തിരുത്തേണ്ടത് തിരുത്തണം

ചിലർക്ക് ചില ശീലങ്ങളുണ്ട്.ഒരിക്കലും മാറ്റാത്ത ശീലങ്ങൾ. മാറ്റുവാൻ ഇഷ്ടമല്ല എന്നതാണ് പ്രധാന കാരണം. എന്നാൽ എല്ലാ ശീലങ്ങളും നല്ലതിനാണെന്നോ അവ കാരണം യാതൊരുവിധ ദോഷവും ഉണ്ടാകില്ലെന്നോ പറയാനാകില്ല. അത്തരത്തിൽ ദോഷം ഉണ്ടാകുമെന്ന് മനസ്സിലാകുന്ന ശീലങ്ങളെ ഒഴിവാക്കേണ്ടതല്ലേ? അത് സംബന്ധിച്ചുള്ള അറിവ് നേടിയും മറ്റുള്ളവരുടെ അനുഭവങ്ങൾ കണ്ടറിഞ്ഞും സ്വയം അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയും എത്രയും നേരത്തെതന്നെ തിരുത്തേണ്ടത് തിരുത്തുകതന്നെ വേണം.

author-image
ഡോ. ഷർമദ് ഖാൻ
New Update
തിരുത്തേണ്ടത് തിരുത്തണം

ചിലർക്ക് ചില ശീലങ്ങളുണ്ട്. ഒരിക്കലും മാറ്റാത്ത ശീലങ്ങൾ. മാറ്റുവാൻ ഇഷ്ടമല്ല എന്നതാണ് പ്രധാന കാരണം. എന്നാൽ എല്ലാ ശീലങ്ങളും നല്ലതിനാണെന്നോ അവ കാരണം യാതൊരുവിധ ദോഷവും ഉണ്ടാകില്ലെന്നോ പറയാനാകില്ല. അത്തരത്തിൽ ദോഷം ഉണ്ടാകുമെന്ന് മനസ്സിലാകുന്ന ശീലങ്ങളെ ഒഴിവാക്കേണ്ടതല്ലേ? അത് സംബന്ധിച്ചുള്ള അറിവ് നേടിയും മറ്റുള്ളവരുടെ അനുഭവങ്ങൾ കണ്ടറിഞ്ഞും സ്വയം അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയും എത്രയും നേരത്തെതന്നെ തിരുത്തേണ്ടത് തിരുത്തുകതന്നെ വേണം.

പകർച്ചവ്യാധികളകറ്റുവാനുള്ള രോഗപ്രതിരോധശേഷിയും ജീവിതശൈലീ രോഗങ്ങളകറ്റുവാനുള്ള ആരോഗ്യവും ലഭിക്കുന്നത് ആരോഗ്യസംബന്ധമായ നല്ല ശീലങ്ങളിലൂടെയാണ്. ഇത് രണ്ടുമുണ്ടെങ്കിൽ പിന്നെന്ത് രോഗസാദ്ധ്യത എന്ന് ചോദിക്കേണ്ടിവരും. രോഗസാദ്ധ്യത ഒഴിവാക്കി പകർച്ചവ്യാധിയും ജീവിതശൈലീരോഗവും ഇല്ലാതെ ആരോഗ്യത്തോടെ ദീർഘനാൾ ജീവിക്കുന്നതിന് നല്ല ശീലങ്ങൾ ഉണ്ടായിരുന്നാൽ മാത്രംമതി എന്ന് സാരം. അങ്ങനെയാകുമ്പോൾ ഇപ്പോഴുള്ള ശീലങ്ങൾ നല്ലതാണോ അല്ലെങ്കിൽ ആരോഗ്യകരമാണോ എന്ന് ഇടയ്ക്കിടെ വിലയിരുത്തേണ്ടതുണ്ടെന്ന് പറയേണ്ടതില്ലല്ലോ?

