചൂണ്ടികാണിക്കുകയും ചെയ്തു. ദിവാന്റെ തീരുമാനം ക്ഷേത്ര നിര്‍മ്മിതിക്കു അനുകൂലമായിരുന്നു. അങ്ങനെ സവര്‍ണ്ണരുടെ ഭീഷണിക്കും ഭരണകൂടത്തിന്റേ ഇടപെടലിനും എതിരെ പോരാടിയാടിയാണ് വേലായുധപണിക്കര്‍ തണ്ണീര്‍മുക്കത്ത് ക്ഷേത്രം നിര്‍മ്മച്ചത്.

മൂക്കുത്തി പ്രക്ഷോഭം

സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുവാനുളള അവകാശം അവര്‍ണ്ണ ജാതിയില്‍പെട്ട സ്ത്രീകള്‍ക്ക് ഇല്ലാത്ത കാലം. പന്തളത്തിനടുത്തു സ്വര്‍ണ്ണമൂക്കുത്തി ധരിച്ചു വഴിനടന്ന പെണ്ണിന്റെ മൂക്കുത്തി ജന്മിമാര്‍ മൂക്കടക്കം മുറിച്ചെടുത്തു. ഇതിറിഞ്ഞ വേലായുധപ്പണിക്കര്‍ സ്വന്തം ചെലവില്‍ കുറെ സ്വര്‍ണ്ണം വാങ്ങി സ്വര്‍ണ്ണപ്പണിക്കാരെ വിളിച്ച് നൂറുകണക്കിന് മൂക്കുത്തി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കി. മൂക്കുത്തിയുമായി പന്തളത്തെത്തിയ പണിക്കര്‍ വഴിയില്‍ കണ്ട കീഴ്ജാതിക്കാരായ സ്ത്രീകളെയെല്ലാം വിളിച്ചു വരുത്തി സ്വര്‍ണ്ണ മൂക്കുത്തി അണിയിച്ചു അവരെ ചന്തയില്‍ നടത്തിച്ചു. ധൈര്യമുളളവരുണ്ടെങ്കില്‍ മൂക്കുത്തി പറിച്ചെടുക്കാന്‍ വരാന്‍ പറഞ്ഞ് വെല്ലുവിളിച്ച് വാളുയര്‍ത്തി ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ കുതിരപ്പുറത്ത് കയറി അവിടെയെല്ലാം ചുറ്റിയടിച്ചു. അവര്‍ണരുടെ ആചാരങ്ങളെ തിരുത്തിക്കുറിച്ച് ധീരമായി മുന്നേറിയ സംഭവമാണിത്.

ഏത്താപ്പ് പ്രതിഷേധം

മൂക്കുത്തി വഴക്കിന്റെ തുടര്‍ച്ചയായിരുന്നു 1859ലെ ഏത്താപ്പുസമരം. കായംകുളത്ത് അവര്‍ണ സ്ത്രീ മാറില്‍ ഏത്താപ്പിട്ട് (മേല്‍ മുണ്ട്) പൊതുനിരത്തില്‍ കൂടി പോകുന്നതു കണ്ട് രോഷാകുലരായ മേല്‍ജാതിക്കാര്‍ അവളുടെ മേല്‍മുണ്ട് വലിച്ചുകീറി ചളിയിലെറിഞ്ഞ് അവളെ അപമാനിച്ചു. വിവരം അറിഞ്ഞ് കുറെ മേല്‍മുണ്ടുമായി തണ്ടുവച്ച വളളത്തില്‍ പണിക്കര്‍ കായംകുളത്തെത്തി തൊഴിലാളി സ്ത്രീകള്‍ക്കിടയില്‍ മേല്‍മുണ്ടു വിതരണം ചെയ്തു. ഈ ചരിത്ര സംഭവത്തെ ഏത്താപ്പു സമരം എന്നറിയപ്പെട്ടു.

