മതം നിലനിര്‍ത്താന്‍ ഹിജാബ് ആവശ്യമില്ല

ഹിജാബ് ഒരു ഐഡന്റിറ്റി പൊളിറ്റിക്‌സ് ആയി മാറുകയാണ്. ഇസ്ലാം മതത്തില്‍ വിശ്വസിക്കുക, മുസ്ലിം ആവുക എന്നൊക്കെ പറഞ്ഞാല്‍ അവര്‍ ചെയ്യേണ്ടത് അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല. മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകന്‍ ആണ് എന്നത് മാത്രമാണ്. ഇത് വിശ്വസിക്കുന്നതോടെ വ്യക്തി ഇസ്ലാം ആയി തീര്‍ന്നു. ഈ വിശ്വാസമുള്ളയാള്‍ ഒരു വസ്ത്രവും ഇല്ലാതെ നടന്നാലും അവര്‍ മുസ്ലിം തന്നെയാണ്.

author-image
Avani Chandra
New Update
മതം നിലനിര്‍ത്താന്‍ ഹിജാബ് ആവശ്യമില്ല

ഹമീദ് ചേന്ദമംഗലൂര്‍

ഹിജാബ് മുസ്ലിംങ്ങള്‍ക്ക് അവരുടെ മതം നിലനിര്‍ത്താന്‍ ആവശ്യമുള്ളതല്ലെന്ന് പ്രമുഖ ചിന്തകന്‍ ഹമീദ് ചേന്ദമംഗലൂര്‍. ഹിജാബ് എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ മതത്തിന്റെ ഒരു അവശ്യഘടകമായി തീര്‍ന്നിരിക്കുന്നു. ഹിജാബ് ഒരു ഐഡന്റിറ്റി പൊളിറ്റിക്‌സ് ആയി മാറുകയാണെന്ന് ഹമീദ് ചേന്ദമംഗലൂര്‍ കലാകൗമുദിയോട് പറഞ്ഞു. ഇസ്ലാം മതത്തില്‍ വിശ്വസിക്കുക, മുസ്ലിം ആവുക എന്നൊക്കെ പറഞ്ഞാല്‍ അവര്‍ ചെയ്യേണ്ടത് അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല. മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകന്‍ ആണ് എന്നത് മാത്രമാണ്. ഇത് വിശ്വസിക്കുന്നതോടെ വ്യക്തി ഇസ്ലാം ആയി തീര്‍ന്നു. ഇതാണ് ഈ മതത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ വിശ്വാസം. ഈ വിശ്വാസമുള്ളവര്‍ ഒരു വസ്ത്രവും ഇല്ലാതെ നടന്നാലും അവര്‍ മുസ്ലിം തന്നെയാണ്. സൊമാലിയ പോലുള്ള പട്ടിണി രാജ്യങ്ങളില്‍ ഉടുതുണി പോലും ഇല്ലാത്ത ആളുകള്‍ ഉണ്ടാകും. അവിടുത്തെ സ്ത്രീകള്‍ മാറ് മറയ്ക്കാതെ, തല മറയ്ക്കാതെ നടന്നാലും അവര്‍ മുസ്ലിം തന്നെയാണ്. മുസ്ലിം സ്ത്രീകള്‍ ഏതു വസ്ത്രം ധരിക്കുന്നു. പുരുഷന്മാര്‍ ഏത് വസ്ത്രം ധരിക്കുന്നു എന്നതൊന്നും ഈ വിശ്വാസ സംഹിത നിലനില്‍ക്കുതിനാല്‍ പ്രസക്തമല്ല. വിഷയം വിശ്വാസപ്രമാണം തന്നെയാണ്. ഫ്രാന്‍സിലും മറ്റും ഇതൊരു പ്രശ്‌നമായി മാറിയതാണ്. പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമാകാതെ തങ്ങളുടെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുക എന്ന നീക്കമാണ് അന്ന് ഫ്രാന്‍സില്‍ നടന്നത്. സാംസ്‌കാരിക ഉദ്ഗ്രഥനത്തെ എതിര്‍ക്കുക. വേറിട്ട് നില്‍ക്കുക. ഇതാണ് അവിടെ മുസ്ലിം സംഘടനകള്‍ ചെയ്തത്. അതുപോലെ ഇവിടെയും അത് ചെയ്യാന്‍ മുസ്ലിം ചെറുപ്പക്കാരെ പ്രേരിപ്പിക്കുകയാണ് മുസ്ലിം.

