തിരുവല്ല: വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സി.പി.എം. കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോനെതിരെയാണ് പാർട്ടി നേതൃത്വം നടപടി സ്വീകരിച്ചത്. പീഡനക്കേസിൽ ഡി.എൻ.എ. പരിശോധന അട്ടിമറിക്കാനും ബ്രാഞ്ച് സെക്രട്ടറി ശ്രമിച്ചിരുന്നു.
2017ലാണ് കേസിനാസ്പദമായ സംഭവം. പാർട്ടിയിലെ വിഭാഗീയതയെ തുടർന്നാണ് പീഡനം പുറത്തറിഞ്ഞത്. പാർട്ടി അനുഭാവിയായ സ്ത്രീയെ സജിമോൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നായിരുന്നു കേസ്.
ഇതിനിടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്നതിനുള്ള ഡി.എൻ.എ. പരിശോധന അട്ടിമറിക്കാനും സജിമോൻ ശ്രമംനടത്തി. ഡി.എൻ.എ. സാമ്പിൾ മാറ്റി പരിശോധന അട്ടിമറിക്കാനായിരുന്നു നീക്കം. ഈ സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും സസ്പെൻഷനിലായിരുന്നു.
പീഡനപരാതിയെ തുടർന്ന് സജിമോനെ നേരത്തെ പാർട്ടിയിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, ഇയാളെ വീണ്ടും പാർട്ടിയിൽ തിരിച്ചെടുത്തു. തുടർന്ന് ഇയാൾക്കെതിരേ പാർട്ടിനേതൃത്വത്തിന് മുന്നിൽ വീണ്ടും പരാതി എത്തിയതോടെയാണ് പുറത്താക്കാൻ തീരുമാനിച്ചത്.2021-ൽ മുൻ വനിതാ നേതാവിന്റെ പീഡനദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിലും സജിമോൻ പ്രതിയായിരുന്നു.