ആദ്യ കര്‍ഷക സമരം

1866-ല്‍ കര്‍ഷതൊഴിലാളികളെ സംഘടിപ്പിച്ചു വേലായുധപ്പണിക്കര്‍ നടത്തിയ പണിമുടക്കാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം. അക്കാലത്ത് അ്വര്‍ണ്ണരായ സ്ത്രീ- പുരുഷന്മാര്‍ മുട്ടിന് കീഴോട്ട് വസ്ത്രം താഴ്ത്തി ധരിക്കുന്നത് സവണ്ണര്‍ സമ്മതിച്ചിരുന്നില്ല. അത് ധിക്കാരവും നിയമ ലംഘനവുമായി പരിഗണിക്കപ്പെട്ടിരുന്നു. കായംകുളത്തിന് വടക്ക് പത്തിയൂരില്‍ വീതിക്കരയുളള അച്ചിപ്പുടവ മുണ്ട് ഇറക്കിയുടുത്ത് പാടത്ത് പണിക്കെത്തിയ സ്ത്രീയെ പ്രമാണിമാര്‍ അധിക്ഷേപിച്ചു. അവളുടെ പുടവ വലിച്ചുകീറി ചെളിയിലെറിഞ്ഞ് അധിക്ഷേപിച്ചത് പണിക്കാരെ ചൊടുപ്പിച്ചു. വേലായുധപ്പണിക്കര്‍ തൊഴിലാളികളെ ഒരുമിച്ചു കൂട്ടി കൃഷിപ്പണിയും തേങ്ങാപ്പണിയും ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തു. പണിമുടക്കിയതോടെ മേലനങ്ങി പണിയെടുക്കാത്ത ജന്മിമാരുടെ വരുമാനം മുട്ടി. തൊഴിലാളികള്‍ക്കു കഞ്ഞികുടിക്കാനുളള പണം പണിക്കര്‍ സ്വന്തം ചെലവില്‍ നല്‍കിയിക്കുന്നു. പണിക്കാരില്ലാത്തതിനാല്‍ ജന്മിമാര്‍ ദൂരദേശങ്ങളില്‍ നിന്നും കൃഷിക്കായി തൊഴിലാളികളെ എത്തിക്കാന്‍ ശ്രമിച്ചു. പുറത്തു നിന്നു വരുന്ന കൃഷിപ്പണിക്കാരെ കൊന്നുകളയുമെന്ന് പണിക്കര്‍ ഭീഷണി മുഴക്കിയതോടെ ജന്മിമാര്‍ വീണ്ടും വെട്ടിലായി. സമരം തീഷ്ണമായതോടെ ജന്മിമാര്‍ പരസ്യമായി മാപ്പു പറഞ്ഞു. സമരം നിര്‍ത്തണമെങ്കില്‍ മുണ്ടുടുത്തത്തിന്റെ പേരില്‍ അവഹേളിക്കപ്പെട്ട സ്ത്രീത്തൊഴിലാളികള്‍ക്കു മുണ്ടു വാങ്ങിക്കൊടുക്കണമെന്ന് പണിക്കര്‍ നിര്‍ദ്ദേശിച്ചു. പ്രമാണിമാര്‍ക്ക് അനുസരിക്കാതെ വേറെ വഴിയില്ലായിരുന്നു. അങ്ങനെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം പൂര്‍ണ്ണവിജയം കണ്ടു.