മതപ്രസ്ഥാനക്കാരും മുസ്ലിം സംഘടനകളും ചെയ്യുന്നത്. അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല. മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകന്‍ ആണ് എന്ന് വിശ്വസിക്കുമ്പോള്‍ തന്നെ ചില മൂല്യങ്ങള്‍ ഇസ്ലാം മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇസ്ലാം മതത്തിനും ഒരു മൂല്യവ്യവസ്ഥയുണ്ട്. അത് മറ്റെല്ലാ മതങ്ങള്‍ക്കും ഉള്ള മൂല്യവ്യവസ്ഥതയെന്നാണ്. സത്യം പറയണം. സത്യത്തിന്റെ ഭാഗത്ത് നില്‍ക്കണം. നീതിയുടെ ഭാഗത്ത് നില്‍ക്കണം. മത സാഹോദര്യം ഉദ്‌ഘോഷിക്കണം. അഴിമതി, വഞ്ചന, കള്ളക്കച്ചവടം പാടില്ല. ഇതൊക്കെ എല്ലാ മതങ്ങളും മുന്നോട്ട് വയ്ക്കുന്ന മൂല്യങ്ങളാണ്.

ഇപ്പോള്‍ ഹിജാബിനു വേണ്ടി വാദിക്കുന്ന പുരുഷന്മാരും ഹിജാബിനു വേണ്ടി വാദിക്കുന്ന സ്ത്രീകളും ഒക്കെ മൂല്യവ്യവസ്ഥ കണക്കിലെടുക്കാറേയില്ല. ഇവരാരും അഴിമതിയ്ക്ക് എതിരെ, വഞ്ചനയ്ക്ക് എതിരെ ശബ്ദിക്കുന്നില്ല. അത് ഇസ്ലാം വിരുദ്ധമാണ് മതവിരുദ്ധമാണ് എന്നൊക്കെ പറഞ്ഞു ആരും മുന്നോട്ട് വിട്ടില്ല. ഇപ്പോള്‍ ഒരു സ്ത്രീ ഹിജാബ് ധരിക്കണം. അത് ഇസ്ലാമിന്റെ വിശ്വാസ പ്രമാണത്തിന്റെ ഭാഗമാണ്. അത് ധരിക്കാഞ്ഞാല്‍ സ്ത്രീ ഇസ്ലാം വിരുദ്ധരാകും എന്നുള്ള പ്രചാരണമാണ് നടക്കുന്നത്. ഇപ്പോള്‍ ഹിജാബ് ധരിക്കുകയാണ് ഇസ്ലാം എന്ന് മുസ്ലിം യുവതികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ഈ തെറ്റിദ്ധാരണ മുസ്ലിംങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചത് മതതീവ്രവാദ സംഘടനകളാണ്.

