അടുത്തകാലത്തായി കേരളത്തിലെ ലഹരിമരുന്നിന്റെ ഉപയോഗം വര്‍ദ്ധിക്കുകയാണ്. വന്‍ തോതില്‍ ലഹരി വസ്തുകള്‍ പിടിക്കപ്പെടുന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ടെങ്കിലും ഇതിനും എത്രയോ വലുതാണ് പിടിക്കപ്പെടാത്ത ലഹരി മരുന്ന് ശേഷം. കേരളമുള്‍പ്പെടെ ദക്ഷിണ സംസ്ഥാനങ്ങളിലേക്കുള്ള ലഹരിമരുന്നുകളുടെ കടത്തും കച്ചവടവും പ്രധാനമായി നിയന്ത്രിക്കുന്നത് ശ്രീലങ്കയിലെ ഒരു ജയില്‍ കേന്ദ്രീകരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഇവിടെ തടവുകാരനായ തമിഴ്‌നാട്ടുകാരനാണ് കടത്ത് നിയന്ത്രിക്കുന്നതെന്നാണ് വിവരം.
കാക്കനാട് ലഹരിക്കടത്തുകേസുമായി ബന്ധപ്പെട്ട് എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിനിടയിലാണ് ലഹരി മാഫിയയുടെ ഈ 'ജയില്‍ രാജാവി'നെക്കുറിച്ചുളള വിവരം ലഭിച്ചത്. ഇയാളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രധാന ഏജന്റ് മുഖേനയാണ് കാക്കനാട് കേസിലെ പ്രതികള്‍ എംഡിഎംഎ, ഹഷീഷ്, എല്‍എസ്ഡി സ്റ്റാംപ് എന്നിവ വലിയതോതില്‍ മുടക്കമില്ലാതെ എത്തിച്ചു വിറ്റിരുന്നതും ഉപയോഗിച്ചിരുന്നതെന്നും വ്യക്തമായി.
ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന മാഫിയ തലവന്റെ പ്രധാന ഏജന്റുമാരില്‍ തമിഴ്നാടിന്റെ ചുമതലയുള്ള വ്യക്തിയാണ് ചെൈന്നയിലുളളത്. ഇയാള്‍ക്ക് ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ സര്‍വീസ് സെന്ററുകള്‍ എന്നപേരില്‍ ലഹരിമരുന്ന് ഇടപാടു കേന്ദ്രങ്ങളുണ്ടെന്നും വിവരം ലഭിച്ചു. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ലങ്കന്‍ ജയിലിലുള്ള തലവന് ഇത്തരത്തില്‍ പ്രധാന ഓപ്പറേറ്റിംഗ് ഏജന്റുമാരുണ്ട്. ഇടപാടുകള്‍ സംബന്ധിച്ച് ഇവര്‍ക്കു ലങ്കന്‍ ജയിലില്‍ നിന്നു നേരിട്ടു നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതായാണ് തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ച റിപ്പോര്‍ട്ടുകള്‍.
ലഹരിമരുന്നുകടത്തിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇയാള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി ലഹരി കച്ചവടം നടത്തുന്നതിന്റെ വ്യക്തമായ സൂചന നല്‍കുന്ന വാട്‌സാപ് സന്ദേശങ്ങളും ശബ്ദസന്ദേശങ്ങളും ലഭിച്ചതായും വിവരമുണ്ട്. എന്‍സിബിയുടെ (നാഷനല്‍ നാര്‍കോട്ടിക്സ് ബ്യൂറോ) കൈവശമുള്ള വിവരങ്ങളുമായി ഇവ ഒത്തുനോക്കി അടുത്ത ദിവസം കൂടുതല്‍ സ്ഥിരീകരണം നടത്തും. വിവിധ ഏജന്‍സികള്‍ സംയുക്തമായി ഒരു സുപ്രധാന ഓപ്പറേഷന്‍ നടത്തിയാല്‍ മാത്രമേ 'ചെന്നൈ ലോബി'യുടെ കേരളശ്യംഖല തകര്‍ക്കാനോ നിയന്ത്രിക്കാനോ കഴിയൂവെന്നാണ് നിരീക്ഷണം. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെയും ധരിപ്പിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ ജയിലില്‍ നിന്നുളള നിര്‍ദ്ദേശപ്രകാരം കപ്പല്‍ വഴിയാണ് പ്രധാനമായും കടത്ത്. ആഴ്ചയില്‍ രണ്ടുതവണ എതാണ് രീതി.
