ചെന്നൈ: പ്രണയവിവാഹിതരായ നവദമ്പതിമാരെ വെട്ടിക്കൊന്ന സംഭവത്തിൽ വധുവിന്റെ അച്ഛനുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.യുവതിയുടെ അച്ഛൻ മുത്തുരാമലിംഗം ഉൾപ്പെടെ മൂന്നുപേരെയാണ് അറസ്റ്റിലായത്.കൊലപാതക സംഘത്തിലെ മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.
വ്യാഴാഴ്ച വൈകീട്ടാണ് തൂത്തുക്കുടി മുരുകേശൻ കോവിലിൽ താമസിച്ചിരുന്ന മാരിശെൽവം (24), കാർത്തിക (20) എന്നിവരെ മൂന്ന് ബൈക്കിലെത്തിയ ആറംഗ സംഘം വെട്ടിക്കൊന്നത്. ബന്ധുക്കളായ ഇരുവരും രണ്ടുവർഷമായി അടുപ്പത്തിലായിരുന്നു.വിവാഹത്തിന് മാരിശെൽവത്തിന്റെ കുടുംബം അനുകൂലമായിരുന്നു.
എന്നാൽ കാർത്തികയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. ഇതോടെ രണ്ടുപേരും കോവിൽപ്പെട്ടി ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി. ഒക്ടോബർ 30-ന് രണ്ടുപേരും രജിസ്റ്റർവിവാഹം ചെയ്തു. എതിർപ്പ് വകവെക്കാതെയാണ് ഇരുവരും വിവാഹിതരായത്.മാരിശെൽവത്തിന്റെ കുടുംബത്തെ അപേക്ഷിച്ച് കാർത്തികയുടെ കുടുംബം സാമ്പത്തികമായി മുന്നിലാണ്.
ഇതാണ് എതിർപ്പിനും തുടർന്ന് കൊലപാതകത്തിലേക്കും നയിച്ചതെന്ന് പൊലീസ് പറയുന്നു. വിവാഹലോചന നടക്കുമ്പോൾ കാർത്തികയുടെ കുടുംബം മാരിശെൽവത്തിന്റെ കുടുംബവുമായി തർക്കിച്ചിരുന്നു. മാരിശെൽവം തുത്തുക്കുടിയിൽ സ്വകാര്യ കയറ്റുമതി സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.
തേവർ ജാതിയിൽപ്പെട്ടവരാണ് മാരിശെൽവവും കാർത്തികയും. മാരിശെൽവം അച്ഛനമ്മമാരോടൊപ്പമാണ് താമസിച്ചിരുന്നത്. കൊല നടക്കുമ്പോൾ മാരിശെൽവവും കാർത്തികയുമല്ലാതെ വീട്ടിൽ മാറ്റാരുമുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.