ഹിജാബ് ഇസ്ലാമിന്റെ ചിഹ്നമാണ്. ഇസ്ലാമിന്റെ ചിഹ്നമാണ് പര്‍ദ്ദ. ഇതൊക്കെ ഇട്ട് നടന്നാലേ ഒരാള്‍ ഇസ്ലാമാകൂ. ഈ ചിഹ്നങ്ങള്‍ നിങ്ങള്‍ ധരിക്കണം. അതുപോലെ പുരുഷന്മാര്‍ താടി വളര്‍ത്തുക. തലപ്പാവ് അണിയുക. ഇതൊക്കെയാണ് ഇസ്ലാം എന്ന തെറ്റായ ധാരണ മതമൗലികവാദികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒരു വ്യക്തി ഉള്‍ക്കൊള്ളുന്ന, പ്രാവര്‍ത്തികമാക്കുന്ന മൂല്യങ്ങളെക്കാള്‍ പ്രാധാന്യം ഈ മത ചിഹ്നങ്ങള്‍ക്ക് നല്‍കുന്ന രീതി ഈ കാലത്ത് വളരെ ശക്തമായി വികസിച്ച് വന്നിട്ടുണ്ട്. ഇതിനു പിന്നില്‍ മുസ്ലിം മത സംഘടനകളും വര്‍ഗീയ പ്രസ്ഥാനങ്ങളുമാണ്. മറുഭാഗത്ത് ഹിന്ദു വര്‍ഗീയ വാദികളും അത് തന്നെയാണ് ചെയ്യുന്നത്. ഞങ്ങള്‍ പഠിക്കുമ്പോള്‍ കുറി തൊട്ട് വരുന്ന പുരുഷന്മാര്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അതല്ല കോളേജുകളില്‍ പോകുന്ന കുട്ടികള്‍ മതചിഹ്നങ്ങള്‍ ധരിച്ച് തുടങ്ങിയിട്ടുണ്ട്.

ക്രിസ്ത്യാനികള്‍ക്കിടയിലും മുസ്ലിംങ്ങള്‍ക്കിടയിലും ഇപ്പോള്‍, ഈ മതചിഹ്നങ്ങള്‍ ധരിച്ച് വരുന്ന രീതി ശക്തമാണ്. വര്‍ഗീയവാദികള്‍ എല്ലാം ഒരേ രീതിയിലാണ് സഞ്ചരിക്കുന്നത്. സനാഥന്‍ സംസ്ഥക്കാരാണ് ബാറില്‍ പോയ പെണ്‍കുട്ടികളെ ആക്രമിച്ചത്. വിവാദമുണ്ടാക്കിയത്. അവിടെയും പ്രശ്‌നങ്ങളുണ്ട്. ഇതെല്ലാം മതത്തിന്റെ പേരില്‍ സൃഷ്ടിക്കപ്പെടുകയാണ്. മുസ്ലിം-ഹിന്ദു ഐഡന്റിറ്റിയിലേക്ക് ആളുകളെ ചുരുക്കിക്കൊണ്ട് പോവുകയാണ് ചെയ്യപ്പെടുന്നത്.

കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് മുസ്ലിം പെണ്‍കുട്ടികള്‍ എത്തിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഹിന്ദു കുട്ടികള്‍ ഹിന്ദു ചിഹ്നങ്ങള്‍ ധരിച്ചാണ് എത്തിയത്. അവര്‍ മിക്കവരും കാവി ഷാള്‍ ധരിച്ചിരുന്നു. ഒരു വര്‍ഗീയ ചിഹ്നത്തെ മറ്റൊരു വര്‍ഗീയ ചിഹ്നം കൊണ്ട് നേരിടുകയാണ് ചെയ്യുന്നത്. ഇവരൊന്നും തന്നെ മതങ്ങള്‍ ഉദ്‌ഘോഷിക്കുന്ന മൂല്യങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിച്ചിട്ടില്ല. മുന്‍പുള്ള കാലം ഇതൊന്നും യുവാക്കളുടെ ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല. മൂല്യവ്യവസ്ഥയ്ക്ക് പകരം ചിഹ്നവ്യവസ്ഥയാണ് ആളുകള്‍ പിന്തുടരുന്നത്. ഈ രീതിയിലുള്ള വിഭാഗീയത തന്നെയാണ് ഹിജാബ് പ്രശ്‌നത്തിനും പിന്നില്‍- ഹമീദ് ചേന്ദമംഗലൂര്‍ പറയുന്നു.

(തയ്യാറാക്കിയത് എം.മനോജ് കുമാര്‍)

 

kalakaumudi kaumudi plus hijab