തിരുവനന്തപുരം: ബാലരാമപുരത്ത് മുഖംമൂടി ധരിച്ച് ആണ്‍വേഷത്തിലെത്തി വയോധികയുടെ കാല്‍ തല്ലിയൊടിച്ച സംഭവത്തില്‍ മരുമകള്‍ പിടിയില്‍. ബാലരാമപുരം ആറാലുംമൂട് തലയല്‍ പുന്നക്കണ്ടത്തില്‍ വാസന്തി(63)യെ ആണ് മരുമകള്‍ ആറാലുംമൂട് പുന്നക്കണ്ടത്തില്‍ സുകന്യ (27) ആക്രമിച്ചത്.കഴിഞ്ഞ ചെവ്വാഴ്ച വീട്ടില്‍ നിന്നും സമീപത്തെ സെസൈറ്റിയിലേക്ക് പാല്‍ നല്‍കുന്നതിനായി പോകുമ്പോള്‍ റോഡരികില്‍ വച്ച് മുഖംമറച്ചെത്തിയ ആള്‍ വാസന്തിയുടെ കാല്‍ കമ്പിപ്പാര ഉപയോഗിച്ച് അടിച്ചൊടിക്കുകയായിരുന്നു.
ഒരുപാട് തവണ കാലില്‍ കമ്പിപ്പാര ഉപയോഗിച്ച് അടിച്ചതോടെ കാല് ഒടിഞ്ഞ് തൂങ്ങി. വാസന്തിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തിയപ്പോഴേക്കും 'അജ്ഞാതന്‍' രക്ഷപ്പെടുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ വാസന്തിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി.
സംഭവത്തില്‍ ബാലരാമപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.വിജയകുമാര്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. വനിതയായതുകൊണ്ടുതന്നെ പൊലീസ് ഏറെ പ്രയാസപ്പെട്ടാണ് പ്രതിയിലേക്ക് എത്തിപ്പെട്ടത്. സംഭവ സ്ഥലത്ത് സി.സി.ടി.വി ദൃശ്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പൊലീസിനെ കുഴപ്പത്തിലാക്കി. പ്രദേശത്തെ നാല്‍പ്പതിലേറെ സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല.
തുടര്‍ന്ന് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് നൂറിലെറെ പേരെ ചോദ്യം ചെയ്തു. നൂറിലെറെ മൊബൈല്‍ നമ്പരുകളും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയെങ്കിലും പ്രതിയിലേക്കെത്തിപ്പെടാന്‍ പൊലീസിന് കഴിഞ്ഞില്ല. ആണ്‍ വേഷത്തിലെത്തിയ പ്രതിക്കായി പൊലീസ് നടത്തിയ തിരച്ചിലില്‍ പിന്നീട് മരുമകളിലേക്ക് തിരിഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സുകന്യയെ നിരന്തം ഭര്‍ത്താവ് ഉപദ്രവിക്കുന്നതിന് കാരണം അമ്മായിമ്മ വാസന്തിയാണെന്ന വിരോധമാണ് ആക്രമണത്തിനുള്ള കാരണം. വാസന്തിയെ പരിക്കേല്‍പ്പിച്ച് കിടത്തണമെന്ന ലക്ഷ്യത്തോടെ, ചെവ്വാഴ്ച രാവിലെ ഭര്‍ത്താവ് രതീഷിന്റെ ഷര്‍ട്ട്, ജീന്‍സ് പാന്റ് മുഖം ഷാള്‍ ഉപയോഗിച്ച് മറച്ച് ആണ്‍വേഷത്തില്‍ വീട്ടില്‍ നിന്നും കമ്പിവടിയുമായി ഇറങ്ങി. വാസന്തി സൊസൈറ്റിയില്‍ പാല്‍ നല്‍കുവാന്‍ വരുന്ന വഴിയില്‍ കാത്തു നിന്നാണ് ആക്രമണം നടത്തിയത്.
പ്രതികള്‍ പുറത്തുള്ളയാളല്ലെന്ന സംശയം പൊലീസിന് ബലപ്പെട്ടതോടെ പൊലീസ് പ്രദേശത്ത് കൂടുതല്‍ അന്വേഷണം ശക്തമാക്കി. അന്വേഷണത്തിനിടെ, ആക്രമണം നടന്ന സ്ഥലത്തിനടുത്തുള്ള പൊട്ടക്കിണറ്റില്‍ ആക്രമി ഉപയോഗിച്ച ആയുധമുണ്ടോയെന്ന് പരിശോധിച്ചതോടെ കമ്പി വടി ലഭിച്ചത്.
വടിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം സുകന്യയിലേക്കെത്തി. ആക്രമണത്തിനിടെ വാസന്തി നിലവിളിക്കുമ്പോള്‍ പ്രദേശത്തെ അയല്‍വാസികളും മറ്റും ഓടിയെത്തിയപ്പോഴും സുകന്യ വൈകിയെത്തിയത് പൊലീസിനെ സംശത്തിലാക്കി.
തുടര്‍ന്ന് മൂന്നിലെറെ തവണ സുകന്യയെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. സുകന്യയുടെ വീട്ടില്‍ നിന്നും ആക്രമണ സമയത്ത് ഉപയോഗിച്ചിരുന്ന ഷോളും മറ്റ് വസ്ത്രങ്ങളും കണ്ടെടുത്തു.
നെയ്യാറ്റിന്‍കര എ.എസ്.പി. ഫറാഷിന്റെ നിര്‍ദേശപ്രകാരം ബാലരാമപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.വിജയകുമാര്‍, എസ്.ഐ. അജിത്കുമാര്‍,ഗ്രേഡ് എസ്.ഐ.രാധാകൃഷ്ണന്‍ സിവില്‍ പൊലീസ് ഓഫീസര്‍മരായ വിനീഷ്, പത്മകുമാര്‍, ശ്രീകാന്ത്, സുമിത എന്നിവരുടെ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.