വെമ്പായം: എസ്.എന്‍.ഡി.പി. യോഗം പ്ലാത്തറ ശാഖാ പ്രസിഡന്റ് വേങ്കോട് ഗോകുലം വീട്ടില്‍ രതീഷ് കുമാറി(45)നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. വേങ്കോട് പ്ലാത്തറ വിഷ്ണു ഭവനില്‍ അനില്‍കുമാര്‍(49), കൊടൂര്‍ സന്ധ്യാവിലാസത്തില്‍ സന്തോഷ് കുമാര്‍(37), വേറ്റിനാട് കാരുണ്യയില്‍ വാടകയ്ക്കു താമസിക്കുന്ന മോഹനന്‍ നായര്‍(60) എന്നിവരെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.
രതീഷും അനില്‍കുമാറും സന്തോഷ് കുമാറും സുഹൃത്തുക്കളായിരുന്നു. ചില കാര്യങ്ങളിലെ തര്‍ക്കത്തെ തുടര്‍ന്ന് രതീഷ് വേങ്കോട് ജങ്ഷനില്‍ വച്ച് അനില്‍കുമാറിനെ മര്‍ദിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു.
അനില്‍കുമാര്‍ സന്തോഷിനൊപ്പം രതീഷിനെ വേങ്കോട് വിളിച്ചുവരുത്തി ഓട്ടോറിക്ഷയില്‍ കയറ്റി വേറ്റിനാടുള്ള മോഹനന്‍ നായരുടെ താമസസ്ഥലത്തെത്തിച്ച് കമ്പിവടികൊണ്ട് അടിക്കുകയും വെട്ടുകത്തികൊണ്ട് പലതവണ തലയ്ക്കു വെട്ടിയെന്നുമാണ് കേസ്.
രതീഷ് മരിച്ചെന്നു കരുതി സംഘം ഇവിടെനിന്നു രക്ഷപ്പെടുകയും മോഹനന്‍ നായര്‍ പഞ്ചായത്തംഗത്തെ വിളിച്ചുപറയുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ വട്ടപ്പാറ പോലീസാണ് രതീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.സ്ഥലത്തെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് പോലീസിനു പ്രതികളെപ്പറ്റിയുള്ള സൂചന ലഭിച്ചത്. വട്ടപ്പാറ എസ്.എച്ച്.ഒ. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.