ഡല്‍ഹി അതിര്‍ത്തിയില്‍ 59 ദിവസമായി അതിജീവനത്തിനായി പോരാട്ടം നയിക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് മേല്‍ കേന്ദ്രം ഇനിയും അനുകൂലമായൊരു നിലപാട് എടുത്തിട്ടില്ല. കര്‍ഷകരുമായി തുടരെ നടത്തുന്ന ചര്‍ച്ചകളും ഫലമില്ലാതെ പോവുകയാണ്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പരേഡിനൊപ്പം ഡല്‍ഹി അതിര്‍ത്തികളില്‍ സമാനമായി ട്രാക്ടര്‍ റാലി നടത്താനുള്ള തീരുമാനത്തില്‍
നിന്നും കര്‍ഷകര്‍ ഇതുവരെയും പിന്‍മാറിയിട്ടില്ല. മാത്രമല്ല രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്കും സമരം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍. പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കുന്ന മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ് . നാസിക്കില്‍ നിന്ന് മുംബൈയിലേയ്ക്ക് 180 കിലോമീറ്റര്‍ ദൂരമാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. സംസ്ഥാനത്തെ 21 ജില്ലകളില്‍നിന്നുള്ള കര്‍ഷകരാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.
റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന വലിയ ട്രാക്ടര്‍ റാലിയുടെ മുന്നോടിയായാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ റാലി നടത്തുന്നത്. മാത്രമല്ല കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബിലും റാലികളും മാര്‍ച്ചുകളും നടക്കുന്നുണ്ട്. അതേസമയം കര്‍ഷക സമരത്തിനിടെ കലാപമുണ്ടാക്കി നേതാക്കളെ വധിക്കാനായി ഹരിയാന പൊലീസ് കൊലയാളികളെ
വിട്ടെന്ന ഗുരുതര ആരോപണവുമായി കര്‍ഷകര്‍ രംഗത്തെത്തിയതും വലിയ വിവാദമായിട്ടുണ്ട്. കര്‍ഷക സമരം നടക്കുന്ന സിംഘു അതിര്‍ത്തിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നാല് കര്‍ഷക നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ട് അക്രമിയെത്തിയെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പത്രസമ്മേളനം വിളിച്ച് വ്യക്തമാക്കിയത്. കഴിഞ്ഞ നവംബര്‍ 26 നാണ് വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ ഇന്ദ്രപ്രസ്ഥത്തിന്റെ അതിര്‍ത്തിയിലേയ്ക്ക് എത്തുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് പറഞ്ഞ് തുടങ്ങിയ സമരത്തെ ഡല്‍ഹി അതിര്‍ത്തികളില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡല്‍ഹി പൊലീസും ബിഎസ്എഫ്, സിആര്‍പിഎഫ് തുടങ്ങിയ അര്‍ദ്ധ സൈനിക വിഭാഗങ്ങളും കൂടി തടഞ്ഞു. ഒട്ടും ആവേശം ചോരാതെ കര്‍ഷകര്‍ സമരം തുടരുമ്പോള്‍ എത്രനാള്‍ ഈ പ്രതിഷേധം കണ്ടില്ലെന്ന് സര്‍ക്കാരിന് നടിക്കാനാകും എന്ന ചോദ്യമാണുയരുന്നത്. സമരം തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ഷകരുമായി കേന്ദ്രം നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. കര്‍ഷകര്‍ക്കുള്ള വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള വ്യവസ്ഥകളാണു നിയമങ്ങളിലുള്ളതെന്നും ഇപ്പോള്‍ പ്രക്ഷോഭം നടത്തുന്നവര്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നുമുള്ള നിലപാടായിരുന്നു കേന്ദ്രം സ്വീകരിച്ചത്. തെറ്റിദ്ധാരണകളുടെ പുറത്താണ് കര്‍ഷകര്‍ കേന്ദ്രത്തിനെതിരെ നീങ്ങുന്നതെന്ന വിമര്‍ശനമാണ് കര്‍ഷക സമരത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വച്ചിരുന്നത്.