ദക്ഷിണേന്ത്യയിലേക്ക് എത്തിക്കുന്ന ലഹരിമരുന്നുകളുടെ കണക്ക്, അവയുടെ അവിടത്തെ വില, ഇവിടെ വില്‍ക്കേണ്ട വില, പ്രധാന റൂട്ടുകള്‍, സഹായം നല്‍കുന്നവര്‍ക്കു നല്‍കേണ്ട പാരിതോഷികം തുടങ്ങിയവയെല്ലാം സമൂഹമാദ്ധ്യമങ്ങള്‍ വഴിയാണ് ചെന്നൈ ഏജന്റിനു ലഭിക്കുന്നതെന്നും അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളത്തിലെ പ്രധാന ഏജന്റുമാരില്‍ ഒരാള്‍ ചെൈന്നയില്‍ നിന്ന് ലഹരിവസ്തുക്കള്‍ കോഴിക്കോട് എത്തിച്ചായിരുന്നു ആദ്യഘട്ടത്തില്‍ ഇടപാടെങ്കിലും കൊച്ചിയിലെ വലിയ സാധ്യതകള്‍ അറിഞ്ഞതോടെ കച്ചവടം അങ്ങോട്ടു മാറ്റുകയാണ് ചെയ്തത്. സംഘത്തിലെ ഒരംഗം കോഴിക്കോട് അറസ്റ്റിലായതും കൊച്ചിയിലേക്ക് ഇടപാടുകള്‍ മാറ്റാന്‍ കാരണമായി. രണ്ടാമത്തെ പ്രധാനി കൊച്ചി കേന്ദ്രീകരിച്ചു തെന്നയാണ് ആദ്യം മുതല്‍ പ്രവര്‍ത്തനം.
കാക്കനാട് ഫ്‌ലാറ്റിലെ ലഹരിക്കേസില്‍ ആദ്യം അഞ്ചു പേരായിരുന്നു പ്രതികളെങ്കിലും കഴിഞ്ഞ ദിവസം കുറ്റപത്രം നല്‍കുമ്പോള്‍ അത് 25 പേരായി. അതില്‍ 19 പേര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. സംഘത്തില്‍ മൂന്നു വനിതകളുമുണ്ട്. 1.80 കിലോ എംഡിഎംഎ യാണ് പിടികൂടിയത്. ശ്രീലങ്കയില്‍ ഒരു കിലോ എംഡിഎംഎയ്ക്ക് 5 ലക്ഷം രൂപയാണ് വിലയെങ്കില്‍ അത് കേരളത്തിലെത്തിച്ച് ഒരു ഗ്രാമിന് 4,000 രൂപയ്ക്കാണ് വില്‍ക്കുന്നതെന്നാണ് അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്.
മൂന്നിരട്ടിയിലധികം ലാഭമാണ് ലഹരികടത്തിലൂടെ സംഘത്തിനു ലഭിക്കുന്നത്. അടുത്തറിയുന്ന ഏജന്റുമാര്‍ക്കും കാരിയര്‍മാര്‍ക്കും ഗ്രാമിന് 3,000 രൂപ നല്‍കിയാല്‍ മതി. പണമിടപാട് മുഴുവന്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പുകള്‍ വഴിയാണ്. കാക്കനാട് കേസിലെ പ്രതികളില്‍ പലരും സൗഹൃദം നടിച്ച് മറ്റുള്ളവരുമായി അടുപ്പത്തിലായി അവരുടെ മൊബൈല്‍ വഴി ലഹരി ഇടപാടുകാര്‍ക്ക് പണം അയച്ച സംഭവങ്ങളും ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഇതോടെ അവരില്‍ ചിലരും കേസില്‍ പ്രതികളായി മാറി.
ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള മാഫിയയുടെ കേരളത്തിലെ ഇടപാടുകള്‍ക്കുളള 'സുവര്‍ണ ഇടനാഴി' (ഗോള്‍ഡന്‍ കോറിഡോര്‍) എന്നാണ് വാളയാര്‍ കടത്തുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ലഹരിമരുന്ന് ഉള്‍പ്പെടുന്ന ചരക്കുകള്‍ വാളയാറിലെത്തിച്ചാല്‍, അവിടെ നിന്ന് ആറുമണിക്കൂര്‍ കൊണ്ട് കേരളത്തില്‍ എവിടെയും എത്തിക്കാനാകുമെന്നാണ് കടത്തുകാരുടെ കണക്കുകൂട്ടലെന്നാണ് എന്‍സിബി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
യാത്രാസമയം സംബന്ധിച്ച് അത് ഏറെക്കുറെ ശരിയുമാണ്. വാളയാര്‍ കടന്നുകിട്ടിയാല്‍ കച്ചവടത്തിന് പിന്നെ തടസ്സമില്ലെന്നാണ് ലഹരിക്കടത്തില്‍ അറസ്റ്റിലായവരും ഉദ്യോഗസ്ഥരോട് പറയുന്നത്. കഞ്ചാവ് അടക്കം കേരളത്തിലേയ്‌ക്കെത്തുന്ന ലഹരിമരുന്നുകളുടെ 70 ശതമാനവും വാളയാര്‍ വഴിയാണെന്നാണ് കണക്ക്. വിവിധ ജില്ലകളില്‍ പിടിയിലാകുന്നവരുടെ റൂട്ട് നോക്കിയാലും അവരില്‍ ഭൂരിഭാഗവും കടന്നുപോയത് വാളയാര്‍ വഴിയായിരിക്കുമെന്നാണ് സ്ഥിതി. വാളയാറിലേയ്ക്ക് എത്താനുള്ള തമിഴ്നാട്ടിലെ വഴികളിലും പേരിനു പോലും പലപ്പോഴും പരിശോധനയുണ്ടാകാറില്ലെന്നതും ഇടപാടുകാരുടെ നടപടികള്‍ ഏളുപ്പമാക്കുന്നു.