വയോധിക ദമ്പതികളുടെ കൊലപാതകം; കാമുകനുമൊത്ത് ജീവിക്കാമെന്ന് മരുമകളുടെ മൊഴി

ഒരു കോടിയോളം രൂപ വില വരുന്ന വസ്തു വില്‍ക്കാന്‍ തീരുമാനിച്ചതാണ് കൃത്യം വേഗത്തിലാക്കാന്‍ പ്രകോപിപ്പിച്ചതെന്നും മോണിക്ക നല്‍കിയ മൊഴിയില്‍ പറയുന്നു.

author-image
Greeshma Rakesh
New Update
വയോധിക ദമ്പതികളുടെ കൊലപാതകം; കാമുകനുമൊത്ത് ജീവിക്കാമെന്ന് മരുമകളുടെ മൊഴി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കുന്നതിനെന്ന് മൊഴി നല്‍കി മരുമകള്‍ മോണിക്ക. തിങ്കളാഴ്ച രാവിലെയാണ് രാധേ ശ്യാം വര്‍മ, ഭാര്യ വീണ എന്നിവരെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത് വേണ്ട സഹായങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് മരുമകള്‍ മോണിക്കയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മോണിക്കയുടെ കാമുകന്‍ ആശിഷും കൂട്ടാളിയും ചേര്‍ന്നാണു കൊലപാതകം നടത്തിയതെന്നു പൊലീസ് പറഞ്ഞു.മോണിക്ക വര്‍മയും ഗാസിയാബാദ് സ്വദേശി ആശിഷും തമ്മിലുള്ള ബന്ധം ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും അറിയാമായിരുന്നു. അതോടെ മോണിക്കയ്ക്ക് രാധേ ശ്യാം വര്‍മയും ഭാര്യ വീണയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതില്‍ പ്രകോപിതയായാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

എന്നാല്‍ ഒരു കോടിയോളം രൂപ വില വരുന്ന വസ്തു വില്‍ക്കാന്‍ തീരുമാനിച്ചതാണ് കൃത്യം വേഗത്തിലാക്കാന്‍ പ്രകോപിപ്പിച്ചതെന്നും മോണിക്ക നല്‍കിയ മൊഴിയില്‍ പറയുന്നു.വീട് വിറ്റ് പണം ഒറ്റയ്ക്ക് കൈപ്പറ്റി ആശിഷുമൊത്ത് ജീവിക്കാനാണ് മോണിക്ക പദ്ധതിയിട്ടത്. എന്നാല്‍ ഫെബ്രുവരി 12ന് മോണിക്കയുടെ ഭര്‍തൃ മാതാപിതാക്കള്‍ ഗോകല്‍പുരിയിലെ സ്വത്തുക്കള്‍ വിറ്റ് ദ്വാരകയില്‍ ഒരു വീടു വാങ്ങാന്‍ തീരുമാനിച്ചു.

ഇതാണ് ആശിഷിനെ ഉപയോഗിച്ച് ഇവരെ വേഗം കൊലപ്പെടുത്താന്‍ കാരണമായതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.ഭര്‍തൃപിതാവ് കടയിലേക്കു പോയ സമയത്ത് ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും തന്ത്രപൂര്‍വം മാര്‍ക്കറ്റിലേക്കയച്ച ശേഷം ആശിഷിനെയും സുഹൃത്തിനെയും വീടിന്റെ ടെറസില്‍ ഒളിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പുലര്‍ച്ചെയോടെ ആശിഷും സുഹൃത്തും താഴത്തെ നിലയിലുള്ള വയോധിക ദമ്പതികളുടെ വീടിനുള്ളില്‍ കടന്നാണ് ഇരട്ടക്കൊലപാതകം നടത്തിയത്. ആശിഷിനെയും സുഹൃത്തിനെയും കണ്ടെത്താന്‍ അന്വേഷണം വ്യാപകമാക്കിയതായും പൊലീസ് അറിയിച്ചു.കൊലപാതകത്തിനു രണ്ടു ദിവസം മുന്‍പ് ആശിഷും മോണിക്കയും പുതിയ സിം കാര്‍ഡ് ഉപയോഗിച്ച് തുടങ്ങുകയും കൊലപാതകം അതുവഴി ആസൂത്രണം ചെയ്യുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

ടെറസില്‍ ഒളിച്ച ഇവര്‍ക്ക് മോണിക്ക ഇടയ്ക്ക് ലഘുഭക്ഷണങ്ങളും വെള്ളവും എത്തിച്ചു നല്‍കിയിരുന്നു. അര്‍ധരാത്രി ഒന്നേകാലോടെ തങ്ങള്‍ താഴത്തെ നിലയിലേക്ക് പോകുകയാണെന്നും മുറിക്ക് പുറത്തിറങ്ങരുതെന്നും ആശിഷ് ഫോണിലൂടെ നിര്‍ദേശം നല്‍കി. രാത്രി രണ്ടേകാലോടെ കൃത്യം നടപ്പാക്കിയെന്നും തിരികെ പോകുകയാണെന്നും അറിയിച്ച് വീണ്ടും വിളിച്ചതായി പൊലീസ് പറഞ്ഞു.

delhi Crime News Malayalam News Couple Murder Case