മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരണത്തെ മുഖാമുഖം കണ്ട വാവ സുരേഷ് അപകട നില വലിയൊരളവുവരെ തരണം ചെയ്തിരിക്കുന്നു എന്ന വാര്‍ത്ത ഏറെ ആശ്വാസത്തോടെയാണ് കേരളം കേട്ടത്. കോട്ടയത്ത് നീലംപേരൂരില്‍ പാമ്പ് പിടിത്തത്തിനിടെ വാവ സുരേഷിനുണ്ടായ അപ്രതീക്ഷിത അപകടം അപാരമായ മനസാന്നിദ്ധ്യം കൊണ്ടും സ്ഥിരമായി സര്‍പ്പദംശനങ്ങള്‍ ശരീരത്തിനു നല്‍കിയ അധിക പ്രതിരോധശക്തിയുടെ മികവും കൊണ്ടും മാത്രമാണ് ജീവഹാനിയുണ്ടാക്കാതെ ഒഴിഞ്ഞുപോയത്. തികച്ചും അപകടമായൊരു കളിയില്‍ ജീവിതം പണയം വച്ച് ധൈര്യപൂര്‍വവും പ്രതിഫലേച്ഛയില്ലാതെയും ഇറങ്ങിപ്രവര്‍ത്തിക്കുന്ന വാവ സുരേഷിന് വേണ്ടി വലിയ പ്രാര്‍ത്ഥനയാണ് പൊതുസമൂഹത്തില്‍ നിന്നുണ്ടായത്.
ലഭ്യമായ അറിവുകള്‍ വച്ച് നോക്കുമ്പോള്‍ തലച്ചോറിലേക്ക് വ്യാപിച്ച വിഷം ഏല്‍പ്പിച്ച ആഘാതം പൂര്‍ണമായി ഇപ്പോഴും വിട്ടുമാറിയിട്ടില്ല എന്ന് മനസിലാക്കുന്നു. അതേസമയം വളരെ പെട്ടെന്ന് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തിരിച്ച് പിടിക്കാനായത് വാവ മനസുറപ്പിന്റെ വിജയവുമാണ്.കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇത് പാമ്പ് പിടിത്തം സാഹസിക കൃത്യമായി കരുതി ഏറ്റെടുക്കുന്നവര്‍ക്കും ഹോബിയായി കണ്ട് സ്വീകരിച്ചിട്ടുള്ളവര്‍ക്കും നല്‍കുന്ന വലിയൊരു മുന്നറിയിപ്പാണ് വാവയുടെ ഇപ്പോഴത്തെ അവസ്ഥ.
സംസ്ഥാന വനംവകുപ്പിന്റെ കീഴില്‍ പ്രത്യേക പരിശീലനം നേടി സര്‍ട്ടിഫൈ ചെയ്യപ്പെട്ട 973 പാമ്പുപിടുത്തക്കാരുണ്ടെന്നാണ് കണക്ക്. ഒരുപാട് ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് പരിശീലനം ലഭിക്കുന്നതും ലൈസന്‍സ് നല്‍കുന്നതും. പിടിക്കുന്ന പാമ്പിനെ മൂപ്പത് സെക്കന്റ് മുതല്‍ ഒരു മിനിറ്റിനുള്ളില്‍ ബാഗിലാക്കി പിടിക്കുന്ന ആളും ഒപ്പമുള്ളവരും സുരക്ഷിതരാകണം എന്നത് ഈ പരിശീലന പരിപാടിയിലെ ആദ്യ നിബന്ധനകളില്‍ ഒന്നാണ്. മാത്രമല്ല പാമ്പ് പിടിത്ത സമയത്ത് ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കി ഒരുവിധ പ്രദര്‍ശനവും നടത്താതെ വേണം കൃത്യം നിര്‍വഹിക്കാന്‍. ആളുകൂടിയാല്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള അപകടം ഒഴിവാക്കാന്‍ കൂടിയാണ് ഈ വ്യവസ്ഥ. എന്നാല്‍ കാഴ്ചക്കാരുടെ പ്രോത്സാഹനവും അവര്‍ നല്‍കുന്ന ഹീറോ പരിവേഷവും പാമ്പുപിടിത്തത്തിനറങ്ങുന്നവരെ പലപ്പോഴും നിലമറന്ന്് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നു.പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയിലും മറ്റും ലഭിക്കുന്ന വലിയ പ്രചാരം ഇക്കൂട്ടര്‍ക്ക് വലിയ പ്രലോഭനമായി മാറുന്നു.
