മലപ്പുറം: കരുളായിയില്‍ സ്‌കൂള്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥികളുടെ നിരവധിപരാതികള്‍. വല്ലപ്പുഴ സ്വദേശിയായ അധ്യാപകന്‍ നൗഷാര്‍ ഖാനെതിരേയാണ് വിദ്യാര്‍ഥികളുടെ കൂട്ടപരാതി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചതോടെ പൂക്കോട്ടുംപാടം പോലീസ് അധ്യാപകനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു.
വിദ്യര്‍ത്ഥികളുടെ പ്രശ്‌നങ്ങളും പരാതികളും അറിയുന്നതിനും പരിഹരിക്കുന്നതിനുമായി സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചതോടെയാണ് 16 പീഡനപരാതികള്‍ ലഭിച്ചത്. ഇതെല്ലാം അധ്യാപകനായ നൗഷാര്‍ ഖാന് എതിരേയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു.നിലവില്‍ ഒരുവിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജൂലായ് 20-ാം തീയതി അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഈ വിദ്യാര്‍ഥി നല്‍കിയ മൊഴി.പോലീസ് കേസെടുത്തതോടെ അധ്യാപകനായ നൗഷാര്‍ ഖാന്‍ ഒളിവില്‍പോയിരിക്കുകയാണ്.ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.