രാജ്യത്തെവിടെയും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ അനുമതി നല്‍കുന്ന ബില്‍ കര്‍ഷകര്‍ക്കു ഗുണകരമാണെന്ന നിലപാടില്‍ തന്നെ കേന്ദ്രം ഉറച്ചു നില്‍ക്കുന്നതും കര്‍ഷകര്‍ അംഗീകരിക്കുന്നില്ല. കാര്‍ഷിക വിളകളുടെ താങ്ങുവില ഇല്ലാതാകുമെന്ന പ്രചാരണം വെറുതെയാണെന്നും സര്‍ക്കാര്‍, ഫുഡ് കോര്‍പ്പറേഷന്‍ എന്നിവ വഴിയുള്ള വിള സംഭരണം അവസാനിക്കില്ലെന്നും കേന്ദ്രം ഉറപ്പു നല്‍കുന്നു. പ്രാദേശികാടിസ്ഥാനത്തിലുള്ള കമ്പോള നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ, കുത്തകക്കമ്പനികള്‍ വില്‍പന ശൃംഖല കയ്യേറാന്‍ വഴിയൊരുങ്ങുമെന്നുള്ളത് പ്രധാന ആശങ്കയായി കര്‍ഷകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ബില്ലുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. കര്‍ഷകരുമായി ബന്ധപ്പെടുത്തി മൂന്ന് പ്രധാന ബില്ലുകളാണ് സര്‍ക്കാര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. വിലസ്ഥിരതയും കൃഷിസേവനങ്ങളും സംബന്ധിച്ച കര്‍ഷകരുടെ (ശാക്തീകരണവും സംരക്ഷണവും) കരാര്‍ ബില്‍, കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനം, വ്യാപാരം, വാണിജ്യം (പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബില്‍, അവശ്യ വസ്തുക്കളുടെ (ഭേദഗതി) ബില്‍ എന്നിവ. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കു മേലുള്ള നിയന്ത്രണങ്ങള്‍ നീക്കി, കര്‍ഷകര്‍ക്കു കൂടുതല്‍ വിപണന സാദ്ധ്യതകള്‍ ലഭ്യമാക്കുമെന്ന അവകാശവാദത്തോടെയാണ് കാര്‍ഷിക ഉല്‍പന്ന വ്യാപാര, വാണിജ്യ ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. കാര്‍ഷികവൃത്തിയെ ആശ്രയിച്ചു കഴിയുന്ന സംസ്ഥാനങ്ങളെല്ലാം ബില്ലിനെതിരെ നടത്തിയ ശക്തമായ പ്രതിഷേധം വകവയ്ക്കാതെയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നീക്കം. അതേസമയം സമരം തീര്‍ക്കാന്‍ സുപ്രീംകോടതി ഇടപെട്ട് സമിതി രൂപീകരിച്ചതിനെ എതിര്‍ക്കേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
കാര്‍ഷിക നിയമം പരിശോധിക്കാന്‍ സുപ്രീംകോടതിക്കേ കഴിയൂവെന്നായിരുന്നു കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അഭിപ്രായപ്പെട്ടത്. സുപ്രീംകോടതി തീരുമാനിക്കുന്നത് സര്‍ക്കാര്‍ അംഗീകരിക്കുമെന്നും മന്ത്രി ആവര്‍ത്തിച്ചിരുന്നു. ജനാധിപത്യത്തില്‍ ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകൂവെന്നും നരേന്ദ്ര സിംഗ് തോമര്‍ ആവര്‍ത്തിച്ച് പറഞ്ഞു. പക്ഷേ, അപ്പോഴൊക്കെ നിയമം പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയായിരുന്നു കേന്ദ്രമന്ത്രി. 41 സംഘടനകളാണ് നിലവില്‍ ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത്. കോടതി നിര്‍ദ്ദേശപ്രകാരം സമിതി രൂപീകരിക്കുമ്പോള്‍ സമരത്തില്‍ ഇല്ലാത്ത സംഘടനകളെയും സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേയ്ക്കും.
ഇങ്ങനെ സര്‍ക്കാരിനെ അനുകൂലിക്കുന്ന സംഘടനകളെയും ഈ സമിതിയിലേയ്ക്ക് തിരുകിക്കയറ്റാനുള്ള ശ്രമമായിരിക്കും കേന്ദ്രസര്‍ക്കാര്‍ നടത്തുക എന്നും ആരോപണമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് പറഞ്ഞ് തുടങ്ങിയ സമരത്തെ ഡല്‍ഹി അതിര്‍ത്തികളില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡല്‍ഹി പൊലീസും ബിഎസ്എഫ്, സിആര്‍പിഎഫ് തുടങ്ങിയ അര്‍ദ്ധ സൈനിക വിഭാഗങ്ങളും കൂടി തടഞ്ഞു. തുടര്‍ന്ന് ഡല്‍ഹിക്ക് കടക്കാതെ സിംഘു, തിക്രി,
ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ തമ്പടിച്ച സമരക്കാര്‍ സമരം ഒരു മാസം നീണ്ടുപോയാലും പിന്‍മാറ്റമില്ലെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ സമരത്തെ കൂടുതല്‍ കാലം നീട്ടിക്കൊണ്ട് പോവുകയെന്ന തന്ത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. പതിനൊന്ന് തവണ നടന്ന ചര്‍ച്ചകളിലും 'ഭേദഗതി മാത്രം' എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. തുടര്‍ന്ന് എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ടു. ഒടുവില്‍ സമവായത്തിന് തയ്യാറല്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കേന്ദ്രം കര്‍ഷകരോട് ആവശ്യപ്പെട്ടത്. ഇതും കര്‍ഷകര്‍ക്ക് വിനയായി.
നിയമ ഭേദഗതിക്ക് തയ്യാറാണെന്ന് സര്‍ക്കാരും നിയമഭേദഗതി പിന്‍വലിക്കണമെന്ന നിലപാടില്‍ കര്‍ഷകരും ഉറച്ച് നിന്നാല്‍ എങ്ങനെ പരിഹാരം ഉണ്ടാകും എന്നാണ് കോടതി ഹര്‍ജി പരിഗണിച്ചുകൊണ്ട് ചോദിച്ചത്. സമരം പിന്‍വലിക്കണമെന്ന് കര്‍ഷകരോട് ആവശ്യപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.