നല്ലത് ശീലിക്കണമെങ്കിൽ നല്ലതിനെക്കുറിച്ച് അറിവുണ്ടാകണം. നല്ലതാണെന്ന് വിചാരിച്ചും പലതും കണ്ടും കേട്ടും ശീലിച്ചിരിക്കുന്ന കാര്യങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാക്കുന്നതിനുള്ള ചില ഉദാഹരണങ്ങളാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. കഞ്ഞിയേക്കാൾ ഓട്സ് കുടിക്കുന്നതാണ് നല്ലതെന്ന് പറയുന്നവരുണ്ട്.ഓട്സ് ഉണ്ടാക്കുവാൻ വളരെ എളുപ്പമുള്ളതാണെന്നതും ഓട്സിന് ഷുഗർ, അമിതവണ്ണം, മലബന്ധം, കൊളസ്ട്രോൾ, കൊഴുപ്പ് എന്നിവ കുറയ്ക്കാൻ സാധിക്കുമെന്നതും ശരിതന്നെ. എന്നാൽ ചെറുപയറിട്ട് വേകിച്ച കഞ്ഞി കുടിക്കുന്നതിന്റെ ഏഴയലത്ത് എത്തുന്നതല്ല ഓട്സ് എന്നതാണ് യാഥാർത്ഥ്യം. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവർ പ്രഷർകുക്കറിൽ കഞ്ഞി വേകിക്കുന്നത് ഒഴിവാക്കുകയും കഞ്ഞിവെള്ളം ഊറ്റിക്കളഞ്ഞ് ചൂടുവെള്ളമൊഴിച്ച് കഞ്ഞി കുടിക്കുകയും ചെയ്താൽ മതി. ചെറുപയറിന് പകരം അവിയൽ,തോരൻ, കൂട്ട്കറി എന്നിവയും ഉപയോഗിക്കാവുന്നതാണ്.

നന്നായി ഏമ്പക്കം വിട്ടാൽ വയറിനുള്ളിൽ തങ്ങിനിൽക്കുന്ന ഗ്യാസ് കുറയുമെന്നും അങ്ങിനെ ശമനം കിട്ടുമെന്നും വിചാരിക്കുന്ന രോഗികൾ ഒട്ടുംതന്നെ കുറവല്ല. അവരിൽ പലരും 'വലിയവായിൽ' ഏമ്പക്കം വിടുന്നവരാണ്.എന്നാൽ ഏമ്പക്കം വിടുന്നതിനു മുമ്പായി അതിനേക്കാൾ വലിയ അളവിൽ വായു ഉള്ളിലേക്ക് വലിച്ചെടുക്കുമെന്നും അങ്ങനെ ഉള്ളിലുള്ള വായുവിന്റെ അളവ് വർദ്ധിക്കുകയാണ് ചെയ്യുന്നതെന്നും മനസ്സിലാക്കണം. തുടർച്ചയായി വലിയ ശബ്ദത്തോടെ ഏമ്പക്കം വിടുന്നത് ഗ്യാസിനെ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നതിനായിപ്പോലും 'ഏമ്പക്കം ആയുധമാക്കുന്ന' ചിലരെങ്കിലുമുണ്ട്.

രാവിലെ ഒരു ചൂട്ചായ കുടിച്ചാൽ വലിയ സമാധാനം കിട്ടുമെന്ന് കരുതുന്നവരുണ്ട്. അതിലൂടെ അസിഡിറ്റിയും ഗ്യാസും കുറയുമെന്ന് വിചാരിക്കുന്നവരും ധാരാളമാണ്. ഇതൊന്നുമില്ലെങ്കിലും 'ചായകുടിശീലം' മാറ്റാനാകില്ല എന്ന് പറയുന്നവരുണ്ട്. എന്നാൽ വെറും വയറ്റിൽ ചൂട്ചായ കുടിക്കുന്നത് അസിഡിറ്റിയേയും ഗ്യാസിനേയും പ്രത്യേകിച്ച് നെഞ്ചെരിച്ചിലിനേയും വർദ്ധിപ്പിക്കുമെന്ന് മനസ്സിലാക്കുക.

