ഇന്‍സ്റ്റയില്‍ ഫോളോവേഴ്സ് കൂടിയതില്‍ അസൂയ;ഭാര്യയെ മക്കളുടെ കണ്മുന്നിലിട്ട് കൊന്ന് ഭര്‍ത്താവ്

ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ഗണ്യമായി വര്‍ധിച്ചതില്‍ ഭര്‍ത്താവിനുണ്ടായ അപകര്‍ഷബോധവും ഭാര്യയിലുള്ള സംശയവുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രതികരണം.

author-image
Greeshma Rakesh
New Update
ഇന്‍സ്റ്റയില്‍ ഫോളോവേഴ്സ് കൂടിയതില്‍ അസൂയ;ഭാര്യയെ മക്കളുടെ കണ്മുന്നിലിട്ട് കൊന്ന് ഭര്‍ത്താവ്

 

 

ലഖ്നൗ: മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. കേസില്‍ പ്രതിയായ 37-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേയില്‍ സുല്‍ത്താന്‍പുരില്‍ കാറില്‍ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

 

ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ഗണ്യമായി വര്‍ധിച്ചതില്‍ ഭര്‍ത്താവിനുണ്ടായ അപകര്‍ഷബോധവും ഭാര്യയിലുള്ള സംശയവുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രതികരണം. ബിസിനസുകാരനായ പ്രതി ഭാര്യയെയും രണ്ട് കുട്ടികളെയും കൂട്ടി ഞായറാഴ്ച രാവിലെയാണ് വീട്ടില്‍നിന്നിറങ്ങിയത്. റായ് ബറേലിയില്‍ പോകാമെന്ന് പറഞ്ഞാണ് ഇയാള്‍ കുടുംബത്തെ കൂടി യാത്ര ആരംഭിച്ചത്.

 

യാത്രയ്ക്കിടെ വാഹനം പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേയിലേക്ക് തിരിച്ചു. അഞ്ചുമണിയോടെ സുല്‍ത്താന്‍പുരില്‍ എത്തിയപ്പോള്‍ വാഹനം നിര്‍ത്തി. തുടര്‍ന്ന് ദമ്പതിമാര്‍ തമ്മില്‍ കാറില്‍വെച്ച് വഴക്കുണ്ടായെന്നും തുടര്‍ന്ന് പ്രതി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.

 

 

പന്ത്രണ്ട് വയസ്സുള്ള മകളുടെയും അഞ്ചുവയസ്സുള്ള മകന്റെയും കണ്‍മുന്നില്‍വെച്ചായിരുന്നു കൊലപാതകം. അച്ഛന്‍ അമ്മയെ കൊല്ലുന്നരംഗങ്ങള്‍ കണ്ട കുട്ടികള്‍ അതിഭീകരമായ മാനസികാവസ്ഥയിലൂടെയാണ് കടന്നുപോയതെന്നാണ് പോലീസ് പറയുന്നത്. കാറില്‍വെച്ച് കുട്ടികള്‍ പൊട്ടിക്കരയുകയായിരുന്നു.

ഭാര്യ മരിച്ചെന്ന് ഉറപ്പിച്ചതോടെ പ്രതി ഡോറുകളെല്ലാം ലോക്ക് ചെയ്ത് വാഹനത്തില്‍ തന്നെ ഇരിക്കുകയായിരുന്നു. ഇതുവഴി എത്തിയ എക്സ്പ്രസ് വേ ഡെവലപ്മെന്റ് അതോറിറ്റിയുടെ പട്രോളിങ് വാഹനമാണ് സംശയാസ്പദമായരീതിയില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിവരം പോലീസിനെ അറിയിച്ചത്.

പിന്നീട് പൊലീസെത്തി കാറില്‍ പരിശോധന നടത്തിയതോടെ പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ വിവരിക്കുകയും പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ സജീവമായതും ഇവരുടെ ഫോളോവേഴ്സിന്റെ എണ്ണം ഗണ്യമായി വര്‍ധിച്ചതുമെല്ലാമാണ് കൊലപാതകത്തിനുള്ള കാരണമായി പ്രതി നല്‍കിയ മൊഴി.

ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സ് കൂടിയതിനിടെ ഭര്‍ത്താവിനെ യുവതി ബ്ലോക്ക് ചെയ്തിരുന്നു. ഇതും പകയ്ക്ക് കാരണമായി. മാത്രമല്ല, ഇന്‍സ്റ്റഗ്രാമിലെ സുഹൃത്തുക്കള്‍ താന്‍ ഇല്ലാത്ത സമയം ഭാര്യയെ കാണാന്‍ വീട്ടിലെത്തുന്നതായി പ്രതി സംശയിച്ചിരുന്നതായും പോലീസ് പറഞ്ഞു.

Crime India murder Uttar pradesh Insragram Husband And Wife