ഏത് പാതിരാത്രിയിലും തന്നെ തേടിയെത്തുന്ന ഫോണ്‍കോളുകളോട് വളരെ അലിവോടെ പ്രതികരിക്കുകയും സ്വന്തം ചെലവില്‍ സ്ഥലത്തെത്തുകയും പലപ്പോഴും പ്രതിഫലം പോലും വാങ്ങാതെ മാരക വിഷമുള്ള പാമ്പുകളെ ഉള്‍പ്പെടെ പിടിച്ച് നാട്ടുകാരുടെ ഭീതി അകറ്റുന്ന വാവ സുരേഷ് എന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ സന്മനസിനെ എത്ര വാഴ്ത്തിയാലും മതിയാവില്ല. എന്നാല്‍ ഈ സാഹസികവും അപകടവും നിറഞ്ഞ കളിയില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന അതിരുകവിഞ്ഞ ആത്മവിശ്വാസവും പ്രദര്‍ശനോത്സുകതയും ന്യായീകരിക്കാന്‍ സാധിക്കുന്നതാണോ എന്ന് നാം ആലോചിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ ഇന്ന് സ്വന്തം സുരക്ഷയ്ക്കായി നിരവധി പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നിരിക്കെ അത് കണക്കിലെടുക്കാതെ അപകടകരമായ ഒരു കളിക്ക് ആരിറങ്ങുന്നതും ശരിയല്ല. വളരെ മാരക വിഷം പേറുന്ന, പെട്ടെന്ന് അസ്വസ്ഥമാവുകയും അക്രമോത്സുകത പ്രകടിപ്പിക്കുകയും ചെയ്യുന്ന അപകടകാരിയായ ഒരു ജീവിയെ കൈകാര്യം ചെയ്യുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ പലപ്പോഴും സ്വീകരിക്കാതെ ഇത്തരം കൃത്യങ്ങള്‍ ചെയ്യാനിറങ്ങുന്നത് ബുദ്ധിയല്ലതന്നെ.
മാത്രമല്ല പൊതുജനങ്ങളുടെ മുന്നില്‍ ഇതൊരു നിസാര ജീവിയാണെന്നും ആ രീതിയില്‍ ഇതിനെ കണ്ടാല്‍ മതിയെന്നുമൊക്കെ പറഞ്ഞ് ലാഘവബുദ്ധിയോടെ വിവരിക്കുുന്ന ഒരു രീതി പാമ്പുകളെ ഭയക്കാത്ത വാവയ്ക്ക് ഉണ്ടായിരുന്നു. ഈ ശൈലി ഇഷ്ടപ്പെടുന്നതുകൊണ്ട് ഒരുപാട് ആരാധകരും വാവയ്ക്കുണ്ട്. ഒപ്പം അതിജാഗ്രതയും വാവ പാമ്പുകളെ പിടിക്കുന്ന കാര്യത്തില്‍ പുലര്‍ത്തിയിരുന്നു പക്ഷേ എന്നിട്ടും അപകടം സംഭവിച്ചിരിക്കുന്നു എന്നത് ഇദ്ദേഹത്തെ അനുകരിച്ച് ഈ ഫീല്‍ഡില്‍ ഇറങ്ങിയിട്ടുള്ളവരെങ്കിലും കുറഞ്ഞപക്ഷം
മനസിലാക്കണമെന്ന് ആഗ്രഹിക്കുകയാണ്.അപകടകരമായ ഈ അനുകരണം പാടില്ല എന്നേ പറയാനുള്ളൂ. മറ്റൊരാള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് തനിക്കും ചെയ്യാനാകും എന്ന അബദ്ധധാരണയില്‍ യാതൊരു പരിശീലനവും ഇല്ലാതെ സ്വയം പാമ്പ് പിടിച്ച് ഹീറോമാരാകാനിറങ്ങി ദുരന്തം വരുത്തിവച്ച അപൂര്‍വം ചില സംഭവങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പരിശീലനം കിട്ടി മാത്രം ചെയ്യേണ്ട ഒരു കാര്യം യൂട്യൂബിലും മറ്റും കണ്ട് അനുകരിക്കാന്‍ ഇറങ്ങി പുറപ്പെടുന്നത് വലിയ അബദ്ധമായി മാറുന്നു. ഇത്തരം തീക്കളികള്‍ കാണാന്‍ ആള് കൂടുന്നതും ഹര്‍ഷാരവം ലഭിക്കുന്നതുമൊക്കെ വിജയിക്കുമ്പോള്‍ മാത്രമാണ് മറിച്ച് ഒരു ഫലമുണ്ടായാല്‍ സ്വയം വേദന തിന്നുകയും വേണ്ടപ്പെട്ടവര്‍ക്ക് തീരാവേദന സമ്മാനിക്കേണ്ടിയും വരും. ഇന്ന് പലരും ഇതൊരു തൊഴിലായും സാഹസിക വിനോദമായും ഏറ്റെടുത്ത് അപകടങ്ങള്‍ വരുത്തി വയ്ക്കുന്നുണ്ട്.
ഇത്തരം അനധികൃത പാമ്പുപിടുത്ത രീതി പ്രോത്സാഹിപ്പിക്കപ്പെടാനോ പ്രകീര്‍ത്തിക്കപ്പെടാനോ പാടുള്ളതല്ല. മാത്രമല്ല പലര്‍ക്കുമറിയാത്ത മറ്റൊരു കാര്യം അനധികൃത പാമ്പുപിടുത്തം മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു ക്രിമിനല്‍ കുറ്റകൃത്യമാണ് എന്നതാണ്.