രാത്രിയിൽ കിടക്കാൻ നേരം ഒരു കാപ്പി കുടിച്ചാൽ നല്ല ഉറക്കം കിട്ടുമെന്ന് വിചാരിക്കുന്നവരുമുണ്ട്. പലപ്പോഴും ഉറക്കം നഷ്ടപ്പെടുത്തുവാനും ഇത് കാരണമാകും. ഇതുപോലെതന്നെയാണ് മദ്യവും. മദ്യത്തെക്കുറിച്ചും രണ്ട് അവകാശവാദങ്ങളും ഉന്നയിക്കുന്നവരുണ്ട്. രണ്ടും ഉന്മേഷദായകമാണെന്നതും അതിനാൽതന്നെ ഉറക്കം തടസ്സപ്പെടാനാണ് സാദ്ധ്യത എന്നതും അറിയണം. മദ്യം കഴിച്ചാലും കോളകുടിച്ചാലും ഗ്യാസ് മാറുമെന്ന് കരുതുന്നവർ താൽക്കാലികമായി അങ്ങനെ അനുഭവപ്പെട്ടാലും ക്രമേണ കരളിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി എല്ലാവിധ ദഹനപ്രശ്നങ്ങളുമുണ്ടാക്കുമെന്ന് മനസ്സിലാക്കണം. ചൂടുവെള്ളത്തിൽ കുളിച്ചാൽ ത്വക്ക് മൃദുവും സൗന്ദര്യവുമുള്ളതുമാകുമെന്ന് കരുതുന്നവരുണ്ട്. ത്വക്കിന് ഏറ്റവും കൂടുതൽ രൂക്ഷതയുണ്ടാകുന്നത് ചൂടുവെള്ളത്തിൽ കുളിക്കുന്നത്കൊണ്ടാണ്. ത്വക്കിന് ചുളിവുകൾ വർദ്ധിക്കുന്നതും അതുകൊണ്ടുതന്നെ.
സൺസ്ക്രീൻ ലോഷനും പുരട്ടി പുറത്തേക്കിറങ്ങുന്നവർക്ക് സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷണകവചം ലഭിക്കുമെങ്കിലും അതേ കാരണംകൊണ്ടുതന്നെ വൈറ്റമിൻ ഡി 3 യും കാൽസ്യവും കുറയുമെന്ന കാര്യവും അറിയാമല്ലോ? സാനിറ്റൈസർ ഉപയോഗിച്ച് സകലമാന സൂക്ഷ്മാണുക്കളേയും നശിപ്പിക്കാമെന്ന് കരുതുന്നവർ അതുപയോഗിച്ച് പൊള്ളലും രൂക്ഷതയും കൂടി ഉണ്ടാക്കുക കൂടി ചെയ്യുന്നുണ്ട്. സൂക്ഷ്മാണുക്കളെ പ്രത്യേകിച്ചും വൈറസുകളെ നശിപ്പിക്കുന്നതിന് ഏറ്റവും നല്ലത് സോപ്പ് വെള്ളം തന്നെയാണെന്ന് തിരിച്ചറിയുക.

രണ്ടു വാക്സിനുമെടുത്തവർക്ക്കോവിഡ് വരില്ലെന്നുള്ള അമിതവിശ്വാസമാണുള്ളത്. പ്രതിരോധ മരുന്നുകൾ കഴിച്ചവരിലും അങ്ങനെതന്നെ വിചാരിക്കുന്നവരുമുണ്ട്. "എനിക്ക് കോവിഡ് വരില്ല" എന്നുള്ള അമിത വിശ്വാസം കേരളത്തിൽ കോവിഡിനെ വർദ്ധിപ്പിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. രാത്രിഭക്ഷണം കഴിക്കാതിരുന്നാൽ വണ്ണം കുറയുമെന്ന് കരുതുന്നവർ അത് തെറ്റാണെന്നും പകരമായി ഭക്ഷണം സെലക്ടീവ് ആക്കുകയും അളവ് കുറയ്ക്കുകയുമാണ് വേണ്ടതെന്നും മനസ്സിലാക്കുക. ഭക്ഷണം കഴിക്കാതെ വിശന്നിരിക്കുന്നവർക്ക് പിന്നീട് കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ആവശ്യമില്ലാത്തവ കൂടി ദഹിക്കുകയും വണ്ണം കൂടുകയുമാണ് ചെയ്യുന്നത്.

