ദിപിന്‍ മാനന്തവാടി
പ്രകൃതിദത്ത റബ്ബര്‍ ഉപയോഗിച്ച് വ്യാവസായിക ഉദ്പാദനം നടത്തുന്ന അഞ്ച് വന്‍കിട കോര്‍പ്പറേറ്റ് ടയര്‍ നിര്‍മ്മാതാക്കള്‍ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 1,788 കോടി രൂപ പിഴ ചുമത്തിയിരിക്കുകയാണ്. 2018 ഓഗസ്റ്റ് 31ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിരുന്നു. ഏറെക്കാലം നീണ്ടു നിന്ന കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ പരമോന്നത നീതിന്യായ കോടതിയും ഈ ഉത്തരവ് ശരിവച്ചിരിക്കുകയാണ്. ടയര്‍ വില ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താനായി മത്സര വിരുദ്ധ കരാറുകള്‍ നിരോധിക്കുന്ന നിയമത്തിലെ സെക്ഷന്‍ 3 ലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് എംആര്‍എഫ്, അപ്പോളോ ടയേഴ്സ്, സിയറ്റ്, ജെകെ ടയേഴ്സ്, ബിര്‍ള ടയേഴ്സ് എന്നീ കുത്തക ടയര്‍ കമ്പനികള്‍ക്ക് പിഴ വിധിച്ചത്. എംആര്‍എഫിന് 622.09 കോടി രൂപയും, അപ്പോളോ ടയേഴ്സിന് 425.53 കോടി രൂപയും, ജെകെ ടയേഴ്സിന് 309.95 കോടി രൂപയും, സിയറ്റിന് 252.16 കോടി രൂപയും, ബിര്‍ള ടയേഴ്സിന് 178.33 കോടി രൂപയുമാണ് പിഴ ഒടുക്കേണ്ടത്. നിയമലംഘനത്തിന് ടയര്‍ കമ്പനികളുമായി ഒത്തു കളിച്ച ടയര്‍ നിര്‍മാതാക്കളുടെ സംഘടനയായ ഒാേട്ടാമോട്ടീവ് ഓഫ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് 8.4 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
കേരളം അടക്കം സ്വഭാവിക റബ്ബര്‍ ഉദ്പാദിപ്പിക്കുന്ന രാജ്യത്തെ റബ്ബര്‍ കര്‍ഷകര്‍ വിലയിടിവിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് സ്വഭാവിക റബ്ബര്‍ ഉപയോഗിച്ച് വ്യാവസായിക ഉദ്പാനം നടത്തുന്ന വന്‍കിട ടയര്‍ കമ്പനികള്‍ ടയര്‍ വില ഉയര്‍ നിലയില്‍ നിലനിര്‍ത്താനും ലാഭം കുന്നുകൂട്ടാനും നിയമലംഘനം നടത്തിയിരിക്കുന്നത്. സി.എസ്.ഐ ടയര്‍ കമ്പനികളില്‍ നിന്നും നിയമലംഘനത്തിന് പിഴയായി ഈടാക്കിയ 1,788 കോടി രൂപ ഈ കമ്പനികളുടെ ഇക്കാലയളവിലെ ലാഭത്തിന്റെ ചെറിയൊരു ശതമാനം മാത്രമായിരിക്കും.
കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വ്യാവസായിക മിച്ചമൂല്യമാണ് ഈ ലാഭം എന്നത് നവലിബറല്‍ കാലത്തെ കോര്‍പ്പറേറ്റുകള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. നിലവില്‍ വിലയിടിവ് അടക്കം റബ്ബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധിയെ മറികടക്കാന്‍ സ്വഭാവിക റബ്ബറിന്റെ വ്യാവസായിക ലാഭവിഹിതം കൂടി കര്‍ഷകര്‍ക്ക് ലഭിക്കേണ്ടതുണ്ടെന്നാണ് അഖിലേന്ത്യാ കിസാന്‍സഭ അടക്കമുള്ള കര്‍ഷക സംഘടനകളുടെ നിലപാട്. കുത്തക ടയര്‍ കമ്പനികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയായ 1,788 കോടി രൂപ, റബ്ബര്‍ കര്‍ഷകരുടെ കൂട്ടായ നേതൃത്വത്തിലുള്ള റബ്ബര്‍ പ്രൊഡ്യൂസര്‍ സഹകരണ സംഘങ്ങളുടെ കീഴില്‍ ലോക നിലവാരമുള്ള ടയര്‍ നിര്‍മ്മാണ കമ്പനി തുടങ്ങാന്‍ ഗ്രാന്റായി അനുവദിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത്തരമൊരു സഹകരണ സംവിധാനത്തിന് കര്‍ഷകര്‍ക്ക് വ്യാവസായിക മിച്ചമൂല്യം കൂടി നല്‍കാന്‍ കഴിയുമെന്നും അതുവഴി വിലയിടിവ് മൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് റബ്ബര്‍ കൃഷി ലാഭകരമാക്കാന്‍ കഴിയുമെന്നുമുള്ള ആശയമാണ് കിസാന്‍ സഭ മുന്നോട്ടു വയ്ക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് ലാഭം കുമിഞ്ഞ് കൂടാനുള്ള നയപരിപാടികള്‍ പ്രോത്സാഹിപ്പിക്കുകയും കര്‍ഷക വിരുദ്ധ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ ആവശ്യം എത്രമാത്രം ചെവികൊള്ളും എന്നറിയില്ല.
കേരളത്തില്‍ ഉദ്പാദിപ്പിക്കുന്നതില്‍ വ്യവസായിക ലാഭ സാധ്യത ഏറ്റവും കൂടുതലുളള നാണ്യവിളയാണ് റബ്ബര്‍. എന്നിട്ടും വിലയിടിവ് മൂലം റബ്ബര്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. വ്യാവസായിക ലാഭത്തിന്റെ പങ്ക് കൂടി കര്‍ഷകന് ലഭിക്കുന്ന സാഹചര്യം ഉണ്ടായാല്‍ കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും, മാത്രമല്ല കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ സ്വാധീനം ചെലുത്താനും ഇവര്‍ക്ക് സാധിക്കും. റബര്‍ കര്‍ഷകരുടെ പ്രൊഡ്യൂസര്‍ മാര്‍ക്കറ്റിംഗ് കോ ഓപ്പറേറ്റീവുകള്‍ക്ക് കീഴിലെ ആധുനിക വ്യാവസായിക സ്ഥാപനം എന്ന അഖിലേന്ത്യാ കിസാന്‍ സഭയുടെ ആശയം അതിനാല്‍ തന്നെ കേരളത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ഒന്നാണ്. ആര്‍ക്ക് മനസ്സിലായില്ലെങ്കിലും കര്‍ഷകര്‍ക്ക് ഇത് മനസ്സിലാകും. നേരത്തെ കേരളത്തില്‍ ടൂവീലര്‍ ത്രീവീലര്‍ ടയറുകള്‍ ഉദ്പാദിപ്പിക്കാനുള്ള ഒരു വ്യവസായ കേന്ദ്രം ഇന്റഗ്രേറ്റഡ് റബ്ബര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി എന്ന നിലയില്‍ റബ്ബര്‍ കര്‍ഷകരില്‍ നിന്നും 100 കോടി രൂപ മൂലധനം ശേഖരിച്ച് ആരംഭിക്കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നു. ഇത്തരമൊരു കമ്പനിയേക്കാള്‍ സഹകരണ മേഖലയിലെ വ്യാവസായിക യൂണിറ്റിന്റെ സാധ്യത വര്‍ഗ്ഗങ്ങള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ വളരെ വേഗം മനസ്സിലാകേണ്ടതാണ്. കോര്‍പ്പറേറ്റ് - മുതലാളിത്ത മാനേജ്‌മെന്റ് ഇല്ലാതെ തന്നെ സ്വന്തം അതിജീവനത്തിനായി വ്യാവസായിക വത്കരണത്തിന്റെ പ്രൊഫഷണല്‍ സ്‌കില്‍ ആര്‍ജ്ജിക്കാനുള്ള ജീവന്‍മരണ പോരാട്ടവും വര്‍ഗ്ഗ ബോധമുള്ള കര്‍ഷകര്‍ നടത്തും. അതിനെ അവിശ്വസിക്കുകയോ വിലകുറച്ച് വിലയിരുത്തുകയോ ചെയ്യേണ്ടതില്ല.
നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ റബ്ബറിന് 170 രൂപ താങ്ങുവിലയായി നല്‍കുന്നുണ്ട്. എന്നാല്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഇതൊരു പരിഹാരമല്ല. സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സ്വഭാവിക റബ്ബറിനെ വ്യാവസായിക ഉദ്പന്നമാക്കി മാറ്റുന്ന വ്യാവസായിക യൂണിറ്റ് സഹകരണ മേഖലയില്‍ തുടങ്ങാന്‍ കര്‍ഷകര്‍ക്ക് അവസരം ഒരുക്കണം. ടയര്‍ ഫാക്ടറി വലിയ മുതല്‍ മുടക്ക് ഉള്ള വ്യവസായമാണെങ്കില്‍ മറ്റ് സാധ്യതകള്‍ ആരായാവുന്നതാണ്.
സ്വഭാവിക റബ്ബര്‍ ഉപയോഗിച്ചുള്ള ഫ്‌ളോറിംഗിന് പുതിയ കാലത്ത് വലിയ സാധ്യതയുണ്ട്. കേരളം പോലെ വാണിജ്യ-താമസ കെട്ടിട സമുച്ചയങ്ങള്‍ ധാരാളം ഉയരുന്ന സംസ്ഥാനത്ത് റബ്ബര്‍ ഉപയോഗിച്ചുള്ള ഫ്‌ളോറിംഗ് യൂണിറ്റ് സഹകരണ മേഖലയില്‍ വ്യാവസായികമായ ആരംഭിക്കാവുതാണ്. സ്ലിപ്പ്-റെസിസ്റ്റന്റ്, വാട്ടര്‍പ്രൂഫ് പ്രതലങ്ങള്‍ എന്ന നിലയില്‍ പരിപാലിക്കാന്‍ എളുപ്പമുളള റബ്ബര്‍ പ്രതലങ്ങള്‍ക്ക് പുതിയ കാലത്ത് വലിയ സാധ്യതയുണ്ട്. ഇവ ദീര്‍ഘകാലം ഈടു നില്‍ക്കുകയും ചെയ്യും. കളിസ്ഥലങ്ങള്‍, ജിമ്മുകള്‍, വാണിജ്യ അടുക്കളകള്‍, മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയടക്കം റബ്ബര്‍ ഒരു പ്രതലങ്ങള്‍ക്ക് അനുയോജ്യമായ പ്രതലങ്ങള്‍ക്ക് രാജ്യത്തും വിദേശത്തും മാര്‍ക്കറ്റ് ഉണ്ടാക്കാന്‍ സാധിക്കും.
റബ്ബര്‍ ഉപയോഗിച്ചുള്ള വസ്ത്രങ്ങളുടെ സാധ്യതയും പരീക്ഷിക്കാവുതാണ്. വെറ്റ്‌സ്യൂട്ടുകളും സൈക്ലിംഗ് ഷോര്‍ട്ട്‌സും നിര്‍മ്മിക്കാന്‍ ഉപയോഗിക്കാവുന്ന ഉത്തമ അസംസ്‌കൃത വസ്തുവാണ് സ്വഭാവിക റബ്ബര്‍. ഇത്തരത്തില്‍ സ്വഭാവിക റബ്ബറിനെ വ്യാവസായിക ഉത്പന്നമാക്കി മാറ്റാനുള്ള വ്യവസായശാല കര്‍ഷകരുടെ നേതൃത്വത്തില്‍ സഹകരണ മേഖലയില്‍ ആരംഭിക്കുന്നത് കര്‍ഷകര്‍ക്ക് വ്യാവസായിക ലാഭം ലഭ്യമാക്കുന്നു. ഇതിനൊപ്പം വന്‍കിട കമ്പനികള്‍ക്ക് ആവശ്യമുള്ള സ്വഭാവിക റബ്ബറിന്റെ ആവശ്യകത വര്‍ദ്ധിക്കാനും അതുവഴി വില വര്‍ദ്ധിക്കാനുമുള്ള സാധ്യത വര്‍ദ്ധിക്കുന്നു. കര്‍ഷകരുടെ നേതൃത്വത്തിലുള്ള റബ്ബര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് സഹകരണ സംഘം എന്നത് നവഉദാരീകരണ കാലത്ത് കര്‍ഷകരുടെ പ്രതിസന്ധിക്ക് ശരിയായ പരിഹാരമാണ്. കോര്‍പ്പറേറ്റുകളുടെ ചൂഷണം തടയാനും ഇതുവഴി സാധിക്കും.