വിവാഹത്തിന് വിസ്സമ്മതിച്ചു; കാമുകിയുടെ കുഞ്ഞിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു

കാമുകി വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. കാമുകി വിവാഹത്തിന് തയാറാവാതിരുന്നതാണ് പ്രകോപനത്തിന് കാരണം.-പൊലീസ് പറഞ്ഞു.

author-image
Greeshma Rakesh
New Update
വിവാഹത്തിന് വിസ്സമ്മതിച്ചു; കാമുകിയുടെ കുഞ്ഞിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കാമുകിയുടെ പിഞ്ചുകുഞ്ഞിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഗുരുതരമായി പൊള്ളലേറ്റ 15 മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

പുണെ ജില്ലയില്‍ ഏപ്രില്‍ ആറിനായിരുന്നു സംഭവം. യുവതിയുമായി അടുപ്പമുള്ള യുവാവാണ് കുഞ്ഞിനെ ബക്കറ്റിലെ തിളച്ച വെള്ളത്തില്‍ മുക്കിയത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെ, 12-ാമത്തെ ദിവസമാണ് ആരോഗ്യസ്ഥിതി മോശമായതോടെ കുട്ടി മരിച്ചത്. രണ്ടുദിവസത്തിന് ശേഷം യുവാവിനെ അറസ്റ്റ് ചെയ്തു. കാമുകി വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. കാമുകി വിവാഹത്തിന് തയാറാവാതിരുന്നതാണ് പ്രകോപനത്തിന് കാരണം.-പൊലീസ് പറഞ്ഞു.

കുട്ടി അബദ്ധത്തില്‍ തിളച്ച വെള്ളത്തില്‍ വീണതാണെന്നാണ് യുവാവ് ആദ്യം നല്‍കിയ മൊഴി. ദൃക്സാക്ഷിയായിരുന്ന കാമുകിയുടെ സഹോദരി നടന്ന സംഭവം പൊലീസിനെ അറിയിച്ചു. കാമുകിയുടെ സഹോദരിയെ യുവാവ് ഭീഷണിപ്പെടുത്തിയതു കാരണമാണ് തുടക്കത്തില്‍ ഇക്കാര്യം പറയാതിരുന്നത്.

കുട്ടി മരിച്ചതിനെ തുടര്‍ന്നാണ് യഥാര്‍ഥ സംഭവം പുറത്തുപറയാന്‍ കാമുകിയുടെ സഹോദരി തയാറായത്. പിന്നാലെ കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. യുവാവിനെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

mumbai murder Crime News Malayalam News