ചക്ക പ്രമേഹരോഗികൾക്ക് നല്ലതാണെന്ന് പറയുന്നവർ പഴുത്തചക്ക 'ഷുഗറിനെ' വർദ്ധിപ്പിക്കുന്നതു തന്നെയാണെന്നും പച്ചചക്കയും അതിന്റെ ഉപോൽപ്പന്നങ്ങളുമാണ് പ്രമേഹത്തെ കുറയ്ക്കുന്നതെന്നും അറിയണം.
ഭക്ഷണത്തിൽ ഉപ്പ് വളരെ അത്യാവശ്യമാണെന്ന് പറയുന്നവർ സസ്യാഹാരങ്ങളിൽ ഉപ്പ് ആവശ്യത്തിന് അടങ്ങിയിട്ടുണ്ടെന്നും അത് കൂടാതെയും ആവശ്യമുണ്ടെങ്കിൽതന്നെ 5 ഗ്രാം വരുന്ന ഒരു ടീസ്പൂണിന്റെ എട്ടിൽ ഒരു ഭാഗം മാത്രം മതിയാകുമെന്നും അല്ലാതെകഴിക്കുന്ന ഉപ്പ് ശരീരത്തിൽ വളരെ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്നും മനസ്സിലാക്കുക.
മദ്യപിച്ചാൽ തലവേദന സ്വാഭാവികമാണെന്ന് ധരിച്ചുവച്ചിരിക്കുന്നവർ മദ്യം കാരണമുണ്ടാകുന്ന നിർജ്ജലീകരണം ആവശ്യത്തിനു വെള്ളംകുടിച്ചു പരിഹരിച്ചാൽമതിയെന്നും അതിലൂടെ തലവേദനയും ശരീരത്തിലുണ്ടാകുന്ന അയവില്ലായ്മയും കുറയ്ക്കാമെന്നും തിരിച്ചറിയണം.

10 ദിവസം മരുന്നുകഴിച്ചാൽതന്നെ കൊളസ്ട്രോൾ കുറയുന്ന പലരിലും 10 വർഷം തുടർച്ചയായി കഴിച്ചിട്ടും കൊളസ്ട്രോൾ വീണ്ടും നിലനിൽക്കുന്നതായി കാണുന്നു. മരുന്ന്കഴിച്ച് കൊളസ്ട്രോൾ മാറ്റാനാകുമെന്ന അമിതധാരണകൊണ്ട് ജീവിതശൈലിയിൽ മാറ്റം വരുത്താത്തതാണ് ഇതിന്റെ കാരണം. ഒരു ലാബിൽ പോയി ഷുഗർ നോക്കുന്ന ആളിന് അടുത്ത ദിവസം നോക്കുമ്പോൾ മറ്റൊരു റീഡിങ് ആണ് ലഭിക്കുന്നതെങ്കിൽ അത് ലാബിന്റെ കുഴപ്പമാണെന്ന് പറഞ്ഞുകളയും. ബ്ലഡ് പ്രഷർ നോക്കുമ്പോഴും ഇപ്രകാരം സംഭവിക്കാം. ബ്ലഡ് പ്രഷറും ബ്ലഡ് ഷുഗറും ഒരേ ദിവസംതന്നെ പല സമയത്തും പലതായിരിക്കുമെന്നും അതുകൊണ്ടുതന്നെ അവയുടെ ശരാശരിയാണ് നോക്കുന്നതെന്നും അറിയുക. ഗുദമാർഗ്ഗേണ രക്തം വരുന്നതെല്ലാം അർശസ്സ് ആണെന്ന് കരുതുന്നവർ അതിനേക്കാൾ ഗുരുതരമായ പല രോഗങ്ങളിലും ഈ ലക്ഷണം കാണാമെന്ന്കൂടി അറിയണം. കണ്ണ് ചുരുക്കിപ്പിടിച്ചു വായിച്ചാൽ ശരിക്ക് കാഴ്ച കിട്ടുമെന്ന് കരുതുന്നവർ കാഴ്ച പരിശോധിച്ച് ആവശ്യമെങ്കിൽ കണ്ണട വെയ്ക്കുകയാണ് വേണ്ടത്.
വ്യായാമം നല്ലതാണെന്ന് കരുതുന്നവർതന്നെ അത് അമിതമാകാതിരിക്കുവാൻ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ഇത്തരത്തിൽ നിരവധി കാര്യങ്ങൾ കാര്യമറിഞ്ഞ് സമയാസമയം തിരുത്തേണ്ടവയാണ്.
അത് ആരോഗ്യത്തിനും ജീവിതവിജയത്തിനും വളരെ പ്രയോജനം ചെയ്യും.

ഡോ. ഷർമദ് ഖാൻ

ഗവ: ആയുർവേദ ഡിസ്‌പെൻസറി നേമം

9447963481

Sharmad Khan