വാഷിങ്ടന്‍: ടെക്‌സസിലെ ഒരു വീട്ടില്‍ എട്ട് വയസ്സുള്ള കുട്ടിയെ ഉള്‍പ്പെടെ 5 പേരെ അയല്‍വാസി വെടിവച്ചു കൊലപ്പെടുത്തി. തങ്ങള്‍ക്ക് ഉറങ്ങണം അതിനാല്‍ ബഹളം വയ്ക്കുന്നത് നിര്‍ത്തണമെന്ന് പറഞ്ഞതില്‍ പ്രകോപിതനായ അക്രമി, തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അന്വേഷണസംഘം അറിയിച്ചു. ഹോണ്ടുറാസ് സ്വദേശികളാണു കൊല്ലപ്പെട്ടവര്‍.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ബഹളംവച്ച അക്രമിയോട്, കുട്ടികള്‍ക്ക് ഉറങ്ങണം ശല്യം ചെയ്യരുതെന്ന് കുടുംബം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സ്വന്തം സ്ഥലത്ത് എന്തുംചെയ്യുമെന്ന് വെല്ലുവിളിച്ച് ഇയാള്‍ വെടിയുതിര്‍ത്തെന്നു പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ ചിതറിക്കിടക്കുകയായിരുന്നു.
രണ്ട് സ്ത്രീകളുടെ മൃതദേഹം കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെട്ട രണ്ട് കുട്ടികളുടെ മുകളിലായാണ് കണ്ടെത്തിയത്. കുട്ടികളെ സംരക്ഷിക്കാന്‍ സ്ത്രീകള്‍ ശ്രമിച്ചതാകാമെന്ന് പൊലീസ് കരുതുന്നു. എല്ലാവരുടെയും തലയ്ക്കാണ് വെടിയേറ്റത്. അക്രമിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.