വിപ്ലവകാരിയായ കലാകാരന്‍

ആറാട്ടുപുഴ ഒരു പ്രക്ഷോഭകനും അവര്‍ണരുടെ ജനനായകനും മാത്രമായിരുന്നില്ല. ആഢ്യസവര്‍ണരുടെ ഇല്ലങ്ങളിലും സവര്‍ണ്ണ ക്ഷേത്രങ്ങളിലും മാത്രം അരങ്ങേറിയിരുന്നകലാരൂപത്തെ ഈഴവര്‍ക്കു കെട്ടിയാടാന്‍ കഴിയുന്ന ഒരു കലയാക്കി മാറ്റിയത് വേലായുധപ്പണിക്കരായിരുന്നു. ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും മാത്രം കഥകളി അരങ്ങേറിയിരുന്നതിനാല്‍ അവര്‍ണര്‍ക്ക് ഒളിച്ചും പാത്തും പതുങ്ങിയും മാത്രമേ കഥകളി നോക്കി കാണാന്‍ കഴിഞ്ഞിരുന്നുളളു. ഈഴവരുടെ കഥകളി അരങ്ങേറ്റമെന്നത് സ്വപ്നം കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. കഥകളി ഏറെ ഇഷ്ടപ്പെട്ടിരുന്ന പണിക്കര്‍ ഈഴവ സമുദായാംഗങ്ങളെ ചേര്‍ത്ത് 1861-ല്‍ കഥകളി യോഗം സ്ഥാപിച്ചു. പച്ച കുത്തി ദേവന്മാരുടെയും രാജാക്കന്മാരുടെയും വേഷങ്ങളാടാന്‍ അവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ബോധിപ്പിച്ച് ഉന്നത കുല ജാതര്‍ പരാതിയുമായെത്തി. ദിവാന്‍ ടി. മാധവറാവു പണിക്കരെയും പരാതിക്കാരെയും വിളിച്ചു ചേര്‍ത്തു പരാതിയില്‍ വാദം കേട്ടു. അന്നു പ്രഖ്യാപിച്ചതിലൂടെയാണ് കഥകളി പഠിച്ച് അവതരിപ്പിക്കാനുളള അവകാശം നിയമപരമായി പണിക്കര്‍ സമ്പാദിച്ചത്. പിന്നീട് കഥകളി സ്വയം പഠിച്ച് വേലായുധപ്പണിക്കര്‍ അരങ്ങേറ്റവും നടത്തി. തന്റെ സുഹൃത്തും കഥകളി വിദഗ്ധനുമായ അമ്പലപ്പുഴ മാധവക്കുറുപ്പിന്റെ സഹായത്തോടെയാണ് ഈഴവ യുവാക്കളെ പരിശീലിപ്പിച്ച് കഥകളി അരങ്ങേറ്റം നടത്തിയത്.

ഹോയ് വിളിച്ച് പോരാട്ടം

രാജാവും ഉന്നതകുല ജാതരുമൊക്കെ പല്ലക്കിലേറി വരുമ്പോള്‍ മുന്നില്‍ 'ഹോയ്. . . . ഹോയ്' വിളിച്ച് പരിവാരങ്ങള്‍ നടക്കുന്നകാലം. അവര്‍ണരെ തീണ്ടാപ്പാടകലെ നിര്‍ത്തുക എന്നതായിരുന്നു ഉദ്ദേശ്യം. ഒരിക്കല്‍ പണിക്കരും പരിവാരങ്ങളും വയല്‍വരമ്പിലൂടെ നടക്കുമ്പോള്‍ ഇടപ്പള്ളി രാജാവിന്റെ മകന്‍ അതുവഴി കടന്നുവന്നു. അകലെ നിന്നേ ഹോയ്. . . വിളികേട്ട പണിക്കര്‍ കൂടെയുണ്ടായിരുന്നവരോട് അതിനേക്കാള്‍ ഉച്ചത്തില്‍ ഹോയ്. . . ഹോയ് എന്നുവിളിക്കാന്‍ പറഞ്ഞു. പണിക്കരുടെ കാല് തല്ലിയൊടിക്കാന്‍ ഉത്തരവിട്ട രാജകുമാരനും കൂട്ടരും അടികൊണ്ട് ഓടിയത്രേ ! ആ അടിപിടി, കേസില്‍ അവസാനിച്ചു. പക്ഷേ, അവര്‍ണര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നല്‍കികൊണ്ടായിരുന്നു കേസിന്റെ തീര്‍പ്പ്.

പീഡിതരുടെ രക്ഷകനും സാമൂഹ്യവിപ്ലവകാരിയുമായി ആദരിക്കപ്പെട്ട വേലായുധപ്പണിക്കര്‍ 1874 ജനുവരി 3-ന് അര്‍ദ്ധരാത്രിയില്‍ കായംകുളം കായലില്‍ തൊപ്പിയിട്ട കിട്ടന്‍ എന്ന അക്രമിയുടെ കുത്തേറ്റു മരണമടയുകയാണെന്ന് ചരിത്രം പറയുന്നു.

arattupuzha