മുംബൈ: മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരനെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.യാത്രക്കൂലി നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യാത്രക്കാരനെ ഓട്ടോഡ്രൈവര്‍ ബലാത്സംഗം ചെയ്തത്. യാത്രക്കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിനാണ് 25 കാരനായ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇരയുടെ മൊബൈല്‍ ഫോണും എടിഎം കാര്‍ഡും ഡ്രൈവര്‍ കൈയ്ക്കലാക്കിയിരുന്നു.
ശനിയാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ ഘാട്കോപ്പറില്‍നിന്ന് ഓട്ടോ വിളിച്ചു. ഇറങ്ങേണ്ട സ്ഥലം കൃത്യമായി പറഞ്ഞുകൊടുക്കാന്‍ കഴിയാത്തത് ഡ്രൈവറെ വലച്ചു. ഒടുവില്‍ ഒരു മണിക്കൂറിന് ശേഷം 250 രൂപ യാത്രാക്കൂലിയായി ഡ്രൈവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, 100 രൂപയാണ് യാത്രക്കാരന്‍ നല്‍കിയത്.തുടര്‍ന്ന് ബാക്കി തുക നല്‍കാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടതോടെ തര്‍ക്കമുണ്ടായി.
ഇതില്‍ പ്രകോപിതനായ ഡ്രൈവര്‍ യാത്രക്കാരനെ പ്രദേശത്തെ പാര്‍ക്കിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് എടിഎമ്മില്‍ നിന്ന് 200 രൂപ പിന്‍വലിപ്പിച്ചു. പിന്നീട് മൊബൈല്‍ ഫോണും എടിഎം കാര്‍ഡും എടുത്തുകൊണ്ടുപോയതായും പൊലീസ് പറയുന്നു.
ചൊവ്വാഴ്ചയാണ് പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത്. നാണക്കേട് തോന്നിയതിനാല്‍ പുറത്തുപറയാന്‍ വൈകിയെന്നും മൊബൈല്‍ ഫോണ്‍ തിരികെ വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഐപിസി 377, 394 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.